2015, ജൂൺ 11, വ്യാഴാഴ്‌ച

മഴയോട്


വരിക, നീയെന്റെ ഉപ്പു തടാകം നിറയ്ക്കുന്ന വിയർപ്പായ്
തിമിർത്തു പെയ്ക, കാലം ഉഴിഞ്ഞിട്ട മലിനമെല്ലാമൊഴുക്കുക
സന്ധ്യയ്ക്കു വിരിഞ്ഞു പുലർന്ന അവിഹിത ബാന്ധവം
തോളിലിട്ട കൈ ഞെരിച്ചു തെറിപ്പിച്ച  സ്വപ്ന ജീവിതം
അക്ഷര ഭിക്ഷയിൽ കൂട്ടിക്കുഴച്ച് പകർന്ന രതിയമ്ളകണം
എല്ലാമെടുക്കുക, അങ്ങു ദൂരെ പെരുങ്കടലിലൊഴുക്കുക
അയല്ക്കാരനിലർപ്പിച്ചു പോയ മകളുടെ ഇടതു സ്തനം
തേരാളിയിൽ കാമകല്പം തേടിയ വാരിയെല്ലിന്റെ ചെറു കഷ്ണം
ഒന്നും ബാക്കി വെയ്ക്കരുത്, നാളെ സാക്ഷ്യപത്രമാകുവാൻ
നോട്ടുകെട്ടിൽ പരവതാനിയിട്ടുറങ്ങുന്നുണ്ട് ഭരണ മേല്ക്കോയ്മ
വിയർക്കാതെ ഭോഗിച്ച് ചുളിയാതെ ചരിക്കുന്നു പൗരോഹിത്യം
അരുത്, അലോസരപ്പെടുത്തരുതാരെയും നാളെയും വേണ്ടവർ
ഇടിവെട്ടിയൊന്നിലുമീർഷ്യയില്ലാതെ തുടർന്ന് പെയ്യുക
കാവിന്റെ തിണ്ണയിൽ പെരുമഴയത്ത് കയറിയഭയമേറ്റവനെ
തീണ്ടലിന്റെ തിരുവേദമോതിയറുക്കുന്ന വേദാന്തപ്പരിഷകൾ
കവിത കുറിക്കുന്നവൻ കാടു കാക്കുന്നവൻ കാഫിറെന്ന
പുതു സിദ്ധാന്തം നെയ്ത് സ്വവർഗ്ഗ ഭോഗം പകുക്കുന്നവർ
വീഞ്ഞിന്റെ ലഹരിയും കുമ്പസാര രഹസ്യവും ചേർത്ത്
പാതിരാക്കുർബാനയിൽ പാനപാത്രം മൊത്തിക്കുടിക്കുവോർ
ഇല്ല, നീയാരെയും കാണുന്നില്ലൊടുക്കുന്നില്ലറിയാതെ പെയ്യുന്നു
നീ പെയ്യുന്നതെന്റെ സ്വപ്നമാണൊഴുകുന്നതെന്റെ കവിതയും
നീ പകരുന്നതെന്റെ നീരാണു കെടുത്തുന്നതെന്റെയാധിയും
ഇനിയൊരു കർക്കിടകപ്പെരുങ്കോളിൽ തകർന്നടിയണം
മാറ്റമില്ലാതെ തുടരുന്ന സാമ്പത്തിക അസമത്വ ജാതകം
പുലരണം പുതു പുലരിയൊന്ന് ചെറു മഴയ്ക്കൊപ്പം
അതിൽ പൂക്കണം കീഴാള ജീവിതമേൽക്കണം  കരുത്തവർ
അതുവരെ തീരാതെ പെയ്യട്ടെ പെരുമഴയുമെന്റെ കാവ്യവും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...