2022, മേയ് 24, ചൊവ്വാഴ്ച

ശതാവരിയിൽ നിന്ന് പ്യേത്തായിലേക്ക്...



ഇനിയുമീ വഴി നിൻ പ്രണയ തേരൊഴുകുമെന്നായ്

ഹൃദയ വനിയിലൊരു പൊൻ ചഷകവുമായ് പ്രിയനേ

കാത്തുകാത്തുഴന്നെൻ ഉൾക്കൺതടം കറുക്കവേ

കാറ്റുപോലുമിന്നിവളിലൊരു വിരഹഗാഥ പാടുന്നു


അന്ന് തണുത്തൊരുഷസ്സിലേകാന്ത കാട്ടു പാതയിൽ

ചെമ്പകമിറുത്തു കണ്ണാ, ചെറുമാല ഞാൻ കെട്ടവേ 

അമ്പാടിയെന്ന് ഗണിച്ച്കൊൾക, ഇമ്പമോടിരിക്ക

വെണ്ണയുണ്ട് കൊള്ളുകയെന്നായ് കുസൃതി പെരുത്ത്

എന്നിലെ തരളിത ഭാവങ്ങളൊക്കെയും കവർന്നവൻ


ശീവേലി, കാവുതീണ്ടൽ തൃച്ചന്ദനച്ചാർത്തെന്നായ്

അമ്പലനടയിൽ ഞാനെത്തുമാമോദവേളയൊക്കെയും

എന്നെ പ്രദക്ഷിണം ചെയ്തെന്നെത്തൊഴുത് കൈകൂപ്പി

പ്രസാദിക്കുവാൻ ഞാനൊരുമാത്ര കൺ തുറക്കുമെന്നേ

കാലമൊക്കെയുമെന്നിൽ പൂത്തിരുന്നു പ്രേമധാരയായ് നീ


കാട്ടുപച്ചയിൽ ശതാവരിക്കിഴങ്ങ് തേടുമീ എന്നിൽ നിന്ന്

നഗര വസന്തങ്ങളിൽ നിയോൺ നീലിമ നുണയുന്നവനിലേക്ക്

മഴനൂലുകൊണ്ടൊരു നിലാപ്പാലം പണിയുവാനുള്ള വ്യാമോഹം

വാൻ ഗോഗിയൻ ചായക്കൂട്ടുകളിൽ  ഉന്മത്ത ചിത്തനായൂർന്ന് 

പ്യേത്താ രൂപ കാന്തിയിലേക്ക് ഊളിയിട്ട് ചിന്തകളുണർന്ന്

ത്വരിതഗമനം ചെയ്യുവോനെ അനുഗമിക്കാനായുള്ള തീവ്രയത്നം


കണ്ണാ, ഇന്നു നീയെൻ കാഴ്ചകൾക്കപ്പുറം വല്ലാതെ പൂത്ത്

വർണ്ണ ഗോപുരക്കെട്ടിൽ നല്ല ആരാധനാ മൂർത്തിയായ്

എത്തിപ്പിടിക്കുവാനൊന്ന് തൊട്ട് നോക്കുവാൻ പോലുമാവാത്ത

ഭ്രമ ഭൂമികയിൽ കുടികൊള്ളുന്ന കാലവും നീയെന്നെയനുഗ്രഹിക്ക

ഒരു തിരു നോട്ടം കൊണ്ടെങ്കിലും എന്നെ വിശുദ്ധയാക്കുക

ഒടുങ്ങട്ടെ,യിത്ര കല്പിക്കയില്ല പാരിൽ ഞാൻ മറ്റൊന്നുമേ

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...