2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

അന്ത്യ കൂദാശ


അവഗണനയുടെ പനിച്ചൂടിലകംപുറമെരിയവേ
പുതയ്ക്കാനൊരു കമ്പളം മതിയാതെയാവുന്നു
സർക്കാരാതുരാലയത്തിലൊരു നീണ്ട നിരയിൽ
ദുരമൂത്ത മൂർത്തികളുടെ കരുണയ്ക്കു കെഞ്ചവേ
അവകാശ ഔദാര്യ വ്യത്യാസം അറിയാതെ പോവുന്നു
വായുമണ്ഡലമൊട്ടുക്കാർത്തിയോടെ വലിച്ചെടുത്ത്
ജീവൻ കാക്കുവാനിത്തിരി ശ്വാസം തികയാത്ത മാത്രയിൽ
അഹന്തയിൽ ചവിട്ടിയ കാൽപ്പാടുകളൊക്കെയും
തിരിച്ചെടുക്കാനാവാതെ സ്വന്തം നെഞ്ചിൽ പതിക്കുന്നു
ഇനിയെന്റെ സ്മരണയിൽ ബാക്കിവെയ്ക്കുവാൻ
വാലൊടിഞ്ഞൊരോട്ടു കിണ്ടിയും നിലച്ച മണിയൊച്ചയും
ഇപ്പതിറ്റാണ്ടിലൊക്കെയും ചെയ്യാത്ത കാരുണ്യം
ഇനിയീ ഒടുക്കത്തെ വേളയിൽ പകരുവാൻ
ഒരു കണ്ണെങ്കിലും ദൃഷ്ടിയിൽ പതിക്കാതെ പോവുന്നു
മരണമിന്നെന്റെ വാതിൽ മുട്ടിത്തുറക്കാതെ
ശക്തമാ സാക്ഷകൾ മുറുക്കിക്കൊളുത്തുക
എന്റെ ജീവന്റെയന്ത്യ കണമുരിഞ്ഞു പോവാതെ
കാലുകൾ അമർത്തിപ്പിടിക്ക എന്നിൽ നിന്നകലായ്ക
എങ്കിലുമറിയുന്നു ഞാനെന്റെയുൾബോധം മറയും മുൻ
ഒരിക്കലെങ്കിലും നിൻ ഇച്ഛയറിയുവാൻ ക്ഷമ യാചിക്കുവാൻ
കഴിയാതെ പോവുകിലെരിയുമീ ഉലകിൽ ഞാനെരിഞ്ഞതുപോൽ
എന്റെയാത്മാവൊടുങ്ങാത്ത ഇരുൾകൊണ്ട നാളൊക്കെയും


 

1 അഭിപ്രായം:

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...