2022, ജൂൺ 17, വെള്ളിയാഴ്‌ച

നരകമവസാനിക്കുന്നിടം വസന്തമാകുന്നു



സ്വപ്നങ്ങൾക്ക് സ്വർണ്ണത്തേക്കാൾ

വിലയേറുന്നൊരു താഴ്വരയിൽ വച്ച്

പ്രിയനേ നീയെന്റേതായ്ത്തീരുക

പ്രതീക്ഷകൾക്ക് പ്രണയത്തേക്കാൾ

മൂർച്ച കൂടുന്നൊരു കൊടുമുടിയിൽ

സഖീ നീയെന്നെപ്പുണരുക

വിശ്വാസങ്ങൾക്ക് വിപഞ്ചികയേക്കാൾ

മധുരമൂറുന്നൊരു സായന്തനത്തിൽ

പ്രിയതേ, നമ്മളൊന്നായ്പ്പാടുക

എഴുത്താണിയും താമരയിതളുമില്ലാത്തൊരു

നട്ടുച്ചയാത്രയിലെൻ കണ്ണാളനേ

എന്റെ കവിതകൾക്ക് നീ പ്രതലമാവുക


പടയണിക്കോലമേന്തി പാളതെറുത്തുടുത്ത്

നിന്റെ തപ്പുകൊട്ടിനനുസൃതം തുള്ളവേ ദേവീ

തീപ്പന്തമായ് കൂടെയുണ്ടാവുക, കാവലാവുക

പേത്തർത്താ ഞായറുകൂടി വലിയനോമ്പെടുത്ത്

നിന്റെ വിശ്വാസത്തിൽ ചരിക്കവേ ദൈവമേ

ഹാശാഴ്ചയിലേക്കെന്നെ നയിക്കുക, അപ്പമൂട്ടുക

താസൂ ആയും ആശൂറായും നോറ്റ് തൗബചൊല്ലി

മുഹറം യുദ്ധമില്ലാതെ കാക്കവേ കരുണാമയനേ

സ്വർഗ്ഗം കൊണ്ട് സന്തോഷമറിയിക്കുക, അനുഗ്രഹിക്ക


വഴികളൊക്കെയും ഒരേ കുന്നിൻ ചരിവിലേക്കാണെന്നും

പ്രാർത്ഥനയേക്കാൾ ഫലപ്രാപ്തി പശിമാറ്റുന്നതിലാണെന്നും

തമ്മിലടിക്കേണ്ടത് അധികാരിയുടെ മാത്രമാവശ്യമാണെന്നും

തിരിച്ചറിയുന്നിടത്ത് നരകമവസാനിക്കുന്നു, വസന്തമാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...