2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

നിത്യത തേടുന്ന പ്രണയകാവ്യംജീവിതപ്പെരുവഴിയിലെപ്പഴോ
പാതിയടഞ്ഞ്, പൊടിയടിഞ്ഞ്
തുരുമ്പ് തിന്നയീ തകരപ്പെട്ടിയിൽ
ഓമനേ, ഇനിയും ദ്രവിച്ചിട്ടില്ലാത്ത
നിന്റെ ഓർമ്മകൾ വാഴുന്നിപ്പഴും
കൂവിയാർത്ത് ചുറ്റും തിമിർക്കുന്ന
കുരുന്നുകൾക്ക് ഓട്ടുവളപ്പൊട്ടിതെങ്കിലും
ഒട്ടും ചോരാതെ നിന്റെ മണം കാക്കുന്ന
നിത്യ പ്രണയ സ്മാരകം കയ്യിലെടുപ്പു ഞാൻ
അന്നൊരുത്സവപ്പിറ്റേന്ന് പുലരിയിൽ
ആരുമുണരാത്ത ഊടുവഴിയിൽ
താമരത്തണ്ടിനൊത്ത നിൻ കയ്യിൽ
ഞാനണിയിച്ച ആദ്യ പ്രേമ സമ്മാനം

ഇന്നീ പെരുമഴയത്ത് കാറ്റടിയേറ്റ്
പാടവരമ്പിലങ്ങേത്തല്യ്ക്കൽ കണ്ണുനട്ട്
കാത്തിരിക്കുന്ന വേളയും കേൾക്കാമെനിക്ക്
നിന്റെ പദനിസ്വനം, ഒരു മൂളിപ്പാട്ട്
എന്നിലൊരു പാതിരാവുമുറങ്ങാതെ
നിന്റെ ദാഹം നിലയ്ക്കാതൊഴുകുന്നു നിത്യവും
അമ്പലനടയിലാമ്പൽക്കുളത്തിലാറ്റുവക്കിൽ
നീയാണെനിക്കോർമ്മ, നിയതി, നീർ വീഴ്ച
നിന്നിൽ നിന്നെന്നെപ്പിഴുതെടുക്കുവാൻ
ഇനിയുമൊരായിരം കൊയ്ത്തുകാലം താണ്ടണം
നിന്റെ മാംസം പൂത്ത മരക്കൊമ്പിലൊരിക്കലും
കഴുകജന്മമാടിയില്ല ഞാനെങ്കിലും, അറിയുന്നു
നീ വിടർന്ന രാവുകൾ, മധുകിനിഞ്ഞ മേടുകൾ
ഇനിയീ ഒടുക്കത്തെ രാഗവും പാടി നടയടയ്ക്കവേ
ഒന്നായൊഴുകണം നിനക്കൊത്ത്, ഒടുവിൽ
നീ ഉറക്കം നടിച്ചൊളിച്ചു കിടക്കുമിതേ മണ്ണിൽ
നിന്നിൽ കുതിർന്നലിഞ്ഞ് പിന്നെയും കാലമൊക്കെയും
ഒരു പുതിയ പ്രണയകാവ്യമായ് വസന്തം ചുരത്തണം
0000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...