2016, നവംബർ 14, തിങ്കളാഴ്‌ച

അസാധുവാകാത്ത കവിത



ഒറ്റരാത്രി പുലരുമ്പൊഴേക്കും
പടികടത്തപ്പെടുന്ന ചില സത്യങ്ങളുണ്ട്
കണ്ണു ചിമ്മിത്തുറക്കുന്നതിനിടെ
ഒന്നുമല്ലാതായ്ത്തീരുന്ന ചില ബന്ധങ്ങളും
ആകാശവും ഭൂമിയും നഷ്ടമായി
പുഴവഴി തേടവേ ബോധിത്തണൽ 
വിദൂരതയിലേക്ക് പാഞ്ഞകലുന്നു
കൈമാറ്റം ചെയ്യപ്പെടുമ്പോൾ മാത്രമാണു മൂല്യമെന്നും
പുഞ്ചിരി പൂഴ്ത്തി വെച്ച് പിണമായതെന്നും 
തിരിച്ചറിയും മുമ്പേ മുകളിൽ മണ്ണു കനമേറുന്നു
കൊട്ടിഘോഷിക്കാതെ പോയ വാക്കുകളിലല്ല
കണ്ണീരു തിന്ന വ്യഥകളിലാണു കവിതയുടെ വിത
ഏറ്റുവിളിക്കാനാരുമില്ലാത്ത മുദ്രാവാക്യങ്ങളിൽ
തോറ്റുകൊടുക്കാനുള്ളതല്ല ജീവിതം, അറിയുക
തോറ്റം പാട്ടുപാടി ഉടവാളെടുത്തുറഞ്ഞ് തുള്ളി
അമാവാസിതീരുവോളം കൊമ്പും കുഴലെടുത്താലും
അര നാഴിക സ്വാസ്ഥ്യം കെട്ട് ദുരിതം ചവച്ച്
കവിത കുറിക്കുന്ന നോവിന്റെ നാലയലത്ത്
നീയും നിന്റെയൊമ്പത് തലമുറയും എത്തുകില്ലെന്ന
സത്യം കൊടുമുടിതീർത്തെന്നിലെഴുന്ന് നിൽക്കവേ
മൂല്യം വറ്റാത്ത കാവ്യമായ് ഞാൻ സാധുവാകുന്നു
000000000000000000000000




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...