2022, മേയ് 30, തിങ്കളാഴ്‌ച

മൈനാകം കാത്തിരിക്കുന്നു



ആതിരേ, ഈ ഇരവിലൊരു പനിമതിയായ്

എന്നിലുണരൂ നീയെൻ ദേവ സംഗീതമേ

കാതരേ, കടമിഴിയിലൊരു കവിതയുമായ്

നീയണയൂ ആർദ്രമെൻ പ്രണയസ്വരൂപമേ


ഏതോ വേണു ഗീതികളുയരുന്നു സാന്ദ്രമായ്

നീയോ, ദൂരെ മറയുന്നു വെൺ മേഘമായ്

ഹൃദയ വേദിയിലൊരു പ്രണയ നാട്യവുമായ്

പോരൂ വീണ്ടും പ്രിയമെൻ പൊൻ തിങ്കളേ


ജാതി പൂത്ത നരക വീഥികളിലിനിയും സഖീ

ജീവ പ്രേമ ജാതകം ചുട്ടെരിക്കുമാകയാൽ

കത്തി നില്ക്ക തീപ്പന്തമാവുക കാലമാകെയും പ്രിയേ

ദീപമാവട്ടെ വരും പ്രണയിനികൾക്കാകെ നീ


ഗന്ധർവ്വ യാമങ്ങളിൽ മെല്ലെ പൂക്കുന്ന സൂനങ്ങളിൽ

മൗന സോപാനം കയ്യേറി നീ അനുരാഗ ഗീതമാലപിക്കൂ

കൺ മൂടുന്ന ചട്ടങ്ങളിൽ കൊട്ടിയാട്ടുന്ന വേദങ്ങളിൽ

പൊട്ടിച്ചൂട്ടിന്റെ ആവേഗമായ് കെട്ടിയാടൂ ആരോമലേ


ഇനിയുമൊരു തിര വരുമെന്നായ് കനവിൽ തീരവും

വീണ്ടും വാക പൂക്കുമെന്നായ് കാത്ത് മൈനാകവും

സരിത്തൊക്കെയും തിരിച്ചൊഴുകുമെന്നായ് സാഗരവും

കാത്തിരിപ്പൂ, നീയുദിക്കും പൊൻ ദിനം കാത്തിവനും






2022, മേയ് 24, ചൊവ്വാഴ്ച

ശതാവരിയിൽ നിന്ന് പ്യേത്തായിലേക്ക്...



ഇനിയുമീ വഴി നിൻ പ്രണയ തേരൊഴുകുമെന്നായ്

ഹൃദയ വനിയിലൊരു പൊൻ ചഷകവുമായ് പ്രിയനേ

കാത്തുകാത്തുഴന്നെൻ ഉൾക്കൺതടം കറുക്കവേ

കാറ്റുപോലുമിന്നിവളിലൊരു വിരഹഗാഥ പാടുന്നു


അന്ന് തണുത്തൊരുഷസ്സിലേകാന്ത കാട്ടു പാതയിൽ

ചെമ്പകമിറുത്തു കണ്ണാ, ചെറുമാല ഞാൻ കെട്ടവേ 

അമ്പാടിയെന്ന് ഗണിച്ച്കൊൾക, ഇമ്പമോടിരിക്ക

വെണ്ണയുണ്ട് കൊള്ളുകയെന്നായ് കുസൃതി പെരുത്ത്

എന്നിലെ തരളിത ഭാവങ്ങളൊക്കെയും കവർന്നവൻ


ശീവേലി, കാവുതീണ്ടൽ തൃച്ചന്ദനച്ചാർത്തെന്നായ്

അമ്പലനടയിൽ ഞാനെത്തുമാമോദവേളയൊക്കെയും

എന്നെ പ്രദക്ഷിണം ചെയ്തെന്നെത്തൊഴുത് കൈകൂപ്പി

പ്രസാദിക്കുവാൻ ഞാനൊരുമാത്ര കൺ തുറക്കുമെന്നേ

കാലമൊക്കെയുമെന്നിൽ പൂത്തിരുന്നു പ്രേമധാരയായ് നീ


കാട്ടുപച്ചയിൽ ശതാവരിക്കിഴങ്ങ് തേടുമീ എന്നിൽ നിന്ന്

നഗര വസന്തങ്ങളിൽ നിയോൺ നീലിമ നുണയുന്നവനിലേക്ക്

മഴനൂലുകൊണ്ടൊരു നിലാപ്പാലം പണിയുവാനുള്ള വ്യാമോഹം

വാൻ ഗോഗിയൻ ചായക്കൂട്ടുകളിൽ  ഉന്മത്ത ചിത്തനായൂർന്ന് 

പ്യേത്താ രൂപ കാന്തിയിലേക്ക് ഊളിയിട്ട് ചിന്തകളുണർന്ന്

ത്വരിതഗമനം ചെയ്യുവോനെ അനുഗമിക്കാനായുള്ള തീവ്രയത്നം


കണ്ണാ, ഇന്നു നീയെൻ കാഴ്ചകൾക്കപ്പുറം വല്ലാതെ പൂത്ത്

വർണ്ണ ഗോപുരക്കെട്ടിൽ നല്ല ആരാധനാ മൂർത്തിയായ്

എത്തിപ്പിടിക്കുവാനൊന്ന് തൊട്ട് നോക്കുവാൻ പോലുമാവാത്ത

ഭ്രമ ഭൂമികയിൽ കുടികൊള്ളുന്ന കാലവും നീയെന്നെയനുഗ്രഹിക്ക

ഒരു തിരു നോട്ടം കൊണ്ടെങ്കിലും എന്നെ വിശുദ്ധയാക്കുക

ഒടുങ്ങട്ടെ,യിത്ര കല്പിക്കയില്ല പാരിൽ ഞാൻ മറ്റൊന്നുമേ

















2022, മേയ് 13, വെള്ളിയാഴ്‌ച

പ്രണയ കല്ലോലിനി ഒഴുകുന്നു പിന്നെയും



പ്രണയ തുഷാരബിന്ദു പൂക്കുന്ന പുൽത്തുമ്പിൽ

പവിഴമണിപ്പുലരിയായ് നീ ഉദിക്കുന്നു തിങ്കളേ

ഭ്രാന്ത സ്വപ്നങ്ങളുറങ്ങുമെന്നകതാരിൽ

കാന്ത കല്ലോലിനിയായൊഴുകു നീ മിന്നലേ


താരകത്തേരോട്ടമാടുന്ന പൊൻ വാനിൽ

പൂത്തിരി കത്തിച്ചപോൽ പടരു നീ പൈങ്കിളീ

ഇളമാനുകൾ മേയുന്ന ഇന്ദ്രാവതിത്തീരത്ത്

കളകളാരവം മീട്ടുന്ന കവിതയായ് തഴുകു നീ


ഭഗവതിത്തെയ്യം കാൽച്ചിലമ്പൊലി കൂട്ടവേ

നല്ല തോറ്റമ്പാട്ടുമായ് കൂടിയാടു നീ കാതരേ

കമ്പരാമായണമോതുമീ പുണ്യവേദിയിൽ

ഗഞ്ചിറത്താളമായ് ഇമ്പമേകൂ പ്രണയിനീ


പവിഴമല്ലി മൊട്ടിട്ട അമ്പലത്തൊടിയിലെ

സ്വയംഭൂവാമൊരു ദേവിയായ് ഉയരു നീ

പൂർണ്ണേന്ദു പ്രശോഭിച്ച പൊന്നൊളി മാനത്ത്

സ്വർണ്ണമീനായ് നീന്തിത്തുടിക്കു നീ കണ്മണീ







2022, മേയ് 8, ഞായറാഴ്‌ച

ചിത്രകൂടത്തിലേക്ക് തിരിഞ്ഞൊഴുകുന്ന മന്ദാകിനി

 


എൻ ഹൃദയ ചഷകം കവിഞ്ഞൊഴുകീടുമൊരു

അഭൗമ സൗന്ദര്യമേ,  ആത്മ സാരാംശമേ

ആരാധിക ഞാൻ, നിൻ അധരശോണിമതൻ

മധു നുകർന്നോട്ടെ, സഖീ മതി മറന്നോട്ടേ

സഖീ ഉന്മത്തനാവട്ടേ...


എൻ പ്രണയജാലക അഴികളിലെ

ആനന്ദ നടനോത്സവ രതിപുഷ്പം നീ 

നിൻ വദനകാന്തിയിൽ വിലയം ചെയ്യുവാൻ

ഈ മുനികുമാരനെയനുവദിക്കൂ, പ്രിയതേ

നീ അനുഗ്രഹിക്കൂ...

                             [എൻ ഹൃദയ ചഷകം]


എൻ മാനസ ചിത്രകൂടം തഴുകും മന്ദാകിനി നീ

നിന്നാശ്രമത്തിലൊരു കുടിൽ കെട്ടി വാഴുവാൻ

സമ്മതമോതൂ നീ, ശാരികേ ഇന്ദ്രഗോപനാക്കൂ

നിൻ കൺ തടങ്ങളിൽ കാന്തിയേറ്റുമാ

അഞ്ജനമായെന്നെ പരിഗണിക്കൂ, പ്രിയേ

എന്നെ പരിണയിക്കൂ...

                              [എൻ ഹൃദയ ചഷകം]



കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...