2014, ഡിസംബർ 18, വ്യാഴാഴ്‌ച

വിധവ


വസന്തം മധു ചുരത്തിയ മുതൽ ദശയിലൊരു നാൾ
പറിച്ചെറിഞ്ഞെന്നിലെ പ്രിയതരമായതൊക്കെയും
പകരമെനിക്കേകിയതൊരു സഹതാപക്കാഴ്ചയും
വിധവയെന്നൊരു കടും വെറുപ്പിന്റെ വിളിപ്പേരും


കാണാൻ നിറങ്ങളിലാറാടിയ ആയിരം സ്വപ്നങ്ങളും
പകരാൻ നെഞ്ച് നിറഞ്ഞ് കവിയും നൽ സ്നേഹവും
പാടാൻ പ്രണയ ഗാനവും, കുറിച്ചിട്ട നൂറു കവിതയും
കരിഞ്ഞു വീണതെല്ലാം വെറും നൊടിയ്ക്കുള്ളിലായ്


ഉണ്ട് കാരണം പലത് നിങ്ങൾക്കു കാണുവാൻ
ശുദ്ധ ജാതകം, ഗ്രഹനില, സർപ്പ ദോഷമങ്ങനെ
ശവതുല്യയായിന്നു നാളുകഴിപ്പതിലിത്ര ക്ലേഷമായ്
ഉന്മാദാവസ്ഥയിൽ വെന്തു വിരഹമുണ്ട് തീരുന്നു


മന്ത്രമുരുക്കഴിക്കും തിരുവമ്പല നടകളിൽ
ശാന്തി ശാന്തിയെന്നോതും പുരോഹിതർ
ശിവാവതാരമായ് സദാചാരം കാക്കുവോർ
മൂവന്തിനേരം മൂളിപ്പാട്ടുമായ് വരുവതെന്തിനോ


തെറ്റായൊരുമാത്രയൊന്നും കണ്ടില്ലയോർത്തില്ല
മറ്റൊരാളൊത്ത് മനസ്സിലെങ്കിലും ശയിച്ചില്ല
മങ്കയാണു ഞാനെന്ന വിചാരമുണ്ട് വേപഥുണ്ട്
തീരാ മോഹം തലയിണയിലമർത്തി വെയ്പൂ


വിധവയെന്നെന്റെ വേദനയുടെ പേരുമാറ്റി
പതിതയെന്നു പതിച്ചു തന്നു പുലഭ്യം പറഞ്ഞു
പത്താളു കൂടുന്നിടത്തെല്ലാം പറഞ്ഞാടാൻ
വേശ്യയായ് വാഴ്ന്നു തീർക്കുന്നു കാലമെല്ലാം

000000000000000000000000000000

2014, ഡിസംബർ 10, ബുധനാഴ്‌ച

ചുംബന സ്വാതന്ത്ര്യം


പെറ്റവളോടൊത്ത് പെരുവഴി തെണ്ടവേ
പിൻ വിളി വിളിച്ചവൻ ജാതി ചോദിക്കുന്നു
കൂടെപ്പിറന്നവൾക്ക് കൂട്ട് പോകവേ
കണ്ടവനൊക്കെയും കാര്യം തിരക്കുന്നു
മതി മറന്ന് മനം തുറന്ന് ചിരിക്കവേ
മതമേലാളന്റെയസഭ്യ വർഷം
ദൈവ സന്നിധിയിൽ നൊന്ത് കരയവേ
താലി കെട്ടിന്റെ സാക്ഷ്യപത്രം തേടുന്നു
ഇനിയെന്റെ മണ്ണിലൊരു യുഗ്മ ഗാനം പാടാൻ
തെരുവീഥിയൊക്കെയും തുണയായ് പോകാൻ
കൊതി പൂണ്ട് മതി കൊണ്ട് കഴിയുന്നുവെങ്കിലും
ഇല്ല ഞാനില്ല ചുംബിച്ച് തീർക്കാൻ
ഒരു കണവുമാകില്ല കെട്ടിപ്പുണരാൻ
സ്നേഹമെന്നുള്ളിൽ നിന്നുറവയായ് ചുരത്താൻ
പ്രണയ പാരവശ്യം പകർന്നാടിയൊഴുകാൻ
ആവില്ലൊരിക്കലുമൊരു പകൽ ചൂടിൽ
പ്രണയം തെരുവിലേക്ക് വലിച്ചിഴക്കുന്നോൻ
സമത്വ സ്വാതന്ത്ര്യം ചുണ്ടിൽ പുരട്ടിയോൻ
പ്രഘോഷിക്കുന്നില്ലൊരു പാവന സ്നേഹം
തമ്മിലുരുണ്ട് സ്ഖലിച്ച് തീരാൻ
തെരുവു നായ പോലും മറയൊന്നു തേടും


xxxxxxxxxxxxxxxxxxxxxxxxxxxxxx

2014, ഡിസംബർ 6, ശനിയാഴ്‌ച

കല്ലറയിലേക്കൊരു കാതമളന്ന്. . .



വിഭവ നിരാസകനൊരുവനെന്നെ
വിടാതെ പിന്തുടരുന്നതറിയുന്നു
വട്ടുരുട്ടി വട്ടം ചാടി തകര തല്ലി
വയലും വരമ്പും തോടും നിരങ്ങി
വീടണയുമൊരു ബാല്യം വെറുതെ
വിത്തിനെങ്കിലുമെറിയാതെയെന്നിൽ
വെറുങ്ങലിച്ച് വീണെരിഞ്ഞിരുന്നു


കഥയില്ലാതെ കളിക്കൂട്ടില്ലാതെ
കിന്നാരം പറയാനൊരു കിളിയില്ലാതെ
കലാലയവും കാത്തിരിപ്പുമില്ലാതെ
കാണാനൊരു കിനാവില്ലാതെ
കത്തുന്ന നഗരത്തിന്റെ കരിമ്പുകയിൽ
കൊഴിഞ്ഞു പോയ യൗവ്വനകാലം
കിരാത പർവ്വം തഴമ്പിച്ചു കിടക്കുന്നു


സ്വന്തമായൊരു വിലാസമില്ലാതെ
സ്വപ്ന തുല്യമൊരു വാമഭാഗമില്ലാതെ
സാഗരം സരിത്തും സ്വയം വരവുമില്ലാതെ
സഹിച്ചും ക്ഷമിച്ചും കരിഞ്ഞു തീരാൻ
സൂര്യനു കീഴിൽ വെറുമൊരു കരിന്തിരിയെരിയുന്നു


ഒടുവിലെന്റെ വാക്കുകളൊക്കെയും
ഒടുങ്ങാത്തൊരു ഒഴുക്കായ് വന്ന്
ഓരോ കല്ലറയും പിളർന്നതിൽ നിന്ന്
ഒപ്പിയെടുക്കുമെന്റെയസ്തിത്വം
ഒറ്റപ്പെട്ടൊഴിയട്ടെ അന്നുവരേക്കുമീ ഞാൻ


0000000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...