2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഭാവ ഗായകനോട്. . .
വരിക പ്രണയ ഗായകാ
ഇനിയുമൊരു പുതു വസന്ത തംബുരു മീട്ടുവാൻ
ഇത് നീർമാതളം പൂത്ത നാടിത്
ഉത്തമഗീതം പ്രാർത്ഥനാ വേദമായോതുന്ന,
ലൈലാ മജ്നുവിനെ പ്രകീർത്തിക്കുന്ന നാട്
പ്രേമ വായ്പുകളെ ഓംകാര മന്ത്രം പോൽ
പുലർ വേളതൊട്ടു പ്രദോഷം വരെ നിത്യവും
ഉരുക്കഴിച്ചുണരുന്ന, പരശുരാമ ഭൂമിയിത്
സ്വപ്നം മതിവരുവോളമാസ്വദിക്കുവാനില്ല
നേരമൊട്ടുമില്ല ഉണ്മയത്രമാത്രമുണ്ട് കൊറിക്കുവാൻ
വ്യഭിചാരക്കുറ്റം തെളിയിക്കപ്പെട്ടവൻ
വേദാന്തമോതിക്കയ്യടി കൊള്ളുന്ന കവലയിത് കാണുക
സ്വർണ്ണമൊന്തയിലമൃത് മൊത്തിക്കുടിച്ചപിൻ
ദാരിദ്ര്യം സ്വർഗ്ഗത്തിലേക്കുള്ള പാതയെന്ന്
ദൈവ വചനം വിളമ്പുന്ന പാതിരിയുടെ വീട് കാണുക
ഭരണമേധാവിത്വത്തിന്റെ തിരുവാസനം തുടച്ചപിൻ
പൊതു മുതലിൽ കൊള്ളകൊണ്ട കോടിയിലൊരു പാതി
പൊതിഞ്ഞെടുത്ത് ശേഷം ഒരുവേളയ്ക്കപ്പം കട്ടവനെ
കൽത്തുറുങ്കിൽ തൂക്കിലേറ്റുന്ന ന്യായാധിപ വേഷം കാണുക
പുലരുവോളം മധു ചഷകം കയ്യിലേന്തി
ബോധമണ്ഡലം തകർന്നപിൻ നഗ്നനായ്
കുത്തിക്കുറിച്ച പൊട്ടത്തരമൊക്കെയും
അത്യന്താധുനികമെന്ന് പുലമ്പി വമ്പോടെ
നല്ലവാക്കു നാലെണ്ണം പ്രാസം ചേർത്ത്
ആലങ്കാരികമായ് മൊഴിഞ്ഞവനെ
വാളെടുത്തവനൊക്കെയും വെളിച്ചപ്പാടെന്ന്
അവമതിക്കുന്ന കവികുലം വാഴുമൊരു
അക്കാദമിക് വിണ്ടലം കൺ കുളിർക്കെ കാണുക
അരുത്, ഭവാൻ വന്ന വഴി തന്നെ മടങ്ങരുത്
ഉണ്ട് കാഴ്ചകളനവധി കൊള്ളുവാൻ
ശേഷം അമ്പെടുത്തൊടുക്കുവാൻ, കരിക്കുവാൻ
അല്ലെങ്കിലവിടുന്ന് പുനരവതരിക്കുകയടിയന്റെ
എഴുത്താണിത്തുമ്പിലൊരു വജ്രാവരണമായെങ്കിലും
000000000000000000000000000000


1 അഭിപ്രായം:

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...