2022, ഫെബ്രുവരി 12, ശനിയാഴ്‌ച

എന്റെ വാലന്റൈൻ കുരുവി വേരറ്റ് പോകുന്നു



ഇളവെയിലേല്ക്കുവാനിനിയുമൊരു പൊന്മാൻ

ഇതുവഴി വരുമെന്നേ കൺ പാർത്തിരിക്കുക

തുമ്പിതുള്ളാൻ തുഴയെറിയാൻ തുമ്പപ്പൂ നുള്ളാൻ

ഉത്തരീയം ചുറ്റിയൊരു ഊഞ്ഞാലിലാടാൻ

ഓണനിലാവിലിനിയും കവിത പെയ്യുമെന്നോതുക

ശാരികേ,

അന്നൊരൂടുവഴിയിലാർദ്ര നിലാവല്പം മങ്ങി നില്ക്കേ

ആരുമറിയാതെ നിൻ കാർകൂന്തലിൽ ഞാൻ ചാർത്തിയ

കനകാംബരമിനിയും കാഴ്ചശീവേലിയൊരുക്കട്ടെ

കൽപ്പടവിൽ നീ കാത്തു നിൽക്കേ, കർക്കിടക മഴയത്ത്

ആമ്പലിറുക്കാനായ് ഞാൻ നീന്തിയ അമ്പലക്കുളവും

ഉണ്ണിമാങ്ങയൊന്ന് നിനക്ക് നേദിക്കുവാൻ മാത്രമായ്

ഉറുമ്പുകടിയത്രകൊണ്ട് ഞാൻ കീഴടക്കിയ സിന്ദൂരമാവും

പെറ്റു പെരുകുമെന്നൂറ്റം കൊണ്ട് പലരിൽ നിന്നുമിരന്ന്

പാർവണേന്ദു നിനക്കായ് വച്ചുനീട്ടിയ മയിൽപ്പീലിയും

വേരറ്റുപോകാതെ പാലിച്ചുകൊള്ളുക വസന്തകാലമൊക്കെയും

പ്രിയതേ,യറിയുക

പതിറ്റാണ്ടുകൾ പാടിപ്പറഞ്ഞ് വെറുമൊരു പുലഭ്യമായ്

പോക്കുവെയിൽ പോലുമൊരുനോക്കു കാണാത്ത

പുരോഗതിയുടെ പൊന്നാട പുതച്ചയീ,നരച്ച വേനലിൽ

നീയേറ്റുമാനൂരും ഞാൻ പറശ്ശിനിക്കടവും രണ്ട് ദിക്കായ്

ഊറ്റം കൊള്ളുവാനൊരു പുഴക്കടവ് പോലുമില്ലാതെ വറ്റി

ചെമ്പട്ട് പുതയ്ക്കുവാനൊരുമ്പെട്ട് വേച്ചു നടക്കയിൽ കാണുക

പ്രണയ പാരവശ്യമഭിനയിക്കുന്നുണ്ടപ്പുറം പുതു യൗവ്വനം

ഹൃദയ ഭാഷയിൽ പോലുമിന്ന് നിറഞ്ഞ നിർജ്ജീവ കണം

ആസുര നൃത്തച്ചുവടുകളിലേക്ക് പരകായപ്പ്രവേശം കൊണ്ട

ആത്മ രഹസ്യമോതുന്ന പ്രേമവായ്പു നാടക രംഗപടം

ആർത്തവപ്പൂമെത്തപോലുമനായാസമവധിക്ക് വച്ച്

തീയതികളെ പലതായ്പ്പകുത്ത് തീറെഴുതി നോവിനെയറുത്ത്

ജീവന്റെ കണികകളൊരുമിക്കുന്ന ജൈവികപ്പാതയിൽ 

രാസകൂട്ടുകളാവതും വിതറി നിർജ്ജീവമാക്കി ചൊൽപ്പടിയാക്കി

എത്രയാടിയുമൊട്ടുമാകാത്ത വൈകൃതപ്പേക്കൂത്ത് മേടയിൽ

ഇനിയെന്റെയാതിരേ,

ഓതിരവും കടകവും കടന്ന് ചുവടൊക്കെയും ചടുലമാക്കി

മണ്ഡലവും വൃത്തചക്രവും പയറ്റിത്തെളിഞ്ഞ് വിജയം കൊണ്ട്

വിശ്വമോഹനത്തിലേക്കുറ്റുനോക്കുമീ ശ്യാമ സായന്തനങ്ങളിൽ

വരികയൊരുമാത്രയെന്നിൽ കുതിരുക,യെന്റെ കതിരാവുക

കല്ലിച്ചുപോവാതെ നില്ക്കട്ടെയോർമ്മകൾ,ഒട്ടും കല്ലാവാത്ത

കുലമൊന്നെങ്കിലും വരുമതുവരെ കരിയാതെ കാക്കുക, കൈകോർക്കുക

=============================================







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...