2022, ഡിസംബർ 7, ബുധനാഴ്‌ച

എഫ്രായിമും മൻശ്ശെയും പോലെ

 


വിലാസമെരിച്ചു ചേർക്കാതെ പോയ

ജീവകോശങ്ങളിലേക്ക് ഗന്ധകമിറ്റിക്കുക

വിപ്ലവം മാത്രം രുചിച്ച് മരിച്ചവരിലേക്ക്

മുന്തിരിച്ചെടിയുടെ വേടായിറങ്ങിച്ചെല്ലുക

അനാഥ ബാല്യങ്ങളെ ഉറക്കിക്കിടത്തി

അനർഹമായ അപ്പം മറിച്ച് വിറ്റവനു

ജഡസ്വഭാവവും നിത്യദണ്ഡനവുമേകുക


പ്രിയതേ, പൂഴ്ത്തിവെപ്പിന്റെ ഓരോ കിളയിലും

ചാട്ടവാറിന്റെ ശീൽക്കാരം ഓർമ്മപ്പെടുത്തുക 

കവിത കെട്ടുന്ന കറുത്ത പകലിലെങ്കിലും

വാക്കുകൾക്കധികാരവും അംശവടിയും തരിക

ഒരേ തോല്പാത്രത്തിൽ തന്നെയെനിക്കളക്കുമെന്നും

അതേ വെള്ളിക്കോലാൽ എനിക്ക് തരുമെന്നും

എന്റെ ബോധത്തിലേക്ക് ഉരുക്കിയൊഴിക്കുക


ധൂർത്തപുത്രന്റെ ഗർവ്വിഷ്ഠ കിരീടത്തിനും കോപ്പിനും

മദോന്മത്ത കുലത്തിന്റെ അഹന്തയ്ക്കുമാർപ്പിനും

ഒരു വെള്ളിടിയായ് നീ നിഗ്രഹിക്കാനുണ്ടെന്ന്

എഫ്രായിമുകാരോടെന്ന പോലെ എക്കാലത്തോടും

നീ താക്കീതായിരിക്കുക,തല മുണ്ഡനം ചെയ്തയക്കുക


കാട്ടാടിനെ വറുത്തതും യവം പാലൊഴിച്ചതും തേനും

കിട്ടാവുന്ന ഫലമൊക്കെയും ചേർത്തുണ്ടവനെ വീണ്ടും

തന്റെ കൊത്തളത്തിലേക്കാനയിച്ച് സത്കരിക്കയും

പുളിക്കാത്ത അപ്പവും മുന്തിരിനീരും കൊതിച്ചവനെ

തീൻമേശയിൽ നിന്നാട്ടിയോടിക്കയും ചെയ്കയാൽ

നീ നരകപ്രവേശം നേടുകയെന്ന് അരുളിച്ചെയ്ക

ചുടുവാനുള്ളത് ചുടുകയും പാകം ചെയ്യാനുള്ളതാക്കയും

ശേഷിക്കുന്നത് ശബ്ബത്തിലേക്ക് ശേഖരിക്കയുമാക

എന്തെന്നാൽ, സൂചിക്കുഴയിലെ ഒട്ടകത്തേക്കാൾ

അവർക്കുമുന്നിൽ ഉപമയേതുമില്ലെന്നുണർത്തുക

0000000000000000000000000000000000000000000


 

 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...