2016, ഡിസംബർ 10, ശനിയാഴ്‌ച

സ്ത്രീ ശാക്തീകരണം




ഒരു വാക്കൊരു വാർത്തയിൽ
ഒരു താലിച്ചരടിന്റെ മഞ്ഞപ്പിൽ, പിന്നെ
ഒരു പുളിയിലമറവിന്റെ സന്ദേഹത്തിൽ
പിഴച്ചവളെന്നു മുദ്രചാർത്തിയൊഴിയുന്ന
ഇന്നുമുതൽ മരണം വരെയെന്ന ഭർതൃബന്ധനം

പ്രണയം ഒറ്റുകൊടുക്കപ്പെട്ട
അടുക്കളച്ചാർത്തിൽ നിന്ന്
ആരുമെത്തിനോക്കാത്ത
കാവുകുളക്കടവിൽ നിന്ന്
മൂന്നുംകൂടിയ കവലയിലേക്ക്
നിന്റെ തീണ്ടാരിപ്പൂക്കളൊഴുക്കി വിട്ട
കാമുക സംസർഗ്ഗം

ഉപ്പൂറ്റി വിണ്ടുകീറിയ മകരശൈത്യത്തിൽ
ഒരുണരാ മയക്കത്തിലേക്ക് നയിച്ച്
നിന്റെ മുലക്കണ്ണും യോനിത്തടവും
ആതുരാലയമുറ്റത്ത് പ്രദർശനമൊരുക്കിയ
ഭിഷഗ്വര സിദ്ധാന്തം

വിശന്നൊട്ടിയ മക്കൾക്ക്
അമ്ളം കക്കിയുടഞ്ഞ സ്വന്തം വയറിനു
നല്ലുപ്പ്ചേർത്ത് മുളകുപുരട്ടിയൊരു
കയ്പക്കപോലും ചേർത്തന്നമേകാതെ
എട്ട്കൂട്ടാനുമേമ്പക്കത്തിനു രസവുമായ്
ഊട്ടിയൊടുക്കമുച്ചിയിൽ കൈചേർക്കയിൽ
രതിചേഷ്ടയൊളിപ്പിക്കും പുരോഹിത മതം

ഞാനിനിയും കവലകൾ തോറുമലറും
സ്ത്രീശാക്തീകരണം സമത്വം സംവരണം
ഇരുൾപരക്കുന്ന വെളിംപ്രദേശങ്ങളിൽ
നിന്റെ യൗവ്വനത്തിന്റെ നിമ്നോന്നതി തേടും
പിന്നെ, സാംസ്കാരികപ്രതിഭയെന്ന്
സ്വയം സ്ഥാപിത സാമ്രാജ്യത്വത്തിലേറും
അന്നൊക്കെയും നീ പെണ്ണായെനിക്ക് വഴങ്ങും

00000000000000000000000000000000




2016, ഡിസംബർ 7, ബുധനാഴ്‌ച

ഒരു നരകഗീതം കൂടി. . .




നരകപാതയൊടുങ്ങുന്ന ഒടുക്കത്തെപ്പടിയിൽ
നാളെയൊരു നാൾ നിന്നെ ഞാൻ കാത്തിരിപ്പുണ്ടാവും
കാലമെല്ലാമലിയാതെ കെട്ടിവച്ചയെൻ കാമനയെല്ലാം
കത്തുന്ന കടൽ നോക്കി ഞാൻ നിനക്കു നൽകും
വേനലിന്റെയൊടുക്കത്തെയാർത്തിയിലെരിയാതെ
വറ്റാതെ ഞാൻ കാത്ത മോഹമെല്ലാമന്ന് കെട്ടടങ്ങും
നീയെന്റെ മരവിച്ച സ്വപ്നകോശങ്ങളിൽ കിടന്ന്
ശ്വാസമറ്റ്,വസന്തം തേടി പടർന്ന ചില്ലയിൽ നിന്നൂർന്ന്
വീണ്ടുമൊരു ഇത്തിൾക്കണ്ണിയായെങ്കിലുമുയിർക്കുന്ന
നൽ വേള കാത്തു കിടന്ന ദുരിതകാണ്ഡം മാത്രമെൻ ജീവിതം
അരുത്, വിശന്നെരിഞ്ഞ വയറിന്റെ വിടരാത്ത കനവിന്റെ
ബാക്കിപത്രം വീണു പൊള്ളിയ പുണ്ണിൽ നീ വീണ്ടുമൊരു
കണ്ണീരുപ്പു പകർന്നെന്നെ നീറ്റരുത്, തീ തീറ്റരുതൊറ്റരുത്
ചക്രവാളദൂരമത്ര ദീർഘമെൻ തൃഷ്ണയതിലുമതി തീക്ഷ്ണം
വികാരമലയൊഴിയാ സാഗരമെൻ  മനസ്സതിവിപ്ലവം പ്രക്ഷുബ്ധം
ആർദ്ര ഭാഷയിലളക്കനാവാത്ത കുറ്റപത്രം ചാർത്തി നീയെന്നിൽ
പഴിചാരി പുലയാട്ട് പറഞ്ഞ് പുറപ്പെട്ട്പോയ ഒടുക്കത്തെ ഉച്ചയിൽ
ഒറ്റയാകലിന്റെ ഭീതി കക്കിയ ഭീകര രാത്രികളിൽ മരിക്കാതെ മരവിച്ച്
ജാലകങ്ങളൊക്കെയും കൊട്ടിയടച്ച ഒറ്റമുറിയിൽ വെന്തുറങ്ങവേ
മരണമൊരു കഴുകൻ ചുണ്ടുയർത്തി കൊത്തിവലിച്ച് കൊണ്ട് പോവത്
കാത്തു കാത്തൊടുക്കം ഒമ്പതു പേരുപോലുമെത്താത്തടക്കും കഴിഞ്ഞ്
ഇന്നിവിടെയീ നരകതീരത്ത് പാപമെരിഞ്ഞു തീരാൻ കടും വെയിലു കായവേ
നിന്നെ, നിന്നെ മാത്രം കാതോർത്തിരിക്കുന്നു,പെയ്യാത്തീമഴയിലെരിയുന്നു

xxxxxxxxxxxxxxxxxxxxxxxxxxxxxxx


2016, ഡിസംബർ 5, തിങ്കളാഴ്‌ച

കാലമെല്ലാം നീയെന്ന കവിത



അത്രമേലാർത്തി കൊണ്ടതാലാവാം നിന്നെ
തൊട്ടു നോക്കുവാൻ പോലും കിട്ടാതെ പോയത്
ഒട്ടി നിന്ന കാലമെല്ലാമൊരിക്കലും
കട്ട് പോകാതെ കാത്ത പൊന്നല്ലയോ
തോട്ടം തൊടിയമ്പലമുറ്റത്തൊക്കെയും
പൂത്ത് നിന്ന് നീയുൾപ്പുളകമായെങ്കിലും
എന്റെ ചില്ലയിലെന്റെ ജീവിതപ്പാതയിൽ
ചെറു പുഞ്ചിരിയായെങ്കിലും വിടരാഞ്ഞതെന്തഹോ
ഒരു മയിൽപ്പീലിയൊരുണ്ണിമാങ്ങ വളപ്പൊട്ട്
ഓർമ്മയിലില്ലയൊന്നും നിന്നെ കൂട്ടുചേർക്കാതെ
പണ്ട് കാവുകുളത്തിലെ ആമ്പൽ നിനക്കായ്
കണ്ടെടുത്തതും, കാട്ടുനെല്ലി കനകാമ്പരം
നിറമുള്ള സ്വപ്നങ്ങളൊക്കെയും പകുത്തതും
നഗര ദുരിതങ്ങളിൽ, അമ്ളക്ഷാര വിക്ഷോഭങ്ങളിൽ
അന്നം തേടിയാത്മ പീഡയുണ്ട് അലയുന്ന കാലവും
കണ്ണിലെന്റെ കരളിൽ നീയെന്ന കനലു കത്തിയിരുന്നു
ഇരുൾ തിന്ന്, ഒറ്റപ്പെടലിന്റെ കടൽ കണ്ട്
പുണ്ണുകാർന്നു തിന്നും പുഴുക്കളിൽ വെറികൊണ്ട്
പീടികത്തിണ്ണയിൽ കവിതയും കൊറിച്ചു ഞാൻ
കാലനണയുന്നതും കാത്തുകാത്തിരിക്കുമീ സന്ധ്യയിൽ
വരിക, ഒരു ചെറുകാറ്റായെങ്കിലുമെന്നെത്തഴുകുക
എങ്കിൽ, സ്വസ്ഥമായെൻ ചിതയെരിഞ്ഞൊടുങ്ങയിൽ
ഒരു പെരുമഴയായ് നീയെന്നിൽ തിമിർത്ത് പെയ്യുക

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2016, ഡിസംബർ 4, ഞായറാഴ്‌ച

ആണ്ടു പോവുന്ന ഭരണാസനം




ഉച്ചിപിളർന്നൊഴുകുന്ന കവിതയൊക്കെയും
ഒച്ചയില്ലാതെയൊരോർമ്മയിലടിയവേ
പച്ചനോവിന്റെ പടിപ്പുര താണ്ടി ഞാൻ
ഇച്ചെമ്പകച്ചോലയിൽ വെറും പോളയാവുന്നു

വിതയ്ക്കാതെ വരമ്പത്ത്  വറളിയായ് നിന്നവൻ
മെതി തീർന്നതൊക്കെയും കിഴികെട്ടിയെടുക്കവേ
ഓതിക്കനും കീഴ്ശാന്തിയും കഴകക്കാരനും വീതിക്കയിൽ
ചേതമെൻ മക്കൾക്കു മാത്രമെന്ന് കവിത കെട്ടുന്നു ഞാൻ

ഭരണം കയ്യാണ്ട രാജകുലമൊക്കെയും കാലമെല്ലാം
വരണം പ്രജകളുടെ ക്ഷേമക്ഷാമാന്വേഷകരായ്
തരണമൊരു സുരക്ഷിത ബോധവും സുഖ ശീതളിമയും
മരണമല്ലാതെ മറ്റെന്ത് നല്കുന്നു നീ ജനങ്ങളിൽ

ഉണ്ട്, ഉന്മാദം പൂണ്ട് ഉല്ലസിച്ചൂരൊക്കെയും കണ്ടു നീ
തണ്ട് പെരുത്ത് പുത്തൻ തീട്ടൂരമിട്ട് തെരുവു തെണ്ടിക്കയിൽ
കൊണ്ടുവരുമശാന്തപർവ്വമൊക്കെയുമൊടുക്കുമൊരു കാവ്യം
ആണ്ടവനാകിലുമതിലാണ്ട് പോകും നിന്റെ കെടു കാര്യസ്ഥത
00000000000000000000000000000000



2016, നവംബർ 27, ഞായറാഴ്‌ച

ബൊളീവിയൻ വിപ്ലവഗീതം വീണ്ടും വായിക്കുന്നു






ഒരാശയത്തിന്റെ രണ്ടതിർത്തികളാണു നാം
നീ ജനാധിപത്യത്തിന്റെ പറുദീസയിലും
ഞാൻ പീഢിതരുടെ നടുക്കാട്ടിലും

ഒരു സ്വപ്നത്തിന്റെ രണ്ട് വിവർത്തനമാണു നാം
നീ കുടുംബ വാഴ്ചയുടെ അധികാരക്കസേരയിലും
ഞാൻ വിപ്ലവത്തിന്റെ മുൾക്കിരീടധാരണത്തിലും

ഒരേ കൊടി തീർത്ത രണ്ട് നൂലിഴകളാണു നാം
നീ നക്ഷത്ര വെളുപ്പും ഞാൻ ചോരയുടെ ചുവപ്പും

ഒരേ പുഴയുടെ രണ്ട് കൈ വഴികളാണു നാം
നീ സമതലങ്ങളിൽ ശാന്തമായൊഴുകവേ
ഞാൻ തിക്താനുഭവങ്ങളിൽ കലങ്ങിത്തീരുന്നു

ആണ്ടാണ്ടുകളുടെ ഒളിക്കളങ്ങളിൽ നോവുന്ന നേരവും
നിന്റെ മണ്ണിലെനിക്കഭയമെന്ന് ഞാൻ കിനാ കണ്ടിരുന്നു
നിന്റെ മക്കളെനിക്ക് ശാന്തിഗീതമോതുമെന്ന് കൊതിക്കവേ
എന്റെ നിത്യശാന്തിയാണു നിന്നധികാര നിത്യതയെന്ന് നീ
ഇനി നിന്റെ വെടികൊണ്ടുയിർ വിട്ട് ഞാൻ പട്ടടയിലാകിലും
എന്റെ നീതിശാസ്ത്രമാണു ശരിയെന്ന് ജനമേറ്റുപാടും
അതുവരെ ബൊളീവിയൻ വിപ്ലവഗീതം കൊറിച്ചു ഞാനുറങ്ങട്ടെ
0000000000000000000000000000000000000000


2016, നവംബർ 26, ശനിയാഴ്‌ച

ഒഴുക്കൊടുങ്ങാത്ത കവിത


വിഷൂചിക പെയ്യുന്ന കീഴ്ക്കാംതൂക്കിൽ നിന്ന്
സ്വപ്നം നിഷേധിച്ച എന്റെ സമതലത്തിലേക്ക്
വീണ്ടുമൊരു പ്രണയമായ് നീ തിരിച്ചൊഴുകുക
വിയർപ്പൂറ്റിക്കുറുക്കിയ ഉപ്പു പരലുകൾ ചേർത്ത്
വർണ്ണാഭമായൊരു നാളെകൾ പണിയവേ
ഒരു കൊടുങ്കാറ്റ് വിതച്ചതൊക്കെയും, ചോരൻ
കൊയ്തുപോകുന്ന നെറികെട്ട വ്യവസ്ഥയിൽ
മണ്ണിന്റെ മണം മറന്നു നീ കയ്യിൽ നിണമണിയുക

ആരവങ്ങളിൽ ആൾക്കൂട്ടങ്ങളിൽ അരമനയിൽ
അംഗീകരിക്കാതെ പോകിലും ഒടുങ്ങാതെ പെയ്യും
അശരണർക്കായുള്ള ശംഖനാദമായെൻ കവിത
ഇന്നലെയറിച്ച പോക്കുവെയിലൊക്കെയും കൊണ്ട്
നീ പൊൻ നിറമണിഞ്ഞ് പൂത്ത് നിൽക്കുന്ന നേരവും
ഒരു പൂജയ്ക്കുമൊരു പുലർ വേളയ്ക്കുമുതവാതെ
മലരണിഞ്ഞ് ചാഞ്ഞിരിപ്പുണ്ടറിയുക തൊടിയിൽ ഞാൻ
ഉമ്മറത്തൊക്കെയും ഓണം വിഷു  സംക്രാന്തി ആടയിൽ
കാട്ടുകിഴങ്ങും കൂട്ടിനു വിപ്ലവ ഗാനവും മാത്രമായ് ഞാനലയും
ഇനി നിന്റെ വെടിയേറ്റ് ഉയിരറ്റ് ഈ കാട്ടുവഴിയിൽ ഞാൻ
വീണൊടുങ്ങി വെന്തെരിഞ്ഞ് പോകിലും ഒഴുക്കടങ്ങുന്നില്ല
നിന്റെനാഗരികതയ്ക്ക്മുകളിലെന്നുമലയടിക്കുമെന്റെയാശയം

2016, നവംബർ 14, തിങ്കളാഴ്‌ച

അസാധുവാകാത്ത കവിത



ഒറ്റരാത്രി പുലരുമ്പൊഴേക്കും
പടികടത്തപ്പെടുന്ന ചില സത്യങ്ങളുണ്ട്
കണ്ണു ചിമ്മിത്തുറക്കുന്നതിനിടെ
ഒന്നുമല്ലാതായ്ത്തീരുന്ന ചില ബന്ധങ്ങളും
ആകാശവും ഭൂമിയും നഷ്ടമായി
പുഴവഴി തേടവേ ബോധിത്തണൽ 
വിദൂരതയിലേക്ക് പാഞ്ഞകലുന്നു
കൈമാറ്റം ചെയ്യപ്പെടുമ്പോൾ മാത്രമാണു മൂല്യമെന്നും
പുഞ്ചിരി പൂഴ്ത്തി വെച്ച് പിണമായതെന്നും 
തിരിച്ചറിയും മുമ്പേ മുകളിൽ മണ്ണു കനമേറുന്നു
കൊട്ടിഘോഷിക്കാതെ പോയ വാക്കുകളിലല്ല
കണ്ണീരു തിന്ന വ്യഥകളിലാണു കവിതയുടെ വിത
ഏറ്റുവിളിക്കാനാരുമില്ലാത്ത മുദ്രാവാക്യങ്ങളിൽ
തോറ്റുകൊടുക്കാനുള്ളതല്ല ജീവിതം, അറിയുക
തോറ്റം പാട്ടുപാടി ഉടവാളെടുത്തുറഞ്ഞ് തുള്ളി
അമാവാസിതീരുവോളം കൊമ്പും കുഴലെടുത്താലും
അര നാഴിക സ്വാസ്ഥ്യം കെട്ട് ദുരിതം ചവച്ച്
കവിത കുറിക്കുന്ന നോവിന്റെ നാലയലത്ത്
നീയും നിന്റെയൊമ്പത് തലമുറയും എത്തുകില്ലെന്ന
സത്യം കൊടുമുടിതീർത്തെന്നിലെഴുന്ന് നിൽക്കവേ
മൂല്യം വറ്റാത്ത കാവ്യമായ് ഞാൻ സാധുവാകുന്നു
000000000000000000000000




2016, നവംബർ 4, വെള്ളിയാഴ്‌ച

എന്റെ നാടിന്റെ ജാതി




വരിയുടയ്ക്കപ്പെട്ട
ആദർശങ്ങളിൽ നിന്ന്
വറുതിയിലാക്കപ്പെട്ട
വേദാന്തത്തിലേക്ക് കുടിയിറക്കവേ
അസ്തിത്വമറിയിക്കാൻ
ശൂലമേന്തേണ്ടി വരുന്നു
നെറ്റിത്തടത്തിലെ വടുക്കളിൽ
കണങ്കാൽത്തഴമ്പുകളിൽ
വിശ്വാസമെഴുതി വെയ്ക്കേണ്ട
ഗതികെട്ട കാലം ആടിയൊഴിയുന്നു
ഒച്ചപെരുപ്പിച്ചാളുകൂട്ടിയുച്ചത്തിൽ
വിളിച്ചുകൂവിയാൽ മാത്രമുണരുന്ന ദൈവം
കൊച്ചു കുഞ്ഞിനമ്മിഞ്ഞ നൽകാൻ                  
കാണിക്കയിട്ടഞ്ചു കാലം കാക്കുന്ന ജന്മം
ഉച്ചിമുതലുള്ളം കാലുവരെയംഗങ്ങളൊക്കെയും
പാപപങ്കിലം മുക്തിക്ക് യാഗം, യോഗിപാദം
വിദ്യയെന്റേത് വിളഞ്ഞിരിക്കിലും, വളഞ്ഞ
യുക്തിക്കുപിന്നിൽ കാവിയും കളഭവും  തേടുന്നു
ഇനിയെന്റെ ഭക്തി വളർന്ന് ജാതികൊത്തളത്തിൽ
പടർന്ന് കേറിയതിലൊരു മൗഢ്യം കുലച്ച് നിൽക്കും
അതിലെന്റെ നാടിന്റെ കരൾ പകുക്കും, ഇരുൾ പരക്കും
അതിനുമുമ്പെഴുതിയടങ്ങാത്ത കവിത വിട്ട് ഞാനൊടുങ്ങും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2016, നവംബർ 2, ബുധനാഴ്‌ച

നിന്നിലേക്ക് വീണ്ടും. . .


നിന്നെപ്പൂർണ്ണമായ് കണ്ട കാഴ്ചയിൽ നിന്ന്
മറുക്കുന്നുണ്ട് കണ്ണു മറ്റൊന്നുമുൾക്കൊള്ളുവാൻ
അഗാധഭ്രമം അടങ്ങാത്താവേശം ഒടുക്കത്തെ രതി
കാര്യകാരണങ്ങൾ കഥകൾക്കപ്പുറമസ്തമിക്കിലും
നിന്നെ, നിന്നെ മാത്രം മസ്തിഷ്കം അയവിറക്കുന്നു
നിന്റെ മുലക്കണ്ണിന്റെ കറുപ്പിൽ സ്തന്യം കിനിയവേ
മൂർദ്ധാവിലുമ്മ വെച്ചെന്നെയുറക്കുന്ന അമ്മയാവുന്നു നീ
പുകമണമിറ്റുന്ന ഒറ്റമുറിയിൽ മറ്റെന്തും മറന്നെനിക്കായ്
കിടപ്പറയൊരുക്കവേ , യുദ്ധഭൂവിൽ ജീവൻ ത്യജിച്ച
യോദ്ധാവിനെക്കാത്ത് നോമ്പെടുപ്പവൾക്കുമപ്പുറം
നീ പുണ്യവതിയാവുന്നു, വാഴ്ത്തപ്പെട്ടവളെന്ന് കുറിക്കുന്നു
അബലയെന്നാർത്തു വിളിച്ചയൽക്കാരൊക്കെയും
കുലടയെന്ന് കൂട്ടിവായിച്ച് കഴുതപ്പുറമേറ്റാൻ തുനിയവേ
മനമിണങ്ങിയൊരുവനെ മറ്റൊന്ന് ഗണിപ്പതിലപ്പുറം
കണ്ടത്, കരകടത്താൻ ഇടയതാകുന്നുവെങ്കിൽ
പൊറുക്ക, അതിനുമപ്പുറം കിനാ കാണുക വരും
നല്ല നാളൊന്നതിലൊഴിയും നിൻ വ്യഥകളൊക്കെയും
കവിതയെയരുവിയെ കാനനക്കുളിരിനെ,നാട്ടുപച്ചയെ
കാമിപ്പതിലൊരു പാതി നിന്നെയും കണ്ട് ഞാൻ
കവിത ചൊല്ലി കലപില കൂട്ടി നിൻ കളിത്തോഴനായിടും
000000000000000000000000000000


2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

പ്രണയാന്തരം



ഊടുവഴികളിൽ നിന്ന്
വേലിപ്പടർപ്പിന്റെ കാവൽ നുണഞ്ഞ്
നാട്ടുപച്ച ഞരടി ഹൃദയപ്പെരുമ്പറ കേട്ടതും
മഞ്ചാടി മയിൽപ്പീലി മഷിവട്ട്
വർണ്ണപ്പൊതികളിലിട്ട് നിൻ
കൈവെള്ളയിൽ തൊട്ടതും
ദീപാലംകൃത നടയിലാരു കാണ്മതും
കാണാതെ നിന്നെമാത്രം കണ്ടു നിന്നതും
കണക്കും ക്രിയകളൊക്കെയും തെറ്റിച്ച് നീ
കുറുപ്പ് മാഷിന്റെ ചൂരൽക്കഷായം മോന്തവേ
കൂട്ടത്തിലാരുമറിയാതെ കണ്ണു ഞാൻ തുടച്ചതും
പ്രണയമായിരുന്നെന്റെ ജീവനായിരുന്നു
ഒരു ശ്വാസമൊരു ജന്മമതിനപ്പുറമജ്ഞാതം

സൈബർ തോപ്പുകളിൽ പുലരുവോളം
കണ്ടിരിക്കാനുദ്ധാരണ വാതിൽ തുറക്കാൻ
സ്ഖലന നോവിന്റെയാദ്യം വരെ കിന്നരിക്കാൻ
ആർത്തവ നാളിനെച്ചൊൽപ്പടിക്കു നിർത്താൻ
സുരക്ഷിത കാലം, ചർമ്മ സംസർഗ്ഗം, ബീജ നിർവ്വീര്യം
മാർഗ്ഗങ്ങളിൽ പര്യവേക്ഷണം നടത്താനൊഴുകാൻ
വിവാഹപൂർവ്വ വിനോദം, യൗവ്വനച്ചേഷ്ട
വാക്കുകളിൽ ശൗര്യം കുറച്ചെല്ലാം ലളിതമാക്കാൻ
എന്തെന്തു തന്നെ കാര്യ കാരണം ചൊല്ലിലും
കാലമെത്ര പുരോഗതിക്കൊടി കാട്ടിലും
ഒന്ന് മാത്രമടിയനു മോഹമുണ്ടാർത്തിയുണ്ട്
എല്ലാ ഭ്രമങ്ങൾക്കുമപ്പുറം
നിന്റെ ശാരീരം ഉയർന്ന് നിൽക്കണം
പ്രണയ പാരവശ്യങ്ങളുടെ
നിരാസ യൗവ്വനം താണ്ടി
ജരാനരയൊന്ന് പക്വത നേടണം
ഒടുവിലെന്റെയൊടുക്കത്തെ ശ്വാസവും
നിന്നെ നിന്നെമാത്രമോർത്ത് തേൻ ചുരത്തണം

0000000000000000000000000000000

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

കരൾ വെന്ത ശേഷം



കരളേയെന്നായിരം യാമങ്ങൾ
ഉറങ്ങാതെയെന്നെ വിളിച്ചവൾ
കൂരിരുട്ടിലാണെന്നറിഞ്ഞും
പടിയമർത്തിച്ചവിട്ടിയിറങ്ങി
കവിത നിന്നിൽ കുടിയിരിക്കുന്നു
കാവ്യഭാവമേഴു തിരിയിട്ടിരിക്കുന്നു
കാലത്തിന്റെ നാവാണു നീയെന്ന്
കോരിച്ചൊരിഞ്ഞവർ തിരമൂടിയകന്നു
വിയർപ്പിന്റെ പങ്കുപറ്റി നിത്യം
കൂലിയെണ്ണിയെടുത്ത ബന്ധമൊക്കെയും
കരൾ കരിയുന്നതിനൊരു നാഴിക മുമ്പേ
ദിക്കറിയാത്ത ദൂരം തെന്നി നീങ്ങിപ്പറന്നു
പിന്നെ,
വാദിപക്ഷവും പ്രതിപക്ഷവും നേരിന്റെ
തുല്യഭാരം പകുത്ത് സൂചിമുന കാട്ടവേ
നീതുന്യായപ്രസ്താവമില്ലാതെ ദൈവം
രാജിയായ് കാനനവാസം തിരഞ്ഞെടുത്തു
ആതുരാലയത്തിലഗതിമന്ദിരത്തിൽ
ആശ്രിതരില്ലാത്തവർക്കിടയിൽ കവിത ചൊല്ലി
കിറുക്കനെന്നാർത്തു വിളിപ്പവരെ വകഞ്ഞുമാറ്റി
ചിരിച്ചു നടന്നു ഞാൻ മഹാകവിയാകട്ടെ

ooooooooooooooooooooooo

2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

സ്വതന്ത്ര വിശ്വാസം



സാക്ഷ്യപത്രങ്ങളിൽ ജാതിവർഗ്ഗ മതവർണ്ണം
കോറിയിടാനെന്നെ നിർബന്ധമോതവേ
വിശ്വസിക്കുന്നില്ല ഞാൻ സ്വതന്ത്രനെന്ന്
ദേവപ്രീതിക്ക് പാൽപായസം, കനക തുലാഭാരം
പട്ടിണിബാല്യത്തിനെച്ചിൽക്കൂനയുമവഗണനയും
അമ്പലനട അഭയസ്ഥാനമെന്ന് കരുതുന്നില്ലയൊട്ടുമേ
നഖക്ഷതമേൽക്കാതെ ബാക്കിയായൊരു മുലക്കണ്ണു
രതിയാട്ടമാടി വികൃതമാക്കാത്തൊരു യോനീദളം
പാതിരാവിലൊരു പാതവക്കിലവശേഷിക്കാത്തിടം വരെ
സ്ത്രീയമ്മയാകുന്നതെങ്ങനെയനിയത്തിയായിടുവതും
കടുത്ത സാമ്പത്തിക അസമത്വം വിരിഞ്ഞ് ഭൂലോകം
കാലമെല്ലാം നിറഞ്ഞുടയോനടിയാളൻ നിലനിൽക്കവേ
സ്വർഗ്ഗനരകം വിധിനിർണ്ണയം ഇവിടെയല്ലാതെ മറ്റെന്ത്
കരമടവ്, ജപ്തി, ഭുജിപ്പതും ഔഷധവുമെന്തറിയാനാവാതെ
വാഴുന്നവനെയധികാരിയെ വണങ്ങിടാൻ മാത്രം വിധിക്കവേ
ജനാധിപത്യം കഴുമരച്ചോട്ടിലെന്ന് കനത്തിൽ കുറിച്ചിടുന്നു
വേദങ്ങളിലെഴുതിയിട്ടതെന്തും വെറുംവാക്കായുറയാതെ
വേദനിക്കുന്ന ഹൃത്തിലേക്കമൃതായ് കുരൽ ചീന്തിത്തെറിക്കട്ടെ
0000000000000000000000000000000

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ഞാൻ സ്വതന്ത്രനല്ല



എന്റെ ചിന്തകൾക്കുമേൽ
നിന്റെ നോവടയിരിക്കവേ
ഞാനൊട്ടും സ്വതന്ത്രനല്ല
എഴുത്താണിയിൽ നിന്ന്
ചുവപ്പൊഴുക്കാൻ ശൂലമെടുക്കയിൽ
സ്വാതന്ത്ര്യം ചിതലരിക്കുന്നു
ഭരണപക്ഷത്ത് നിന്നൊതുങ്ങി
പ്രതിപക്ഷത്തേക്കെത്താതെ
സ്വയം പക്ഷമെന്നൊടുങ്ങവേ
ജാതിമേലാളർ ശീട്ട് കീറുന്നു
ഉണക്കമീനിനു കാവലിരിപ്പവനു
സ്വാതന്ത്ര്യമെന്തവധിയെന്ത്
ഇനിയെന്റെ വിത്തുതോട്ടവും
വിതയും വിഷുപ്പുലരിയൊക്കെയും
നിന്റെ വിഷം തിന്ന് മുരടിക്കയിൽ
പാരതന്ത്ര്യത്തിന്റെ പതാകയുയരുന്നു
മുറ്റത്തിറങ്ങി ജയം വിളിക്കാനാവാതെ
മൂന്നാളു കൂടുന്നിടത്ത് മുഖം കാട്ടാനരുതാതെ
മുറിയടച്ചിരുന്ന് ഞാൻ സ്വതന്ത്രനാവുന്നു
000000000000000000000000

മധ്യ വർഗ്ഗ വിപണനം



മൃതമായ്ത്തീരുമന്നുവരേക്കും ഞാനീ
മണ്ണിൽ വിത്തുവിതയ്ക്കും വളമിടും
വിളയൊന്ന് നടാൻ നിന്റെ പാട്ടം പത്തും
വാങ്ങിയ മുൻപണത്തിന്റെ പലിശയെട്ടും
ലാഭവിഹിതം, തൂക്ക് കൂലി, തിലാനൊന്ന്
ലാക്കോടെ നീയെന്റെ വിയർപ്പൊക്കെയും
നക്കിക്കുടിച്ചെന്നെ വെറും വിയർപ്പായ്
നടുത്തെരുവിലേക്ക് വിടുന്നുവെന്നാകിലും
ഇല്ലയൊരുനാളുമെന്റെ സിരകളിൽ
ഇരച്ചുകയറില്ല മടുപ്പെന്ന മഹാമാരി
വാഴ നട്ടവൻ, കാച്ചിലിനു കിളച്ചവൻ
വെള്ളരി പടർത്തവനെന്നും പട്ടിണിയാകിലും
രസമോടെയുണ്ടെന്റെ കിടാത്തിയെ രസിച്ച്
രതിമൂർച്ഛകണ്ട് കുളിർകൊണ്ട് നീ കഴിയുന്നു
വരുമൊരു മഹാപ്രളയം വരുമത് നിശ്ചയം
വീണടിയും നിന്റെ മധ്യവർഗ്ഗ സിംഹാസനം
നട്ടു വെച്ചവൻ തന്നെ നാളൊക്കെയും
നല്ല വിളവൊന്നെടുത്ത് നാണ്യം കൊയ്തിടും
ഉറക്കമല്ലിത്, ധരിക്കായ്ക ഞാനുയിർ കെട്ടവൻ
ഉയർന്നിടുമുടൻ നാടിന്റെ ജീവ നാഡിയായ്
xxxxxxxxxxxxxxxxxxxxxxxxxxx

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

അപമൃത്യു കൊതിക്കുന്ന കവിത



വസന്തം വിളയാത്ത മുരിക്കു കാടുകളിൽ
തേക്കുപാട്ട് മറഞ്ഞ പുഞ്ചപ്പാടങ്ങളിൽ
ഉണ്ണാതുറങ്ങുന്ന കറുത്ത ബാല്യങ്ങളിൽ
ആകാശം കരുണ പെയ്യുമെന്ന വിശ്വാസം
പച്ചപിടിക്കാതെ പതിരടങ്ങാതെ പൊഴിയുന്നു

വിശപ്പ് തിന്ന് വൃണം വെച്ച വയറ്റുപാടയിലേക്ക്
സ്വർഗ്ഗാരോഹണത്തിന്റെ വേദമൊഴിക്കരുത്
ഗതികെട്ട് മാനമടിയറവെയ്ക്കുന്ന കിടക്കയിൽ
പരഗമനത്തിന്റെ പാപഫലം പ്രഘോഷിക്കരുത്

ഇരുളുവോളം വിയർപ്പ് ചിന്തി പിന്നന്നമുണ്ണുവാൻ
നിന്റെ കാലടി നക്കേണ്ട ദുരിതമാണു സത്യമെങ്കിൽ
അപമൃത്യു കൊതിപ്പത് മാനസിക വിഭ്രാന്തിയായ്
ഗണിക്കിലുമൊരു സർപ്പദംശനം കാത്തിടുന്നു

ഇനിയെന്റെ മരണം മറുചെവിയറിയും മുന്നവേ
ആറടി തോണ്ടിയെന്നെ മടക്കമില്ലാതൊടുക്കുക
മറിച്ചു ചിന്തിച്ചൊരു അഗ്നിമുഖം രുചിക്കാതെ 

ഒടുക്കത്തെ ശീലെഴുതും മുൻ യാത്രയാക്കീടുക
000000000000000000000000000

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വായിച്ചുതീരാത്ത പെണ്ണുടൽ




നിന്റെ പൗരുഷ്യത്തിലും പണക്കൊഴുപ്പിലും
ഞാനെന്ന വ്യക്തിത്വം മരിച്ച് വീഴവേ
സ്വർഗ്ഗവാതിലിന്റെ സാക്ഷ തുരുമ്പെടുക്കുന്നു
മഴ വർഷിക്കാത്ത ചിങ്ങ രാവുകളിലും
വളയണിയാത്ത ഋതുഭേദങ്ങളിലും
എന്റെ നിമ്നോന്നതികൾ മാത്രം ദൃഷ്ടികോണാവുന്നു
ആരും കണ്ണെറിയാത്ത ശ്മശാനഭൂവിൽ
നരിച്ചീറുകൾ സ്വപ്നങ്ങൾക്ക് മേൽ പടരവേ
കാത് കുത്ത്, കട്ടിളവെപ്പ്, തിരണ്ട്കുളി
ഒന്നുമൊന്നിലും കൂടിയാടാൻ വിലക്കി
കാര്യസാധ്യത്തിനപ്പുറം പെണ്ണുടൽ പടിയകറ്റുന്നു
വെന്തു തീരാത്ത മോഹ വലയങ്ങളിൽ
അരുതായ്മ കെട്ടിവെയ്ക്കുന്ന നീതി വഴികളിൽ
ഭ്രാന്ത ദാഹമകറ്റാൻ ചായമിട്ടവൾ മാത്രമാവുന്നു
എന്റെ ദേഹകാന്തിയൊക്കെയും മൊത്തിക്കുടിച്ച്
എന്നിലെയെന്നെയൊരു കണം ഗണിക്കാതെ
വെറും വിയർപ്പായ് ഞാനുറ്റിയൊഴിയവേ
ഉയിർക്കുമൊരുനാൾ നിശ്ചയമൊരു കടലായ്
ഒടുങ്ങുമതിൽ നിന്റെ തലയെടുപ്പൊക്കെയും
ആടിത്തീർക്കട്ടെയതുവരേക്കുമീ ദുരിത പർവ്വം
00000000000000000000000000

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മടങ്ങി വരാനായ് മറന്ന് പോയവൾക്ക്



നിന്റെ ഓർമ്മകളിപ്പോഴും
ചാരം പൊതിഞ്ഞ് മൗനം നോൽക്കുന്നുണ്ട്
സദാചാരം മത്താപ്പ് കൊളുത്തി
മത മൗലികത അമിട്ട് പൊട്ടിച്ച്
ആറടി തോണ്ടി കുഴിച്ചിട്ട അതേ തീവ്ര വേഗത്തിൽ
പതിനാറാണ്ട് പെരുമഴ കൊണ്ടാലും
പക തീരാതെ പുലയാട്ട് നട്ടാലും
നീ ഞാനായ് തന്നെ നിലകൊള്ളും
പ്രേമം പൂത്തുലയുന്ന കറുത്ത രാത്രിയിൽ
നിന്റെ കുടീരത്തിലേക്ക് ആസക്തിയോടെ
ഒരു മിന്നൽപ്പിണർ പറന്നിറങ്ങും
അന്ന്, പരകായപ്രവേശത്തിന്റെ
അമൂർത്താശയം കടംകൊണ്ട്
ഞാൻ നിന്നിലേക്ക് കുടിയേറും
പിന്നെ, നമ്മളെന്ന കരിമ്പനയുയർന്ന്
അതിനുമേൽ പ്രണയസൂര്യൻ ജ്വലിച്ച് നിൽക്കും

xxxxxxxxxxxxxxxxxxxxxxxxxxxx

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പൂരാട കാവ്യം



ദാരിദ്ര്യത്തിന്റെ തീക്കാറ്റ്,
ഏകാന്തതയുടെ അത്യുഷ്ണം
ഒടുങ്ങാത്ത ആരോഗ്യാസ്കിത
തുറക്കാതെ പോയ ജാലകങ്ങളിലൊക്കെയും
കിളിയൊന്ന് കൂട് വെച്ചിരുന്നെന്ന അറിവ്
കരുണ പെയ്യാത്ത കറുത്ത വാവുകളിൽ
വേദ വേദാന്തം പറഞ്ഞപഹസിക്കായ്ക
പട്ടിണിയുടെ അമ്ളം രുചിക്കയിൽ
വചനമോതി വീഞ്ഞ് മോന്തിയൊരു പാതിരി
വർണ്ണങ്ങളൊക്കെയും വഴികെട്ട് പോയവനെ
മഴവില്ലുകാട്ടി മോഹം വളർത്തായ്ക
നീയൊന്നുണ്ടെന്ന് കൺ കാണാതെ തന്നെ
കാലമെല്ലാം കൺകോണിനുള്ളിൽ കൊണ്ട വിശ്വാസം
ഇന്നു നിന്റെയൊറ്റക്കണ്ണിന്റെ വീക്ഷണ പഥത്തിൽ
ഒരുപറ്റം കപട ഭക്തർ മാത്രം രക്ഷ നേടവേ
എതിർക്കാനും സ്തുതിക്കാനുമിടകൊള്ളാതെ
കണ്ണീരുതിർക്കാതെ കവലനാടകമാടാതെ
തുലാവർഷത്തിനപ്പുറമൊരു വേനൽപ്പെരുമഴ
തിമിർത്ത് പെയ്യുമെന്നുമതിലൊഴുകിയൊടുങ്ങും
ദുരിതക്കനലൊക്കെയുമെന്നായ് ഉറച്ച് കൊണ്ട്
എഴുതിത്തീർക്കട്ടെ ഞാനെന്റെ പൂരാട കാവ്യം
000000000000000000000

വഴിയൊടുക്കുന്ന വേദാന്തം



എന്നെ നീ വായിക്കുമ്പോൾ
ഞാൻ അവതാര പുരുഷനും
നീ ദേവ പ്രതിനിധിയുമാകുന്നു

നീ നിഷേധിച്ചതാണു, മതിൽ പടുത്തതും
നീയെരിച്ച് കളഞ്ഞതാണൊടുക്കിയതും
സഹതാപക്കണ്ണിന്റെ കപട കോണിൽ
കൊട്ടിഘോഷിക്കുന്ന ദാനക്കൈകളിൽ
ഞാൻ മരണമില്ലാത്ത അവിശ്വാസിയാകുന്നു

ശംഖനാദത്തേക്കാൾ ഉച്ചത്തിലൊരിക്കലും
കറുത്ത തെരുവുനായ്ക്കൾ ഓരിയിടരുത്
കഴുതയ്ക്ക് തിരുവസ്ത്രമിട്ട് പട്ടം കൊടുത്ത്
കുമ്പസാരം കേൾക്കാൻ കൂട് പണിയായ്ക
നരച്ച താടി രോമങ്ങളിൽ മൈലാഞ്ചിയിട്ട്
വ്യഭിചാര ശാലയുടെ സാക്ഷയിളക്കുന്നു

വിശപ്പൊരു കടുത്ത വികാരമാണെന്നും
ഒറ്റപ്പെടലൊരു നിത്യ ശാപമാണെന്നും
കാലമെല്ലാം വെറുക്കപ്പെടേണ്ടവനെന്നും
തിരിച്ചറിയുന്നിടത്ത് വഴിയവസാനിക്കുന്നു
ooooooooooooooooooooooooooo

2016, ജൂലൈ 24, ഞായറാഴ്‌ച

മൗന വത്മീകമുടച്ച്. . .



പ്രിയ സഖീ ഞാനറിയുന്നു
ഒരു മഴയൊന്ന് ഉറഞ്ഞ് പെയ്താൽ
മറുകണം തളിർക്കാവുന്നത്ര മാത്രമേ
എന്റെ കവിത കരിഞ്ഞ് പോയിട്ടുള്ളുവെന്ന്
വെറുപ്പിന്റെ ശിലാപാളികൾ
മനസ്സിലാഴത്തിൽ ലാവയുരുക്കിയൊഴിക്കുന്ന നേരവും
കവിത കെട്ടുപോവാതെ ജ്വലിച്ചിരുന്നിരിക്കണം
പൗരോഹിത്യ ജാഢകളൊരുപുറം പുത്തൻ
മതശാസനകളുരുവാക്കി തൻകാര്യം നേടവേ
കവിതയെന്നെ മുഷ്ടിചുരുട്ടാൻ മുരളാൻ
ഉള്ളിലൊരു നൂറുവട്ടം പ്രേരകം പതച്ചിരുന്നു
രാഷ്ട്രീയ നപുംസകങ്ങളൊട്ടും ദഹിക്കാത്ത
ജാതി സംയുക്തമുരുവാക്കി, കൊടിപിടിക്കാൻ
കടിച്ചുകീറാനാഹ്വാനം ചെയ്യവേ
ഭോഷ്ക് ഭോഷ്ക്കെന്നെന്റെ കവിത
എനിക്കുണർത്ത് പാട്ട് പാടിയിരുന്നു
മുടിച്ചുരുൾ മുത്താൻ തന്ന് മടിശ്ശീലയഴിക്കുന്ന
മുടിഞ്ഞ മതമേലാള ശാസനകളിൽ നിന്ന്
കൂടപ്പിറപ്പിന്റെ കരളിൽ കഠാര താഴ്ത്താനോതുന്ന
വെറുപ്പിന്റെ കൊടിക്കൂറകളിൽ നിന്ന്
മൗനത്തിന്റെ കടും കെട്ട് പൊട്ടിച്ച്
എന്റെ കവിതയിനിയും കിനിഞ്ഞിറങ്ങും
അന്ന്, ദേഹവും ദേഹിയും മണ്ണെടുത്ത് പോകിലും
പെരുമഴയായെന്റെ കവിത തിമിർത്ത് പെയ്യും
zzzzzzzzzzzzzzzzzzzzzzzzzzzz

കരുണ പൂക്കാത്തൊരു ജാലകക്കീർ



പെയ്തിറങ്ങുന്ന വർഷ മേഘങ്ങളിൽ
ഒഴുകിയൊടുങ്ങുന്ന പുഴ വേഗങ്ങളിൽ
വിടരാതെ കൊഴിയുന്ന മലർ മൊട്ടുകളിൽ
നിയതിയുടെ നിത്യ സൗന്ദര്യത്തിൽ
ഒട്ടും രസം കാണാതെ കാലമെല്ലാം
നിന്റെ ശരീര ശാസ്ത്രത്തിലേക്ക് സാകൂതം
കണ്ണുപാകി ഞാൻ കണക്കെഴുതുമ്പോൾ
ഹരണ ഗുണനങ്ങൾക്കുമപ്പുറം വെറ്റിലത്തളിരിൽ
മഷി കുടഞ്ഞ് വിധിയെഴുതിയുറഞ്ഞ് തുള്ളി
നാഴിക കാക്കുന്ന ന്യായാസനമായ് നീ മാറുന്നു
നിന്റെ യൗവ്വനത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ
നിന്റെ പുറം ചുമലിന്റെ മാംസക്കാടുകളിൽ
ചൂണ്ടക്കൊളുത്തിട്ട് വലിക്കുന്ന കൺകോണിൽ
കവിതയും കാമവും വേർതിരിക്കാൻ നോക്കവേ
പരധാരങ്ങളെപ്പുൽകിയോനെന്നെന്നെ വീണ്ടും
പടിപ്പുറമടച്ച് മന്ത്രമോതി പുണ്യാഹം തളിച്ച് നീ
ജാതി സൂക്ഷിപ്പ്കാരിയായെന്നെ ഊരുവിലക്കുന്നു
ഇനി നിന്റെ വികല വ്യവസ്ഥയും വാക്കും കടന്ന്
കറുകയുടെ തുമ്പിലെ ജലബിന്ദുവൊളിക്കും സൂര്യനെ
തകരയുടെ തളിരിൽ സുഖ നിദ്രയാകും പുഴുവിനെ
കമുകിന്റെയറ്റത്തൂയലാടും ചെറു കുരുവിയെ
കാടിനെ കർക്കിടകപ്പെരുമഴയെയരുവിയെ
കാമിച്ച് കാലം കഴിച്ചൊട്ടു ഞാൻ കിറുക്കനാവട്ടെ
00000000000000000000000000000000



2016, ജൂൺ 25, ശനിയാഴ്‌ച

മൃഗ ബലി


എന്റെ ഉദരത്തിലുള്ളത് ഭൂമി തൊടും വരേയ്ക്കെങ്കിലും
വെറും മാംസമാമീ ജീവനെ നീ വെറുതെ വിട്ടേക്കുക
നിന്റെ പൂജയ്ക്ക് ദ്രവ്യമാകുന്നതിലും മഹത്തരം
എന്റെ ജീവിത ധർമ്മത്തിനു കരുവാകുന്നതേ
അറവു കത്തി കഴുത്തിൽ തൊടും വേളയും
ഗർഭസ്ഥ ശിശുവിനൊന്നുമേശല്ലെന്നെണ്ണി
ഒട്ടുമിളകാതെ നിലകൊൾവതെന്റെ മാതൃ മാനസം
നിന്റെ മോക്ഷം, സ്വർഗ്ഗപ്രവേശം, മുക്തി
ഒരു ജീവനെ ബലിയിടുവതിലെന്ന് നീ ഗണിക്കിൽ
എന്റെ ഗണത്തിലെ മൃതപ്രായരെ എടുത്തേക്കുക
മൂക്കു മുട്ടെ മാംസം ഭുജിക്കലും മൂന്നു വേള ഭോഗിക്കലും
പിന്നെ വെറുതെയൊന്ന് മുട്ടുകുത്തി പ്രാർത്ഥിക്കലും
മാത്രമാണു ദൈവ സന്നിധിയിലേക്കുള്ള മാർഗ്ഗമെന്ന്
തന്നിംഗിതം മാത്രമോർക്കുന്ന പുരോഹിതൻ
നിന്റെ ബോധമണ്ഡലത്തിലെരിച്ചു ചേർക്കിലും
മർത്യനെന്നഹങ്കരിച്ച് മതിമറക്കുന്നയൊരു മാത്രമാത്രം
നിന്റെ ബുദ്ധി, ചിന്ത, മസ്തിഷ്ക വികാസം കൊണ്ട് നീ
കൂട്ടിക്കിഴിച്ച് ശിഷ്ടം വരുന്നതെങ്കിലും നോക്കുക
നീ വസിക്കുമീ ഭൂവിലതേ അധികാര നിലയിൽ
വാഴാനുരിമ കൊണ്ടൊരു ജീവനെ ഗർഭസ്ഥാവസ്ഥയിൽ
കുഴിച്ച് മൂടി സ്വർഗ്ഗപ്രാപ്തി കൈവരിക്കാമെന്ന
മൂഢ വിശ്വാസിയാണു നീയെങ്കിലഹോ
മറ്റെന്തുമാറ്റമൊരു പാഴ്ക്കിനാവിൽ നിന്ന്
സ്വർഗ്ഗം, നരകം, വിധി, ദൈവേച്ഛ ആയതെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxx

2016, ജൂൺ 9, വ്യാഴാഴ്‌ച

ചുരമിറങ്ങി ചുങ്കപ്പുരയിലേക്ക്. . .


നട്ടുച്ച നേരത്തെന്താണു ചുരം പാതയിൽ
കാഴ്ചയുണ്ടാവുക
ഷാഫാന്റെ മകൻ ഗമാറിയായോടോ
ജോസിയായുടെ പുത്രൻ യഹോയാക്കിമിനോടോ
അരുളപ്പാടിനെക്കുറിച്ച് വാചാലനാവാം
എദോമ്യറോ, മൊവാബ്യറോ, അമോന്യറോ
കടന്നു ചെല്ലാത്ത മലഞ്ചെരിവുകളിൽ
നഷ്ടപ്പെട്ട കുഞ്ഞാടിനെ തിരയുകയുമാവാം
എക്ബത്താനായിലെത്തി സാറായെ പ്രണയിക്കവേ
ആറാം പ്രമാണം ലംഘിച്ചവനെന്ന് നീയെന്നെ
സുക്കോത്തിലേക്ക് നാടുകടത്തരുത്
യവം കൊയ്യുന്ന കടുത്ത ചൂടിലോ
അയായുടെ മകൾ റിസ്പാ, സ്ത്രീയായ നാളിലോ
സാക്ഷ്യം ചൊല്ലാൻ ഞാനിവിടെ ശേഷിക്കരുത്
സെന്നാക്കെരിബിന്റെ അധികാര പരിധിയിൽ നിന്ന്
മത്സ്യത്തിന്റെ ചങ്കും കരളും പുകയ്ക്കുന്ന ധൂമക്കുറ്റി താണ്ടി
കൂരിരുളിൽ വസിക്കാനുള്ള നിത്യ ശാപമകറ്റി
ഒലിവു മലയ്ക്കരികെ,നഗര കവാടങ്ങൾ തുറന്നിരിക്കുന്ന
ജറീക്കോയിലേക്ക് ഞാൻ പറന്നിറങ്ങും
അവിടെ ചുങ്കപ്പുരയുടെ ആധിപത്യമെനിക്കായിരിക്കും
നാർദിൻ തൈലവും നിന്റെ മുടിച്ചുരുളുകളുമായ്
എന്നെ കാലമെല്ലാം പരിചരിക്കേണ്ടവളാകും
എങ്കിലും എന്നിലൂടെയല്ലാതെയാരുമൊരിക്കലും
നിത്യ സ്വർഗ്ഗം അടുക്കയില്ല, കാരണം
വഴിയും സത്യവും ജീവനും ഞാൻ മാത്രമാകുന്നു
000000000000000000000000000
 

2016, മാർച്ച് 18, വെള്ളിയാഴ്‌ച

അന്ത്യാഭിലാഷം



ആർത്തിമൂത്ത് മഞ്ഞച്ച കൈകൾ
എന്നൊടുക്കത്തെ മണ്ണും വാരിയെടുത്ത്
ഒരിറ്റ് കണ്ണീർ വീഴ്ത്തുവാൻ പോലുമിടമില്ലാതെ
കനവിലെ സ്വർഗ്ഗം എരിഞ്ഞൊടുങ്ങുന്നു
നീരൊഴുക്കിന്റെയന്ത്യ നൂൽ ബന്ധവും
നക്കിത്തുടച്ച് നരക നൃത്തം ചെയ്യവേ
നഗ്നയായെന്റെ പുഴ കരഞ്ഞൊടുങ്ങുന്നു
ഇന്നലെ പാർത്തു ഞാൻ ഉറങ്ങിയുണരവേ
എന്റെ കുന്നിരുന്നിടമൊരു നോവ് മാത്രമാവുന്നു
തകരയില്ല തഴുതാമയില്ല പൂവാംകുറുന്നില്ല
കറുക, തെച്ചി മുക്കുറ്റി പടിയിറങ്ങിയ പേരുമാത്രമാവുന്നു
കാടൊതുങ്ങി കരിങ്കൽ സൗധമുയരവേ
കാറ്റുപോലും തീർത്തുമന്യമാവുന്നു
നേരമില്ലൊട്ടുമാധിയില്ല, നാട്ടുപച്ച പൊയ്പ്പോയതിൽ
ദു:ഖം തരിമ്പുമില്ല, കുറിക്കാൻ വാക്കൊന്നുമില്ല
ഇനിയെന്റെ കാൽകീഴിലെ മണ്ണലിഞ്ഞ്
നരക നെരുപ്പിലേക്ക് ഞാൻ വീണടിയും
അതിനുമൊരു നൊടിയൊരുകണമൊരു മാത്ര മുമ്പ്
അടിയനൊരാഗ്രഹം മാത്രം ബാക്കിയുണ്ട് വിഭോ
ഒരു പെരുമഴ കാണണം, ഇടിവെട്ടി തിമിർത്ത് പെയ്യുന്ന മഴ
ചിണുങ്ങിത്തുടങ്ങുന്ന ആദ്യ മാത്രമുതലതിൽ ജീവിക്കണം
അത് പെയ്തൊടുങ്ങുന്ന വേളവരെ വാഴണം
പിന്നെ, ഇല പെയ്ത് തീരുന്നതറിയാതെ കണ്ണടയ്ക്കണം
നരിക്കും നായ്ക്കും നരനായ് പിറന്നൊരാൾക്കും പാർക്കാനാവാതെ
ദേഹമെന്റേതൊഴുകിയൊടുങ്ങണമതിലൊരു കവിത പോൽ

xxxxxxxxxxxxxxxxxxxxxxxxxxxxx

2016, മാർച്ച് 10, വ്യാഴാഴ്‌ച

യാത്ര പറയാതെ പോയവനോട്. . .


അസഹിഷ്ണുതയുടെ മേലാപ്പണിഞ്ഞ്
അന്യ ദൈവങ്ങൾക്ക് തെറിപ്പാട്ട് നേരുന്ന
വിശ്വാസത്തിന്റെ നാട്ടിൽ നിന്ന്
കനമൊഴിയുന്ന കനക ഭൂവിലേക്ക്
തീർത്ഥയാത്ര പോയവൻ നീ


സുരപാന പ്രാപ്തിയുടെ തെരുവോരങ്ങളിൽ
പുലരുവോളം നടനമാടിയൊടുവിൽ
അന്നം തേടിയ വിയർപ്പിന്റെ കൈകളിൽ
മർത്യഹത്യയുടെ കൊടും പാപം കെട്ടിവെച്ച്
രക്ഷപ്രാപിച്ചവനെ വിശുദ്ധനായ് വാഴിക്കും
ഊരുകൂട്ടം ഉലാവുന്ന താഴ്വരയിൽ നിന്ന്
സ്വാസ്ഥ്യത്തിന്റെ ഹിമം പെയ്യുന്ന
സ്വർഗ്ഗ മണ്ണിലേക്ക് ചേക്കേറിയവൻ നീ


നിർബന്ധിത വേഴ്ചയ്ക്കും നരകതുല്യ  വാഴ്വിനും
കളമെഴുതാൻ മാത്രമായ് തീർക്കുന്ന വേളിയും വിശ്വാസവും
ചവറ്റുകുട്ടയിലെറിഞ്ഞ്, സഹശയന സ്വാതന്ത്ര്യം
സാധാരണമാക്കണമെന്ന് മുദ്രാവാക്യം മുഴക്കുന്ന
സർവ്വകലാശാലയിൽ നിന്ന്, നേരിന്റെ ഗുരുമുഖത്തേക്ക്
ഒരു തീവണ്ടിയൊച്ചയായ് കൂകിയകന്നവൻ നീ


തിരിച്ചു നൽകാം നിനക്കു ഞാനെന്റെ കരളിന്റെ
കതിർപ്പാടവും കനിവിന്റെ കാഴ്ചകളൊക്കെയും
പുനരുരുവാക്കിടാം പൊയ്പ്പോയ സത്യവും വിശുദ്ധിയും
കൂട്ടു വ്യവസ്ഥയും കുടുംബ കെട്ടുപാടും കരുണയും
പിടിച്ചെടുത്തിടാമസ്തമിച്ചൊടുങ്ങിയ സ്നേഹ വായ്പും
പ്രേമ സല്ലാപവും പവിത്ര ബന്ധങ്ങളൊക്കെയും
മടക്കമാവുക, നീ വസിപ്പതെത്ര പവിഴ കൊത്തളത്തിലാകിലും


താന്താൻ പിറന്ന മണ്ണു പാവനമായ് കാക്കുന്നതേ സമരം
കൂടെയുണ്ടുറങ്ങി കനവുകണ്ട ലോകം സത്യമാക്കുന്നതേ ജീവിതം

000000000000000000000000000000000000

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഭാവ ഗായകനോട്. . .




വരിക പ്രണയ ഗായകാ
ഇനിയുമൊരു പുതു വസന്ത തംബുരു മീട്ടുവാൻ
ഇത് നീർമാതളം പൂത്ത നാടിത്
ഉത്തമഗീതം പ്രാർത്ഥനാ വേദമായോതുന്ന,
ലൈലാ മജ്നുവിനെ പ്രകീർത്തിക്കുന്ന നാട്
പ്രേമ വായ്പുകളെ ഓംകാര മന്ത്രം പോൽ
പുലർ വേളതൊട്ടു പ്രദോഷം വരെ നിത്യവും
ഉരുക്കഴിച്ചുണരുന്ന, പരശുരാമ ഭൂമിയിത്
സ്വപ്നം മതിവരുവോളമാസ്വദിക്കുവാനില്ല
നേരമൊട്ടുമില്ല ഉണ്മയത്രമാത്രമുണ്ട് കൊറിക്കുവാൻ
വ്യഭിചാരക്കുറ്റം തെളിയിക്കപ്പെട്ടവൻ
വേദാന്തമോതിക്കയ്യടി കൊള്ളുന്ന കവലയിത് കാണുക
സ്വർണ്ണമൊന്തയിലമൃത് മൊത്തിക്കുടിച്ചപിൻ
ദാരിദ്ര്യം സ്വർഗ്ഗത്തിലേക്കുള്ള പാതയെന്ന്
ദൈവ വചനം വിളമ്പുന്ന പാതിരിയുടെ വീട് കാണുക
ഭരണമേധാവിത്വത്തിന്റെ തിരുവാസനം തുടച്ചപിൻ
പൊതു മുതലിൽ കൊള്ളകൊണ്ട കോടിയിലൊരു പാതി
പൊതിഞ്ഞെടുത്ത് ശേഷം ഒരുവേളയ്ക്കപ്പം കട്ടവനെ
കൽത്തുറുങ്കിൽ തൂക്കിലേറ്റുന്ന ന്യായാധിപ വേഷം കാണുക
പുലരുവോളം മധു ചഷകം കയ്യിലേന്തി
ബോധമണ്ഡലം തകർന്നപിൻ നഗ്നനായ്
കുത്തിക്കുറിച്ച പൊട്ടത്തരമൊക്കെയും
അത്യന്താധുനികമെന്ന് പുലമ്പി വമ്പോടെ
നല്ലവാക്കു നാലെണ്ണം പ്രാസം ചേർത്ത്
ആലങ്കാരികമായ് മൊഴിഞ്ഞവനെ
വാളെടുത്തവനൊക്കെയും വെളിച്ചപ്പാടെന്ന്
അവമതിക്കുന്ന കവികുലം വാഴുമൊരു
അക്കാദമിക് വിണ്ടലം കൺ കുളിർക്കെ കാണുക
അരുത്, ഭവാൻ വന്ന വഴി തന്നെ മടങ്ങരുത്
ഉണ്ട് കാഴ്ചകളനവധി കൊള്ളുവാൻ
ശേഷം അമ്പെടുത്തൊടുക്കുവാൻ, കരിക്കുവാൻ
അല്ലെങ്കിലവിടുന്ന് പുനരവതരിക്കുകയടിയന്റെ
എഴുത്താണിത്തുമ്പിലൊരു വജ്രാവരണമായെങ്കിലും
000000000000000000000000000000


പ്രവാസ റംസാൻ

പലചരക്കു കടയിലെ പറ്റധികരിക്കുന്ന മാസമാകയാൽ പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ പോക്കരേക്കാൾ തനിക്കൊട്ടും പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ ...