2022, ഫെബ്രുവരി 19, ശനിയാഴ്‌ച

അന്യ ഭാഷയിൽ കൈകൊട്ടിപ്പാടുന്ന നാട്ടുകാഴ്ചകൾ



അത്രമേൽ അതൃപ്പത്തോടെയന്നൊരു ധനുമാസപ്പുലരിയിൽ

അത്തിത്തോടിറങ്ങിക്കേറി ഞാറപ്പാടം കടന്നോമലേ

അവുക്കാദർ കുട്ടിയുടെ മാർക്കക്കല്ല്യാണം കൂടുവാൻ

ചെട്ട്യാരങ്ങാടിയിലേക്ക് ചേലിൽ പോയ നാളോർക്കുന്നുവോ

ഓട്ടക്കാലണയൊന്ന്, രണ്ടായ് മടക്കിയ കാച്ചിത്തുണിയുടെ

ഒത്തനടുക്ക് വച്ചുകെട്ടി, കോടിക്കഴുക്കോലിൽ ഞാത്തിയിട്ട്

ഓട്ടുവിളക്കിനു തിരിതെറുത്തപോലൊരു ഞാലിപ്പഴം കാട്ടി

നെയ്യപ്പം കടിച്ച്, നുണയവേയവൻ,നെറുകയിലുമ്മ വച്ചതും

നാരായണാ, നല്ലതു വരുത്തുകയെന്നോതി നിവേദ്യം

നന്നായുരുളയാക്കി, കഴുത്തു താങ്ങി വായിൽക്കൊടുത്തതും

പ്രിയതേ നിനവുണ്ടെല്ലാമിന്നലെക്കഴിഞ്ഞ ചലചിത്രമായ്


ഓടിച്ചാടിയൊളിച്ചു കളിക്കവേ, ഒരു തുലാപ്പെയ്ത്തിൽ

ഒച്ചയിട്ടാളെക്കൂട്ടി നം സീമന്തപുത്രിയവളിരു തുടയിലും

ഒലിച്ചിറങ്ങുന്ന ചോര കണ്ടു വെപ്രാളപ്പെട്ടു കൂവവേ

തിരണ്ടുകല്ല്യാണത്തിന്റെ തീയതി കുറിച്ച നൽ വേള

വില്ലുവണ്ടിയൊന്നിലിരു കാളയ്ക്ക് വലിക്കുവാനാവാത്ത

വിവിധ രുചികളിൽ പലഹാരങ്ങൾ കുട്ട നിറച്ച് കൊണ്ട്

വന്നു, നം മകളവളെയൂട്ടിയ പോക്കരാജിയും നല്ല പാതിയും

പോകുവാൻ നേരം പുറത്തു തട്ടി, പിന്നെ നന്നായൊന്നണച്ച്

പിടിവിടാതെ, ബദരീങ്ങളേ കാക്കുകെൻ മുത്തിനെയെന്നോതി

പുണ്യമായ് പൂവിട്ടു നിന്ന പൊന്നണി നാളുകളൊക്കെയുമാതിരേ 

മറവിതിന്നുതിർന്നുപോയിട്ടില്ല തെല്ലും മായാതെ കിടക്കുന്നു


ഇന്ന്,

ഉണ്ണുവാനുമുടൽ പകുക്കുവാനുമുഷ്ണം പോക്കുവാനുമൊക്കെയും

ഊരുതാണ്ടിപ്പോകയും   ഉലകം കാല്ക്കീഴിലാക്കയും ചെയ്ത്

ഉള്ളിലുള്ളതൊഴിവാക്കുവാൻ ഒച്ചയിട്ടാട്ടുവാൻ കയർക്കുവാൻ

വീടകം കൊള്ളുകയുമെന്നതായ്, പരിഷ്കാരക്കൊടിയുയർത്തവേ  

ഒരുമിച്ച് കലാലയം പോകുന്ന നം പെണ്മക്കളിൽ  സൗദാമിനി

ഒരു തുണ്ട് തുണിയൊന്ന് തോളിലിട്ട് നിമ്ന്നോന്നതികളെ മറയ്ക്കയിൽ

ഒന്നുമരുതായ്ക കാണാതെ, അതേ തുണിയുടെ മറുപാതിയല്പം

തലവഴി മൂടി, തട്ടമെന്നു പേരുവെക്കയിലെന്തിനു സൗജത്തിനെ

തെരുവിലൊക്കെയുമിട്ടാട്ടുന്നു, തെറിവിളിക്കുന്നു, ഒറ്റപ്പെടുത്തുന്നു

തിട്ടമതിനു പിന്നിലുള്ളോരുടേതത്ര സ്പഷ്ടമാണോമലേ,യറിയാം   

തൊട്ടുകൂടായ്കയും തീണ്ടായ്മയും തിരികെ വന്നെങ്കിൽ മാത്രമേ

തമ്പുരാനായ് മേടപ്പുറത്തിരിക്കുവാൻ തെണ്ടിപ്പരിഷകൾക്കാവൂ   

കണ്ണു തുറന്നേയിരിക്കുക കാലമൊക്കെയു,മില്ലയെന്നാകിൽ 

കൂടെക്കഴിയുന്ന കീഴ്വഴക്കങ്ങളെയാകെയും അന്യദേശ ഭാഷയിൽ   

കൂട്ടിക്കുഴച്ച്, കാർക്കിച്ച് തുപ്പുവാൻ കോലത്തിൽ കെട്ടിയെഴുന്നള്ളിക്കും 

ഭാരത ഭൂമി,  വിശ്വസംസ്കാര ഈറ്റില്ലമായ് തുടരട്ടെ പൊന്നോമനേ                                                                                                                         

                                                           






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...