2022, ഫെബ്രുവരി 27, ഞായറാഴ്‌ച

നിയമം, പുതിയതും പഴയതും ഞാനാകുന്നു



പ്രണയാർദ്രമായ ആകാശത്തിലേക്ക് പൊടുന്നനെ

വിരണ്ടോടിയ ഒരു പോത്ത് പ്രവേശിക്കുന്നത്

പട്ടാപ്പകൽ, ഇടയ്ക്കിടെ ദുസ്വപ്നം കാണുന്നു, ഞെട്ടുന്നു

കുനിയനുറുമ്പ് വരിയിട്ട് പോവുന്ന ഇടവഴികളിൽ 

ചക്രശ്വാസം വലിച്ചൊരു കിഴട്ടുമുതല കണ്ണീരൊഴുക്കുന്നു

പട്ടാളത്തിലേക്ക് ഉദ്യോഗത്തിനു പോയ തോമയുടെ മകൾ

മൂറിൻതൈലക്കുപ്പിയിൽ രക്തവുമായ് പള്ളിക്കൂടമെത്തുന്നു

കാനാൻ ദേശത്തേക്ക് അപ്പോത്തിക്കിരിയാവാൻ പോയ

മറിയയുടെ പുത്രിയിൽ ഒരുമ്പെട്ട് പോക്കൊരുപാട് കെട്ടി   

കെട്ടിപ്പൊതിഞ്ഞൊരു പെട്ടിയിലെത്തവേ, ഇടവകയാകെ

പ്രാർത്ഥനയും ഉപവാസവുമായവളെ വാഴ്ത്തപ്പെട്ടവളാക്കുന്നു

റാസ കടന്നുപോയ വഴിയിലിന്നലെ രൂപക്കൂട് വച്ചലങ്കരിച്ച്

മെഴുകുതിരി കൊളുത്താത്ത യെശയ്യാവിന്റെ വൈക്കോൽ കുടിൽ

തീയിട്ട്, സഭാവിശ്വാസികൾ നല്ലിടയന്റെ കുഞ്ഞാടുകളായ്

സ്വർഗ്ഗരാജ്യം നിങ്ങൾക്കിടയിൽത്തന്നെയെന്ന് നിത്യവും രാത്രി

വേദപുസ്തകം വായിക്കുന്നു, വേദനിക്കുന്ന വാക്കാവുന്നു    

തോറ തുറന്ന് വെച്ച് ഉറക്കത്തിലേക്ക്  വഴുതി വീഴവേ കാറ്റിൽ

താളുകൾ മറിഞ്ഞ് കെതുവിം തുറക്കപ്പെടുന്നു, വിതുമ്പുന്നു

നരകവും നിത്യ സ്വർഗ്ഗവും മരണശേഷമെന്നത് മാറ്റിയെഴുതി

സ്ഫോടനങ്ങളുടെ പെരുക്കപ്പട്ടികയിലൂടെ ഭൂലോകമുരുക്കുന്നു 

ആയുധപ്പുര മാത്രം അധികാര മുദ്രയാക്കുകയും പോരെടുക്കുകയും  

മനുഷ്യ മാംസത്തിനു കഴുകനഖം നീട്ടുകയും ചെയ്യുവോൻ ആരാകിലും

കുമ്പസാരക്കൂടിനടുത്തേക്കല്ല, കൊടിമരക്കെട്ടിലേക്ക് പോലും 

വിലക്കപ്പെട്ടവരായ് വെളിയേ നില്ക്കുക, കല്ലേറു കൊള്ളുക

എന്റെ രാജ്യം, യാതനയ്ക്കിടയിലും  നീതി പുലർത്തിയവർക്കാകുന്നു 

==============================================================                        


                                                                                                                                                




2022, ഫെബ്രുവരി 26, ശനിയാഴ്‌ച

ലോക ഭൂപടം മാറ്റി വരയ്ക്കാൻ വാളെടുത്തവൻ

 


അദ്ധേഹം ആഢ്യനാണു, അമരത്വം കൊണ്ടവനും

ആദി പരാശക്തിയെ വരെ ആക്രമിക്കാൻ ഊറ്റമുള്ളവൻ

അന്നൊരു നാൾ, ആയകാലത്ത് ആണ്ടുമുന്നേ അടിയനും

അവരുടെ വാലറ്റമൊന്നേ ആയിരുന്നെന്ന ഒറ്റക്കാരണം

കാലമൊക്കെയും കുട്ടിക്കരണം മറിഞ്ഞേയിരിക്കണം

കുലപതിയവനെ കുമ്പിടണം, കോയ്മ കൊടുക്കണം

കാര്യകാരണങ്ങൾ കേൾക്കാതെ കീഴ്പ്പെട്ടേയിരിക്കണം

കാര്യദർശിയായവനെ കണ്ടെന്റെ കെട്ടൊക്കെയും കാട്ടണം

ഉള്ളിലുള്ളയെണ്ണമീവണ്ണമാകിലെങ്ങനെയുൾക്കൊള്ളുവാൻ

ഉണ്ട്, ഊരൊട്ടുക്ക് ഊക്ക് പെരുത്ത ഉഗ്ര രൂപികളായിരം

ഉപ്പ്, കടൽനീരിലലിഞ്ഞപോൽ ഉണ്ടായിരിക്കുമെപ്പൊഴുമൊപ്പം

ഉശിരുകാട്ടിയവനിൽനിന്ന് ഉഷ്ണമേറ്റുവാങ്ങുവാൻ നേരം

ഉറപ്പായും ഉറ്റവനെപ്പോൽ കാത്ത് കൂടെയുണ്ടാവും നിശ്ചയം

തന്ന വാക്കിലൊന്നിലും തെല്ലും തൻപോരിമ കൊണ്ടില്ല

തെറ്റായൊന്നുമിന്നുവരെ ചെയ്തില്ലെന്നു നല്ല തിട്ടമുണ്ട്

തൃണമായ് ഗണിച്ച് തുടച്ച് നീക്കിടുമുലകിൽ നിന്നെന്നാണു

തീരുമാനമാകിൽ തിരിയുമീ ഭൂഗോളമിവിടെയവശേഷിക്കും വരെ

തിരിയായുയർന്ന് നില്ക്കുമെന്നേ തെര്യപ്പെടുത്താനുള്ളു സോദരാ

പെറ്റുവീണ പൈതങ്ങളുടെ വാസസ്ഥലവും വിലപ്പെട്ട വായുവും

പുണ്യമായ് ഗണിച്ച് വണങ്ങുന്ന ദേവാലയവും വിശുദ്ധ രൂപവും

പുല്ലു തിന്നുവാൻ പുറപ്പെട്ട് പോയ പശുക്കിടാവിനെയാടിനെ

പക്കം പൊഴുതൊന്നുമേ പാർക്കാതെ വെടിപൊട്ടിച്ച് തള്ളവേ 

പൊട്ടിവീഴുമൊരശനിപാതം നിന്നിലേക്ക് പിന്മാറിക്കൊള്ളുക 


ഒപ്പമുണ്ടാകുമെന്തിനുമേതിനുമെന്ന് കാട്ടി ഊറ്റമേറ്റുന്നവൻ

ഒന്നായിരിക്കുമേതു ഉല്ക്കവീഴ്ച്ചയിലുമെന്ന് ചൊല്ലിയൊറ്റുന്നവൻ

ഓതിരവും കടകവും കൊണ്ടാണവ ഓട്ടയടയ്ക്കാമെന്നോതുന്നവൻ

ഒരു  കാതിൽ കേട്ടുകൊള്ളണം മസ്തിഷ്കത്തിൽ തറയ്ക്കണം മറക്കണം 

ഒറ്റയായ് പോകുന്നതിലില്ല ഭീതിയൊട്ടുമേ, ഒക്കെ നേരെയായിടും

ഒട്ടി നിന്നവരുടെ നിലനില്പ്പിൽ മാത്രമാണാധിയിത്രയടിയനു       

00000000000000000000000000000000000000000000000000000000000000                                                                                                                                                           



                   





2022, ഫെബ്രുവരി 19, ശനിയാഴ്‌ച

അന്യ ഭാഷയിൽ കൈകൊട്ടിപ്പാടുന്ന നാട്ടുകാഴ്ചകൾ



അത്രമേൽ അതൃപ്പത്തോടെയന്നൊരു ധനുമാസപ്പുലരിയിൽ

അത്തിത്തോടിറങ്ങിക്കേറി ഞാറപ്പാടം കടന്നോമലേ

അവുക്കാദർ കുട്ടിയുടെ മാർക്കക്കല്ല്യാണം കൂടുവാൻ

ചെട്ട്യാരങ്ങാടിയിലേക്ക് ചേലിൽ പോയ നാളോർക്കുന്നുവോ

ഓട്ടക്കാലണയൊന്ന്, രണ്ടായ് മടക്കിയ കാച്ചിത്തുണിയുടെ

ഒത്തനടുക്ക് വച്ചുകെട്ടി, കോടിക്കഴുക്കോലിൽ ഞാത്തിയിട്ട്

ഓട്ടുവിളക്കിനു തിരിതെറുത്തപോലൊരു ഞാലിപ്പഴം കാട്ടി

നെയ്യപ്പം കടിച്ച്, നുണയവേയവൻ,നെറുകയിലുമ്മ വച്ചതും

നാരായണാ, നല്ലതു വരുത്തുകയെന്നോതി നിവേദ്യം

നന്നായുരുളയാക്കി, കഴുത്തു താങ്ങി വായിൽക്കൊടുത്തതും

പ്രിയതേ നിനവുണ്ടെല്ലാമിന്നലെക്കഴിഞ്ഞ ചലചിത്രമായ്


ഓടിച്ചാടിയൊളിച്ചു കളിക്കവേ, ഒരു തുലാപ്പെയ്ത്തിൽ

ഒച്ചയിട്ടാളെക്കൂട്ടി നം സീമന്തപുത്രിയവളിരു തുടയിലും

ഒലിച്ചിറങ്ങുന്ന ചോര കണ്ടു വെപ്രാളപ്പെട്ടു കൂവവേ

തിരണ്ടുകല്ല്യാണത്തിന്റെ തീയതി കുറിച്ച നൽ വേള

വില്ലുവണ്ടിയൊന്നിലിരു കാളയ്ക്ക് വലിക്കുവാനാവാത്ത

വിവിധ രുചികളിൽ പലഹാരങ്ങൾ കുട്ട നിറച്ച് കൊണ്ട്

വന്നു, നം മകളവളെയൂട്ടിയ പോക്കരാജിയും നല്ല പാതിയും

പോകുവാൻ നേരം പുറത്തു തട്ടി, പിന്നെ നന്നായൊന്നണച്ച്

പിടിവിടാതെ, ബദരീങ്ങളേ കാക്കുകെൻ മുത്തിനെയെന്നോതി

പുണ്യമായ് പൂവിട്ടു നിന്ന പൊന്നണി നാളുകളൊക്കെയുമാതിരേ 

മറവിതിന്നുതിർന്നുപോയിട്ടില്ല തെല്ലും മായാതെ കിടക്കുന്നു


ഇന്ന്,

ഉണ്ണുവാനുമുടൽ പകുക്കുവാനുമുഷ്ണം പോക്കുവാനുമൊക്കെയും

ഊരുതാണ്ടിപ്പോകയും   ഉലകം കാല്ക്കീഴിലാക്കയും ചെയ്ത്

ഉള്ളിലുള്ളതൊഴിവാക്കുവാൻ ഒച്ചയിട്ടാട്ടുവാൻ കയർക്കുവാൻ

വീടകം കൊള്ളുകയുമെന്നതായ്, പരിഷ്കാരക്കൊടിയുയർത്തവേ  

ഒരുമിച്ച് കലാലയം പോകുന്ന നം പെണ്മക്കളിൽ  സൗദാമിനി

ഒരു തുണ്ട് തുണിയൊന്ന് തോളിലിട്ട് നിമ്ന്നോന്നതികളെ മറയ്ക്കയിൽ

ഒന്നുമരുതായ്ക കാണാതെ, അതേ തുണിയുടെ മറുപാതിയല്പം

തലവഴി മൂടി, തട്ടമെന്നു പേരുവെക്കയിലെന്തിനു സൗജത്തിനെ

തെരുവിലൊക്കെയുമിട്ടാട്ടുന്നു, തെറിവിളിക്കുന്നു, ഒറ്റപ്പെടുത്തുന്നു

തിട്ടമതിനു പിന്നിലുള്ളോരുടേതത്ര സ്പഷ്ടമാണോമലേ,യറിയാം   

തൊട്ടുകൂടായ്കയും തീണ്ടായ്മയും തിരികെ വന്നെങ്കിൽ മാത്രമേ

തമ്പുരാനായ് മേടപ്പുറത്തിരിക്കുവാൻ തെണ്ടിപ്പരിഷകൾക്കാവൂ   

കണ്ണു തുറന്നേയിരിക്കുക കാലമൊക്കെയു,മില്ലയെന്നാകിൽ 

കൂടെക്കഴിയുന്ന കീഴ്വഴക്കങ്ങളെയാകെയും അന്യദേശ ഭാഷയിൽ   

കൂട്ടിക്കുഴച്ച്, കാർക്കിച്ച് തുപ്പുവാൻ കോലത്തിൽ കെട്ടിയെഴുന്നള്ളിക്കും 

ഭാരത ഭൂമി,  വിശ്വസംസ്കാര ഈറ്റില്ലമായ് തുടരട്ടെ പൊന്നോമനേ                                                                                                                         

                                                           






2022, ഫെബ്രുവരി 12, ശനിയാഴ്‌ച

എന്റെ വാലന്റൈൻ കുരുവി വേരറ്റ് പോകുന്നു



ഇളവെയിലേല്ക്കുവാനിനിയുമൊരു പൊന്മാൻ

ഇതുവഴി വരുമെന്നേ കൺ പാർത്തിരിക്കുക

തുമ്പിതുള്ളാൻ തുഴയെറിയാൻ തുമ്പപ്പൂ നുള്ളാൻ

ഉത്തരീയം ചുറ്റിയൊരു ഊഞ്ഞാലിലാടാൻ

ഓണനിലാവിലിനിയും കവിത പെയ്യുമെന്നോതുക

ശാരികേ,

അന്നൊരൂടുവഴിയിലാർദ്ര നിലാവല്പം മങ്ങി നില്ക്കേ

ആരുമറിയാതെ നിൻ കാർകൂന്തലിൽ ഞാൻ ചാർത്തിയ

കനകാംബരമിനിയും കാഴ്ചശീവേലിയൊരുക്കട്ടെ

കൽപ്പടവിൽ നീ കാത്തു നിൽക്കേ, കർക്കിടക മഴയത്ത്

ആമ്പലിറുക്കാനായ് ഞാൻ നീന്തിയ അമ്പലക്കുളവും

ഉണ്ണിമാങ്ങയൊന്ന് നിനക്ക് നേദിക്കുവാൻ മാത്രമായ്

ഉറുമ്പുകടിയത്രകൊണ്ട് ഞാൻ കീഴടക്കിയ സിന്ദൂരമാവും

പെറ്റു പെരുകുമെന്നൂറ്റം കൊണ്ട് പലരിൽ നിന്നുമിരന്ന്

പാർവണേന്ദു നിനക്കായ് വച്ചുനീട്ടിയ മയിൽപ്പീലിയും

വേരറ്റുപോകാതെ പാലിച്ചുകൊള്ളുക വസന്തകാലമൊക്കെയും

പ്രിയതേ,യറിയുക

പതിറ്റാണ്ടുകൾ പാടിപ്പറഞ്ഞ് വെറുമൊരു പുലഭ്യമായ്

പോക്കുവെയിൽ പോലുമൊരുനോക്കു കാണാത്ത

പുരോഗതിയുടെ പൊന്നാട പുതച്ചയീ,നരച്ച വേനലിൽ

നീയേറ്റുമാനൂരും ഞാൻ പറശ്ശിനിക്കടവും രണ്ട് ദിക്കായ്

ഊറ്റം കൊള്ളുവാനൊരു പുഴക്കടവ് പോലുമില്ലാതെ വറ്റി

ചെമ്പട്ട് പുതയ്ക്കുവാനൊരുമ്പെട്ട് വേച്ചു നടക്കയിൽ കാണുക

പ്രണയ പാരവശ്യമഭിനയിക്കുന്നുണ്ടപ്പുറം പുതു യൗവ്വനം

ഹൃദയ ഭാഷയിൽ പോലുമിന്ന് നിറഞ്ഞ നിർജ്ജീവ കണം

ആസുര നൃത്തച്ചുവടുകളിലേക്ക് പരകായപ്പ്രവേശം കൊണ്ട

ആത്മ രഹസ്യമോതുന്ന പ്രേമവായ്പു നാടക രംഗപടം

ആർത്തവപ്പൂമെത്തപോലുമനായാസമവധിക്ക് വച്ച്

തീയതികളെ പലതായ്പ്പകുത്ത് തീറെഴുതി നോവിനെയറുത്ത്

ജീവന്റെ കണികകളൊരുമിക്കുന്ന ജൈവികപ്പാതയിൽ 

രാസകൂട്ടുകളാവതും വിതറി നിർജ്ജീവമാക്കി ചൊൽപ്പടിയാക്കി

എത്രയാടിയുമൊട്ടുമാകാത്ത വൈകൃതപ്പേക്കൂത്ത് മേടയിൽ

ഇനിയെന്റെയാതിരേ,

ഓതിരവും കടകവും കടന്ന് ചുവടൊക്കെയും ചടുലമാക്കി

മണ്ഡലവും വൃത്തചക്രവും പയറ്റിത്തെളിഞ്ഞ് വിജയം കൊണ്ട്

വിശ്വമോഹനത്തിലേക്കുറ്റുനോക്കുമീ ശ്യാമ സായന്തനങ്ങളിൽ

വരികയൊരുമാത്രയെന്നിൽ കുതിരുക,യെന്റെ കതിരാവുക

കല്ലിച്ചുപോവാതെ നില്ക്കട്ടെയോർമ്മകൾ,ഒട്ടും കല്ലാവാത്ത

കുലമൊന്നെങ്കിലും വരുമതുവരെ കരിയാതെ കാക്കുക, കൈകോർക്കുക

=============================================







2022, ഫെബ്രുവരി 8, ചൊവ്വാഴ്ച

വത്മീകത്തിലേക്കിറ്റുന്ന വാസനത്തൈലം



കരിനീല ആകാശത്തിലത്ര ആഴത്തിൽ

വേരാഴ്ത്തി നില്ക്കുമൊരു കദന കാവ്യ തന്തുവിനെ

നിന്റെ ദുസ്വപ്നങ്ങളുടെ തടവറയിലേക്കെന്തിനു

വിവർത്തനം ചെയ്യുന്നു ശാരികേ നീ


ഏഴു കടലിനുമപ്പുറം, വെയിൽ തിന്ന് നരവീണ

എന്റെ വസന്തങ്ങളിൽ, പ്രണയഗീതികളെ

സന്നിവേശിപ്പിച്ച് പുതിയൊരു മൗനരാഗം

കറന്നെടുക്കാമെന്ന് വൃഥാ കനവ് കെട്ടായ്ക നീ


ഹൃദയ ശല്ക്കങ്ങളിലൊക്കെയും സിംഗള മൊഴിയുടെ

ആട്ടുമകറ്റുമിന്നും തട്ടി പ്രതിധ്വനിക്കയാലോമനേ

തേനിൽ ചാലിച്ചു നീ മൂളും പ്രേമ ശീല്ക്കാരങ്ങൾ കേട്ട്

തരളിതമാകുമെന്റെ കരളിതെന്ന് കാത്തിരിക്കായ്ക


പഞ്ചാരിമേളം കൊട്ടിക്കേറുന്ന കാലമൊക്കെയും 

പൂരപ്പറമ്പുകളിൽ തീയാട്ടമാടാൻ മാത്രം ഉഴിഞ്ഞിട്ട

നേർച്ചക്കോഴിയെന്റെ തലയെടുപ്പും കൂവലും കണ്ട്

നിനച്ചിടായ്കയത്ര ലളിതമൊരു ബാന്ധവം നെയ്തിടാൻ


ഇല്ല സഖീ,യെന്നിലില്ല ദുരിതം തീണ്ടിയൊടുങ്ങാത്ത

അത്ര കോയ്മ കാട്ടും കശേരുവൊന്നുപോലും, ഇല്ലയൊട്ടുമേ

നിന്നിൽ പടർന്ന് നരകനൃത്തം ചെയ്യുവാൻ ത്രാണികൊണ്ട

ഇടുപ്പെല്ലും ഇക്കിളികൂട്ടും രോമാവൃത വിരിമാറും മറുകും

എങ്കിലും,

എല്ലാമുണർന്ന്, നീയെന്റെ കാവ്യങ്ങളിൽ കാമംകൊണ്ട്

പ്രണയ പരവശത്താൽ ഒട്ടിനില്ക്കുവാൻ കോപ്പ് കൂട്ടുകിൽ

വരിക,യൊരു തുലാപ്പെയ്ത്തായ് കുളിർപ്പിക്കയെന്നെ

ഇത്ര കല്പ്പിക്കയില്ല മറ്റൊന്നും, കുതിർന്നേ കിടന്നിടാം

==================================================


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...