2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

ഒറ്റുകാരൻ


തിരിച്ചറിവുകളുടെ കാരമുള്ളുകൾ
ഇടവഴികളുടെ വേദനകളാവുന്നു
ചുറ്റും വസന്തമാണെന്നും,വർണ്ണങ്ങളൊക്കെയും
എന്നിൽ മാത്രമേ ഒടുങ്ങിയിട്ടുള്ളുവെന്നും
ആറാത്ത നോവൊന്നു നിവർന്നു നിൽക്കുന്നു
നിറക്കാഴ്ച്ചകൾ കെട്ടുപിണഞ്ഞാടുന്ന മദ്ധ്യാഹ്നങ്ങളിൽ
നരച്ച കറുപ്പുവെളുപ്പു പോലും അന്യമാവുന്നു
നഷ്ടമായ വാക്കുകളും പിടിച്ചെടുത്തെരിച്ച കാവ്യങ്ങളും
ഒരിക്കലും തളിർക്കാതെ കൂമ്പടഞ്ഞു കരിയുന്നു
ഗന്ധകം പെയ്യുന്ന അമാവാസികളിൽ
മാർജ്ജാരവേഷപ്പകർച്ചകൾക്കു മേൽ സദാചാരം പൂക്കവേ
കൊഴിഞ്ഞു പോയതൊരു നിറകൺ നിലാവാണു
പിറക്കാത്ത കവിതകളുടെ ആകത്തുകകളിൽ
വെറുപ്പിന്റെ മൗനം വെന്തെരിഞ്ഞൊടുങ്ങവേ
പൊള്ളലേറ്റതൊരു നാക്കുപറിഞ്ഞ നാഴികമണിയാണു
കരിനിയമമുരുക്കുന്ന പൗരോഹിത്യ മേൽക്കോയ്മകളിൽ
വെള്ളിമൂങ്ങകൾ വാഴുന്ന കമ്പോള നീതികളിൽ
ദാരിദ്ര്യം പുകയുന്ന സാമ്പത്തിക അസമത്വങ്ങളിൽ
ഒറ്റമുറിയിലൊരു ഒറ്റുകാരൻ എത്തിനോക്കും വരെ
നീയെനിക്കൊത്തു ശയിക്കുക, എന്നിൽ വിയർത്തൂറുക
ഉരിയവൻ വന്നു കതവു തട്ടും മുന്നൊരുകണമൊരുമാത്ര
എന്നിലിഴചേർന്നൊരു വിപ്ലവവീര്യത്തിനു ജന്മമേകുക

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

1 അഭിപ്രായം:

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...