2011, ഡിസംബർ 20, ചൊവ്വാഴ്ച

മരണ ഗീതം


മരണം ഒരു നിത്യ സാമീപ്യമായ്
ഒരു ചെറു വിരൽത്തുമ്പു ദൂരം മാത്രമായ്

ഒരു കടുത്ത ഗന്ധമായൊരു നേർത്ത വായുവായ്
എന്നിലലിയാനെന്നെപ്പുണരാൻ
എന്നെയറിഞ്ഞെന്നിലെ നാളമണച്ചെന്നെ
നിത്യമായൊരു മൂകതയിലേക്കാനയിക്കാനെന്നുമേ
കുടികൊള്ളുന്നതത്ര വ്യക്തമായുണരുന്നു ഞാൻ


എന്റെ തീവ്ര വേഗങ്ങളിൽ എന്റെ സ്വാർത്ഥ സ്വപ്നങ്ങളിൽ
എന്റെ കുടില തന്ത്രങ്ങളിലെൻ വ്യർത്ഥ മോഹങ്ങളിൽ
എന്റെയൊടുക്കത്തെ ദുരമൂത്ത കാമവെറികളിൽ
എന്റെയടങ്ങാത്ത അഭിനിവേശങ്ങളിൽ
ആർത്തിമൂത്തു മണ്ണിന്റെ പൊക്കിൾച്ചുഴിവരെ
അട്ടഹസിച്ചു ചൂഴ്ന്നെടുക്കുന്നയെൻ തീരാ ആസക്തികളിൽ
നിനയ്ക്കാതെയൊരു കണം എന്നെ കൊത്തിയെടുത്തു
അത്രമേൽ സൂക്ഷ്മമായൊരു കണികയായ് മരണം ഞാനറിയുന്നു


ഇനിയെന്റെ മരണത്തിലൊന്നു മനം നൊന്തു കരയുവാൻ
ഇത്ര നഷ്ടമെൻ വേർപാടെന്നു വിലപിക്കുവാൻ
ഒരു ജീവനെയെങ്കിലും തേടുന്ന അശാന്തമീ വേളയിൽ
മിന്നിമറയുന്നൊരു നൂറു നാമങ്ങളെന്നിൽ നിന്നു


കാലമെല്ലാം  കൈകാൽ വളരുന്നതു കിനാകണ്ട്
സ്വന്തം വിശപ്പിന്റെ മുദ്രകളെയൊരു മുണ്ട് മുറുക്കിയുടുത്ത് മറന്ന്
ഇക്കണ്ട ഭാവത്തിലെന്നെ ഞാനാക്കിയ ശേഷവും
തലമൂത്ത പരിഷ്കാരവും സാമൂഹിക വ്യവസ്ഥിതിയുമെണ്ണി ഞാൻ
ദൂരെയൊരു വെറുപ്പിന്റെ വൃദ്ധാലയത്തിലൊടുക്കിയ
എന്റെ മാതാപിതാക്കളെങ്ങനെയറിയാനൊന്നു കരയാൻ
എന്റെ നിശ്വാസമെന്നിൽ  നിന്നടർന്നു വെറുമൊരു
ശവമായ് വെറും മണ്ണിൽ ഞാൻ കിടക്കുന്ന വേളയിൽ


യൗവ്വനത്തുടിപ്പും ശരീര കാന്തിയും ഒരുനാളിലൊമ്പതു വട്ടം
ഊറ്റിക്കുടിച്ച് ഞാനെന്റെയൊടുങ്ങാത്ത കാമക്കലി
എന്റെ വൈകൃത രതിചേഷ്ടകളെൻ കസർത്തുകൾ
ഒരു പരീക്ഷണ ശാലയ്ക്കു നല്കുന്ന പരിഗണനപോലുമേകാതെ
നിന്നിലാടിത്തിമിർത്തൊടുക്കമെന്നോമനേ അന്നു ഞാൻ
നിന്നിലൊടുങ്ങുന്നില്ലയെന്റെ ആവശ്യം നീ വെറും തോട്
വികാരമറിയാത്തവൾ, വിശപ്പില്ലാത്തവൾ, വെറും വിയർപ്പ്
വീണ്ടുമൊരു നൂറു ആക്ഷേപം നിന്നിൽ ചാർത്തിയൊടുക്കം ഞാൻ
നിന്നെ തെരുവിന്റെ ശാപവാക്കുകൾക്കു അപഹാസ്യയായ്
ദുശ്ശകുനമെന്നാൾക്കൂട്ടങ്ങൾക്കാർത്തു വിളിക്കുവാനായ്
എറിഞ്ഞുടച്ചു പോയ ശേഷവും കൊതിക്കുവതെങ്ങനെ
നീയൊന്നു തലതല്ലിക്കരയുവാനെന്റെ വിയോഗമോർത്ത്


വിത്തൊന്നിനൊമ്പത്, വളമിട്ടതു പന്ത്രണ്ട് പിന്നെ
പണിക്കൂലിയിത്ര, ഇത്ര ലാഭമെനിക്കു വേണം
എന്നമട്ടൊരു വാഴ നട്ട ലാഭക്കൊതിപോലെ ലാഘവം
നല്ല നാളെല്ലാം നാഴികയ്ക്ക് നാലാവർത്തി
മുടക്കും കണക്കും മാത്രം വിളമ്പി മുരടനായ്
മടുപ്പിന്റെ മുള്ളുകളതിരിട്ട പൊത്തൊന്നിൽ വളർക്കവേ
സ്വതന്ത്ര ആകാശം തിരഞ്ഞിറങ്ങിയയെൻ മക്കളെ
എങ്ങനെ കാംക്ഷിക്കുവാൻ ഞാനെന്റെ
ഒടുക്കത്തിലൊരിത്തിരി കണ്ണീർപകർന്നന്ന്
എന്നന്ത്യ യാത്രയിലൊരു നാടകമെങ്കിലുമാടുമെന്നു


ഇനിയെന്റെയഹന്തയ്ക്കു പാത്രമായ് നെറികെട്ടയെന്റെ
ജീവിത തലങ്ങളിൽ, ഞാൻ കാൽ കൊണ്ടു തട്ടിയെറിഞ്ഞ
എൻ സതീർത്ഥ്യരെന്റെ അതിർ പങ്കിടുവോർ
എന്റെ വെറുപ്പിന്റെ വീര്യം മടുത്തവർ, പിന്നെ
സ്വന്ത ബന്ധങ്ങളുടെ നൂലിഴകളിൽ നിന്നൊരിക്കൽ ഞാൻ
അടർത്തിമാറ്റി കടലിലൊടുക്കിക്കളഞ്ഞവർ
ആരുമാരുമൊരിക്കലും കരയുകില്ലൊരു കണം പോലും
വെറുമൊരു കാട്ടിക്കൂട്ടലിന്റെ പേരിലെങ്കിലും


ഒടുവിലെന്റെ ദേഹം മണ്ണിനുമഗ്നിക്കും
പഞ്ചഭൂതങ്ങൾക്കൊന്നിനും നായ്ക്കും നരിക്കും
നരനായ് പിറന്നവർക്കാർക്കും വേണ്ടാതെ
തെരുമൂലയിൽ വിറങ്ങലിച്ച് കിടക്കുന്ന നേരവും
ഒട്ടഹന്തയോടു കൂടി ഞാനിന്നു
 കൊതിച്ചു കൊള്ളട്ടെ
മൂന്നു തുണ്ടു കവിത പുതച്ചു കൊണ്ടെന്നെ നിങ്ങൾ
മുടിയനെന്നു ശപിച്ചുകൊണ്ടെങ്കിലും എൻ സഖേ
നിത്യശാന്തിയിലമരുവാൻ ഒടുക്കത്തെ യാത്രയേകുമെന്നു

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv


 

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...