2014, ജൂൺ 22, ഞായറാഴ്‌ച

മൂടുപടം



മതം തീർത്ത കടുത്ത ശാസനകളിൽ
പൗരോഹിത്യ മേൽക്കോയ്മയുടെ ദുർവാശികളിൽ
ഒരു മൂടുപടത്തിലൊതുങ്ങേണ്ട വേളയിൽ
കവിത കിനാകണ്ടതേ പൊറുക്കാനാവാത്ത അപരാധം


വിപണി തേടുന്ന കുമ്പസാര രഹസ്യങ്ങളിൽ
മൂർച്ചയേറുന്ന പള്ളിമേട വചനങ്ങളിൽ
സദാചാരം പൂക്കുന്ന വാണിഭ ശാലകളിൽ
നൂറ്റൊന്നാവർത്തി നീ ഭോഗിക്കപ്പെടുന്നുണ്ട്


ഭരിക്കപ്പെടേണ്ടവളെന്ന വ്യാകരണത്തെറ്റുകളിൽ
വളഞ്ഞ വാരിയെല്ലിന്റെ വേദാന്ത ശകലങ്ങളിൽ
ഗർഭപാത്രവും മുലക്കണ്ണും തീർത്ത ശരീരശാസ്ത്രങ്ങളിൽ
നീ തെറ്റുകാരിയും അവൻ ന്യായാധിപനുമെന്ന് വായിക്കുന്നു


പിഴച്ചവളെന്നു പുലയാട്ടു പാടി ഭ്രഷ്ട് കൽപിക്കുമ്പോഴും
ദുശ്ശകുനമായ് ഗണിച്ച് ഇരിക്കപ്പിണ്ഡമിടുമ്പോഴും
തിരുനടയും ദേവസ്ഥാനവും നിഷേധിക്കപ്പെടുമ്പോഴും
നീ അബല മാത്രമെന്ന് വീണ്ടും തീർപ്പാക്കപ്പെടുന്നു


ന്യായം രചിക്കുന്ന തീവ്രചിന്താ ധാരകളിൽ നിന്ന്
അറിവ് പകരുന്ന മൂഢാസനങ്ങളിൽ നിന്ന്
രാജ്യമാളുന്ന കെടുകെട്ട വ്യവസ്ഥിതിയിൽ നിന്ന്
വിധി പ്രസ്താവിച്ച്, ക്രൂശിച്ച് നീ ഒടുക്കപ്പെടുന്നു


ഒടുവിൽ,
നിന്റെ പ്രതിഷേധം കിനിഞ്ഞൊഴിയാ ചോരപ്പാടുകൾ
ഒരു ചെമ്പരത്തിയായ് നിൻ കുഴിമാടത്തിനരികിൽ പൂത്ത്
അതിൽ നിന്നൂർജ്ജമുൾക്കൊണ്ട്, ഉണർവ്വ് കൊണ്ട്
ഉയർന്ന്  നിൽക്കും നിന്റെ കാവ്യം കാലമൊക്കെയും


oooooooooooooooooooooooooooooo

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...