2022, ഫെബ്രുവരി 8, ചൊവ്വാഴ്ച

വത്മീകത്തിലേക്കിറ്റുന്ന വാസനത്തൈലം



കരിനീല ആകാശത്തിലത്ര ആഴത്തിൽ

വേരാഴ്ത്തി നില്ക്കുമൊരു കദന കാവ്യ തന്തുവിനെ

നിന്റെ ദുസ്വപ്നങ്ങളുടെ തടവറയിലേക്കെന്തിനു

വിവർത്തനം ചെയ്യുന്നു ശാരികേ നീ


ഏഴു കടലിനുമപ്പുറം, വെയിൽ തിന്ന് നരവീണ

എന്റെ വസന്തങ്ങളിൽ, പ്രണയഗീതികളെ

സന്നിവേശിപ്പിച്ച് പുതിയൊരു മൗനരാഗം

കറന്നെടുക്കാമെന്ന് വൃഥാ കനവ് കെട്ടായ്ക നീ


ഹൃദയ ശല്ക്കങ്ങളിലൊക്കെയും സിംഗള മൊഴിയുടെ

ആട്ടുമകറ്റുമിന്നും തട്ടി പ്രതിധ്വനിക്കയാലോമനേ

തേനിൽ ചാലിച്ചു നീ മൂളും പ്രേമ ശീല്ക്കാരങ്ങൾ കേട്ട്

തരളിതമാകുമെന്റെ കരളിതെന്ന് കാത്തിരിക്കായ്ക


പഞ്ചാരിമേളം കൊട്ടിക്കേറുന്ന കാലമൊക്കെയും 

പൂരപ്പറമ്പുകളിൽ തീയാട്ടമാടാൻ മാത്രം ഉഴിഞ്ഞിട്ട

നേർച്ചക്കോഴിയെന്റെ തലയെടുപ്പും കൂവലും കണ്ട്

നിനച്ചിടായ്കയത്ര ലളിതമൊരു ബാന്ധവം നെയ്തിടാൻ


ഇല്ല സഖീ,യെന്നിലില്ല ദുരിതം തീണ്ടിയൊടുങ്ങാത്ത

അത്ര കോയ്മ കാട്ടും കശേരുവൊന്നുപോലും, ഇല്ലയൊട്ടുമേ

നിന്നിൽ പടർന്ന് നരകനൃത്തം ചെയ്യുവാൻ ത്രാണികൊണ്ട

ഇടുപ്പെല്ലും ഇക്കിളികൂട്ടും രോമാവൃത വിരിമാറും മറുകും

എങ്കിലും,

എല്ലാമുണർന്ന്, നീയെന്റെ കാവ്യങ്ങളിൽ കാമംകൊണ്ട്

പ്രണയ പരവശത്താൽ ഒട്ടിനില്ക്കുവാൻ കോപ്പ് കൂട്ടുകിൽ

വരിക,യൊരു തുലാപ്പെയ്ത്തായ് കുളിർപ്പിക്കയെന്നെ

ഇത്ര കല്പ്പിക്കയില്ല മറ്റൊന്നും, കുതിർന്നേ കിടന്നിടാം

==================================================


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...