2023, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഗോപിയിട്ടോനെയാട്ടെന്റെ ഗോവിന്ദ



ചിതൽപ്പുറ്റിലേക്കുറ്റ് നോക്കുന്ന, കൂർത്ത

കഴുകൻ കണ്ണുകളെ കാലഗതിയെന്ന് പേരിടാം

വെണ്ണക്കുടത്തിലേക്കനർഹമായ് നീളുന്ന, കറുത്ത

പരുക്കൻ കൈകളെ അധികാരമുദ്രയെന്ന് വിളിക്കാം

അമ്പലപ്പറമ്പിലെ ആൾക്കൂട്ടങ്ങളിലേക്ക് ബലമായ്

ഇടിച്ചിറങ്ങി, വെടിപ്പുരയ്ക്ക് ജാതിത്തീ കൊളുത്തും

ഉന്തിയ വയർ രൂപങ്ങളെ ദൈവഹിതമായ് ഗണിക്കാം


പാഴ്ക്കിനാക്കളിൽ, ദിവ്യബലിക്കപ്പുറം കുർബാന കൊണ്ട്

നിന്റോളു വന്നെന്റെ മോളെ മുത്തപ്പനു പയംകുറ്റി നേരുന്നു

കുഞ്ഞാമു മുക്രിക്ക്, കോച്ചുവാതാസ്കിത പെരുക്കയാൽ

വേലനുറഞ്ഞാട്ടം നിറുത്തി സന്ധ്യയ്ക്ക് നഗാര മുട്ടുന്നു

നിന്റെ വെള്ളാട്ടത്തിനു ചെറുമുടി നെയ്യാൻ കൊച്ചുത്രേസ്യ

ഓശാനയുടെ കുരുത്തോലയുമായ് ഒറ്റയ്ക്ക് കാവ് കേറുന്നു


പ്രാർത്ഥനാലയങ്ങളൊക്കെയും കവർച്ചക്കാരുടെ ഗുഹയായ് 

വിവർത്തനം ചെയ്യുമൊരു അവിശുദ്ധ മധ്യാഹ്നത്തിൽ നിശ്ചയം

ഒരു കഴുതപ്പുറമേറി വിനയാന്വിതനായ് അവനെഴുന്നള്ളുമെന്നറിക

ഊട്ടുപുരകളൊക്കെയും ദുർമൂർത്തികളുടെ വാസസ്ഥലമായ്

വച്ചുമാറ്റപ്പെടുന്നൊരു തണുത്തുറഞ്ഞ മകര രാവിൽ തീർച്ചയായും

മൂകാസുര നിഗ്രഹം കഴിഞ്ഞ് കാട്ടാള താഡനത്തിനപ്പുറം ഉള്ളിലെ

അഹന്തയൊക്കെയും വെടിഞ്ഞ് പാർത്ഥൻ പാശുപതാസ്ത്രം നേടി

പരികർമ്മിയേയും സൂത്രധാരനേയും പടിയടച്ചെറിയുന്ന പകൽ വരും

മാംസാവശിഷ്ടം കൊണ്ട് മാലചാർത്തി മദിച്ചവളേയും മനപ്പൂർവ്വം

ചവിട്ടു വഴിയൊക്കെയും മുള്ളുപാകി  വെറുപ്പ് നട്ടവളേയും ദുരിതകാലേ

വീടുതേടി, വിശേഷമറിഞ്ഞ് സുഖം നേർന്നവൻ യുഗപുരുഷനാകും


തന്റെ ജാതിച്ചെടി മാത്രം കരുത്ത് കൊള്ളാൻ തിരിയിട്ട് നേദിക്കയും

അഹിതമായോരൊക്കെയും തെക്കെടുക്കാൻ നന്നായ് പ്രാർത്ഥിക്കയും

അച്ചിവീട്ടിലുണ്ട്, അക്കരെത്തമ്പുരാനെയപ്പനായ്ക്കൊൾകയും ചെയ്യും

താര മുഖങ്ങളിൽ ഊരുജനം കോളാമ്പി കെട്ടുന്ന തുടുത്ത സന്ധ്യയിൽ

എന്റെ കവിത നിന്നെ പ്രണയിച്ച് കൊണ്ടിരിക്കു,മന്ന് ഞാൻ ജയിക്കും

===================================================







കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...