2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

സഹോദരൻ


വിഭവങ്ങളുടെ പെരുങ്കൂനയിൽ നിന്ന്
നീ ഹലുവാ കഷ്ണം പെറുക്കിയെടുക്ക
ഉണക്ക മത്സ്യം എനിക്കായ് നീക്കിവെച്ച്
പള്ളിമേടയിലും അൽത്താരയിലും കയറി
തൊണ്ട കീറി സമത്വം പ്രസംഗിക്കുക
നിനക്കു ചരിക്കാൻ തങ്കത്തേരൊരുക്കി
കോവർ കഴുതയെ എനിക്കു വിട്ടേക്കുക
സ്വർലോകത്തേക്ക് ളോഹയിട്ട് നീ മാത്രം പോവുക
രക്ത ബന്ധങ്ങൾക്കിടയിൽ നിത്യവും
നീ വിശുദ്ധി പ്രാപിക്കുവാൻ വേണ്ടി
എന്റെ ദുർ വാർത്ത പെരുമ്പറ കൊട്ടുക
നാട്ടു കവലയിൽ നിനക്ക് നല്ലൊരു
കണ്ണാടിക്കൂടും രൂപവും പണിത്
തെമ്മാടിപ്പറമ്പിൽ തെക്കൊരു മൂലയിൽ
എനിക്കായ് കുഴി വെട്ടി ഫലകം നാട്ടുക
നല്ല മാലാഖമാരുടെ ചിറകിൽ സ്വന്തം
ആത്മാവിനെക്കുടിയിരുത്തിയെന്നും
നീ വാഴ്ത്തപ്പെട്ടവനാവുക
മുരിക്കു പലകയിലെന്നെക്കിടത്തി
തുരിശും ഗന്ധകവും കൂട്ടിക്കുഴച്ച്
മൂന്നാവർത്തി വചനം ചൊല്ലി
എന്നെയൊടുക്കുക ഇട്ടേച്ച് പോവുക
ഒരുവട്ടമെങ്കിലും തിരിഞ്ഞു നോക്കായ്ക

ഒടുവിൽ,
കവിതയൊന്നു മാത്രം മണ്ണെടുക്കാതെ
തളിർത്തിരിക്കുമെൻ തലയോട്ടിയിൽ നിന്ന്
അന്നൊരുനാളെങ്കിലും ഞാനാശിച്ചു കൊള്ളട്ടെ
എന്റെ സോദരനെന്നു നീ സാക്ഷ്യപ്പെടുത്തി
അവകാശ തീട്ടൂരം കൈവശപ്പെടുത്തുമെന്ന്


zzzzzzzzzzzzzzzzzzzzzzzzzzzzzzzz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...