2023, ജൂൺ 7, ബുധനാഴ്‌ച

തെമ്മാടിപ്പറമ്പിലൊടുങ്ങേണ്ട കവിതകൾ



ദൈവക്കളമൊഴിഞ്ഞ മസ്തിഷ്ക്കമടക്കുകളിൽ

ബ്രഹ്മിയുമുറുക്കും വേദാന്തച്ചൊരുക്കും നാട്ടുക

പൂത്ത് പോവരുതൊരിക്കലുമെന്ന് കൊത്തിയ

ജനിതക രേഖകൾ കൊണ്ട മാവുകളിൽ

അവിശ്വാസ മോതിരക്കണ്ണിയിട്ട് വഴി തിരിക്കുക

പൗരോഹിത്യ കുടീരങ്ങളിലൂടെ മാത്രം പെയ്യുന്ന

കരിമേഘങ്ങളെ, ഉപ്പുമുഷ്ണക്കാറ്റുമയച്ച് സ്വന്തമാക്കുക

ധമനികളിലൊക്കെയും കുത്തിനിറച്ച കടുത്ത

വിശ്വാസക്കാറ്റഴിച്ച് വിട്ട് ചാണകം തളിച്ച്

ഗന്ധകവും അമ്ളവും ഒന്നിനുരണ്ടനുപാതമാക്കുക

വെള്ളയുടുത്തവന്റെ സ്വർഗ്ഗരാജ്യത്തിലെ വിശുദ്ധ

മുന്തിരിപ്പുളിപ്പും കുന്തിരിക്കപ്പുകയും മൂറിൻ തൈലവും

നിത്യ ദണ്ഡനയേറ്റവന്റെ നരകദാഹത്തേക്കാൾ

ഒട്ടുമുയരെയല്ലെന്ന് വേദം കുറിക്കുക, ജപിക്കുക

അപ്പവുമമരത്വവും അംശവടിയുള്ളവനെന്നും

ചാട്ടവാറടിയും കുരിശുമരണവും പരദേശിക്കുമെന്നും

കോറിയിട്ട വേദത്താളുകളിൽ വെടിയുപ്പ് പൊതിയുക


ഞാൻ ഞാനായിത്തന്നെ നിലകൊള്ളും നാളെപ്പുലർന്നാകിലും

നിന്റെ ഞാവൽപ്പഴങ്ങളും ഞാറ്റുവേലകളും ന്യായവിധിയും

കുപ്പയിലെറിയുക, കുമ്പസാരത്തിനു മുന്നെയെന്നെത്തഴയുക 

വെറുപ്പിന്റെ അധികാരദണ്ഡാലെന്നെ പ്രഹരിക്കുക

ആയുസ്സൊടുങ്ങുന്നതിനുമരമാത്ര മുമ്പു തന്നെയെന്നെ

ആരുമറിയാതെ തെമ്മാടിക്കുഴിയിലൊടുക്കുമെന്നായ്

നിന്റെ കരുണയുടെ കണക്കുപുസ്തകത്തിൽ കുറിക്കിലും

എത്തിനോക്കില്ലൊരിക്കലും ഞാൻ ദേവ വണക്കത്തിലും

നിന്റെ മാംസവും രക്തവും പകുക്കും തിരുവാലയത്തിലും

ഭേദപ്പെട്ടവനു മാത്രം വെഞ്ചരിപ്പവകാശമേകും മേടയിലും


കുഴിയൊരുക്കിക്കൊൾക, കൂദാശ നിഷേധിച്ചേക്കുക

കുത്തുവാക്കുകളേറ്റു പാടുക, കൂവിയെന്നെ യാത്രയാക്കുക

നീ വാഴുന്നിടമാണവിടെയും സ്വർഗ്ഗമെന്നാലെന്നെ

നിത്യ നരകത്തിലേക്ക് തള്ളിയിട്ടേക്കുക, നടന്നു നീങ്ങുക

അന്നുമെന്റെ കവിതകളുയരത്തിലെരിഞ്ഞിരിക്കും

അതിലെന്റെ സ്വപ്നങ്ങൾ സത്യമെന്ന് കുറിച്ചിരിക്കും

0000000000000000000000000000000000000000000000000000




കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...