2016, ഡിസംബർ 5, തിങ്കളാഴ്‌ച

കാലമെല്ലാം നീയെന്ന കവിത



അത്രമേലാർത്തി കൊണ്ടതാലാവാം നിന്നെ
തൊട്ടു നോക്കുവാൻ പോലും കിട്ടാതെ പോയത്
ഒട്ടി നിന്ന കാലമെല്ലാമൊരിക്കലും
കട്ട് പോകാതെ കാത്ത പൊന്നല്ലയോ
തോട്ടം തൊടിയമ്പലമുറ്റത്തൊക്കെയും
പൂത്ത് നിന്ന് നീയുൾപ്പുളകമായെങ്കിലും
എന്റെ ചില്ലയിലെന്റെ ജീവിതപ്പാതയിൽ
ചെറു പുഞ്ചിരിയായെങ്കിലും വിടരാഞ്ഞതെന്തഹോ
ഒരു മയിൽപ്പീലിയൊരുണ്ണിമാങ്ങ വളപ്പൊട്ട്
ഓർമ്മയിലില്ലയൊന്നും നിന്നെ കൂട്ടുചേർക്കാതെ
പണ്ട് കാവുകുളത്തിലെ ആമ്പൽ നിനക്കായ്
കണ്ടെടുത്തതും, കാട്ടുനെല്ലി കനകാമ്പരം
നിറമുള്ള സ്വപ്നങ്ങളൊക്കെയും പകുത്തതും
നഗര ദുരിതങ്ങളിൽ, അമ്ളക്ഷാര വിക്ഷോഭങ്ങളിൽ
അന്നം തേടിയാത്മ പീഡയുണ്ട് അലയുന്ന കാലവും
കണ്ണിലെന്റെ കരളിൽ നീയെന്ന കനലു കത്തിയിരുന്നു
ഇരുൾ തിന്ന്, ഒറ്റപ്പെടലിന്റെ കടൽ കണ്ട്
പുണ്ണുകാർന്നു തിന്നും പുഴുക്കളിൽ വെറികൊണ്ട്
പീടികത്തിണ്ണയിൽ കവിതയും കൊറിച്ചു ഞാൻ
കാലനണയുന്നതും കാത്തുകാത്തിരിക്കുമീ സന്ധ്യയിൽ
വരിക, ഒരു ചെറുകാറ്റായെങ്കിലുമെന്നെത്തഴുകുക
എങ്കിൽ, സ്വസ്ഥമായെൻ ചിതയെരിഞ്ഞൊടുങ്ങയിൽ
ഒരു പെരുമഴയായ് നീയെന്നിൽ തിമിർത്ത് പെയ്യുക

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...