2015, നവംബർ 12, വ്യാഴാഴ്‌ച

ഭരണാസനമേറുന്നവരോട്. . .
ഒരു മുദ്രാവാക്യത്തിന്റെ തുമ്പ് പിടിച്ച്
മരിച്ചവർ മടങ്ങി വരാറില്ല
പ്രകടനത്തിന്റെ മുൻ നിരയിൽ
ആത്മാക്കളെ നിരത്തി നിർത്തി
അധികാരമൊരിക്കലും തിരിച്ച് നൽകാറുമില്ല
ഇറച്ചിക്കടയ്ക്ക് കാലാൾപ്പടയെ കാവൽ വെച്ച്
യുദ്ധഭൂമിയിൽ പടപൊരുതി മുറിവേറ്റവനു
വേട്ടനായയെ കണി വെയ്ക്കുന്നു
അർഹതപ്പെട്ടവൻ അധ്വാനിച്ച് നേടിയ വിജയം
ഭരണകൂട മേധാവിത്വത്തിന്റെ ഔദാര്യമല്ല
ഒറ്റക്കണ്ണാൽ കാണുന്നത് മാത്രമല്ല
ഒതുക്കപ്പെടുന്ന ശ്വാസങ്ങളിലുമുണ്ട് കാഴ്ച
വിളിയെത്താത്ത കുന്നിനു മുകളിലും
ഒറ്റപ്പെട്ടു പോയവൻ നിലവിളിച്ചു തന്നെ
ഞെട്ടറ്റുപോയ സ്വപ്നങ്ങളുടെ കടയ്ക്കൽ
നീരുറ്റിക്കുവാൻ നീ വരുമെന്നല്ല പ്രതീക്ഷ
അരിവറ്റൊന്ന് കാണാതെപോയ അന്നനാളം
പൂവിട്ട് നീ തൊഴുമെന്നുമില്ല മോഹം
എന്റെ നെറുകന്തലയിൽ എരിച്ചെഴുതിയ
വെറുക്കപ്പെടേണ്ടവനെന്ന മുദ്ര മാത്രം നീ പറിച്ചൊടുക്കുക
കനവു കണ്ടു വളഞ്ഞയെൻ കശേരുവിനൊരു താങ്ങായ്
കാലമെല്ലാം നീയുണ്ടെന്ന് വെറുതേ മൊഴിയുക
എങ്കിലെന്റെയിടത്തേ ചൂണ്ടുവിരലിലെന്നും
മഷി പുരട്ടി കാക്കും ഞാൻ നിന്റെ ഭരണാസനം
000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...