2016, നവംബർ 26, ശനിയാഴ്‌ച

ഒഴുക്കൊടുങ്ങാത്ത കവിത


വിഷൂചിക പെയ്യുന്ന കീഴ്ക്കാംതൂക്കിൽ നിന്ന്
സ്വപ്നം നിഷേധിച്ച എന്റെ സമതലത്തിലേക്ക്
വീണ്ടുമൊരു പ്രണയമായ് നീ തിരിച്ചൊഴുകുക
വിയർപ്പൂറ്റിക്കുറുക്കിയ ഉപ്പു പരലുകൾ ചേർത്ത്
വർണ്ണാഭമായൊരു നാളെകൾ പണിയവേ
ഒരു കൊടുങ്കാറ്റ് വിതച്ചതൊക്കെയും, ചോരൻ
കൊയ്തുപോകുന്ന നെറികെട്ട വ്യവസ്ഥയിൽ
മണ്ണിന്റെ മണം മറന്നു നീ കയ്യിൽ നിണമണിയുക

ആരവങ്ങളിൽ ആൾക്കൂട്ടങ്ങളിൽ അരമനയിൽ
അംഗീകരിക്കാതെ പോകിലും ഒടുങ്ങാതെ പെയ്യും
അശരണർക്കായുള്ള ശംഖനാദമായെൻ കവിത
ഇന്നലെയറിച്ച പോക്കുവെയിലൊക്കെയും കൊണ്ട്
നീ പൊൻ നിറമണിഞ്ഞ് പൂത്ത് നിൽക്കുന്ന നേരവും
ഒരു പൂജയ്ക്കുമൊരു പുലർ വേളയ്ക്കുമുതവാതെ
മലരണിഞ്ഞ് ചാഞ്ഞിരിപ്പുണ്ടറിയുക തൊടിയിൽ ഞാൻ
ഉമ്മറത്തൊക്കെയും ഓണം വിഷു  സംക്രാന്തി ആടയിൽ
കാട്ടുകിഴങ്ങും കൂട്ടിനു വിപ്ലവ ഗാനവും മാത്രമായ് ഞാനലയും
ഇനി നിന്റെ വെടിയേറ്റ് ഉയിരറ്റ് ഈ കാട്ടുവഴിയിൽ ഞാൻ
വീണൊടുങ്ങി വെന്തെരിഞ്ഞ് പോകിലും ഒഴുക്കടങ്ങുന്നില്ല
നിന്റെനാഗരികതയ്ക്ക്മുകളിലെന്നുമലയടിക്കുമെന്റെയാശയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...