2016, ഡിസംബർ 7, ബുധനാഴ്‌ച

ഒരു നരകഗീതം കൂടി. . .




നരകപാതയൊടുങ്ങുന്ന ഒടുക്കത്തെപ്പടിയിൽ
നാളെയൊരു നാൾ നിന്നെ ഞാൻ കാത്തിരിപ്പുണ്ടാവും
കാലമെല്ലാമലിയാതെ കെട്ടിവച്ചയെൻ കാമനയെല്ലാം
കത്തുന്ന കടൽ നോക്കി ഞാൻ നിനക്കു നൽകും
വേനലിന്റെയൊടുക്കത്തെയാർത്തിയിലെരിയാതെ
വറ്റാതെ ഞാൻ കാത്ത മോഹമെല്ലാമന്ന് കെട്ടടങ്ങും
നീയെന്റെ മരവിച്ച സ്വപ്നകോശങ്ങളിൽ കിടന്ന്
ശ്വാസമറ്റ്,വസന്തം തേടി പടർന്ന ചില്ലയിൽ നിന്നൂർന്ന്
വീണ്ടുമൊരു ഇത്തിൾക്കണ്ണിയായെങ്കിലുമുയിർക്കുന്ന
നൽ വേള കാത്തു കിടന്ന ദുരിതകാണ്ഡം മാത്രമെൻ ജീവിതം
അരുത്, വിശന്നെരിഞ്ഞ വയറിന്റെ വിടരാത്ത കനവിന്റെ
ബാക്കിപത്രം വീണു പൊള്ളിയ പുണ്ണിൽ നീ വീണ്ടുമൊരു
കണ്ണീരുപ്പു പകർന്നെന്നെ നീറ്റരുത്, തീ തീറ്റരുതൊറ്റരുത്
ചക്രവാളദൂരമത്ര ദീർഘമെൻ തൃഷ്ണയതിലുമതി തീക്ഷ്ണം
വികാരമലയൊഴിയാ സാഗരമെൻ  മനസ്സതിവിപ്ലവം പ്രക്ഷുബ്ധം
ആർദ്ര ഭാഷയിലളക്കനാവാത്ത കുറ്റപത്രം ചാർത്തി നീയെന്നിൽ
പഴിചാരി പുലയാട്ട് പറഞ്ഞ് പുറപ്പെട്ട്പോയ ഒടുക്കത്തെ ഉച്ചയിൽ
ഒറ്റയാകലിന്റെ ഭീതി കക്കിയ ഭീകര രാത്രികളിൽ മരിക്കാതെ മരവിച്ച്
ജാലകങ്ങളൊക്കെയും കൊട്ടിയടച്ച ഒറ്റമുറിയിൽ വെന്തുറങ്ങവേ
മരണമൊരു കഴുകൻ ചുണ്ടുയർത്തി കൊത്തിവലിച്ച് കൊണ്ട് പോവത്
കാത്തു കാത്തൊടുക്കം ഒമ്പതു പേരുപോലുമെത്താത്തടക്കും കഴിഞ്ഞ്
ഇന്നിവിടെയീ നരകതീരത്ത് പാപമെരിഞ്ഞു തീരാൻ കടും വെയിലു കായവേ
നിന്നെ, നിന്നെ മാത്രം കാതോർത്തിരിക്കുന്നു,പെയ്യാത്തീമഴയിലെരിയുന്നു

xxxxxxxxxxxxxxxxxxxxxxxxxxxxxxx


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...