2017, ഡിസംബർ 5, ചൊവ്വാഴ്ച

പേരുമാറ്റപ്പെടുന്ന ബന്ധങ്ങൾതേഞ്ഞാപ്പുട്ടും ക്കരപ്പുട്ടുമായ്
മണ്ണു വാരി കളിവീടു കളിക്കയിൽ
നീ പാത്തുവും ഞാനുണ്ണിയുമായിരുന്നു

പള്ളിക്കൂട മുറ്റം വരെ പെരുമഴയത്ത്
ഒരു കുടക്കീറിൽ നീ നനയാതെ
നെഞ്ചു ചേർത്ത് നിന്നെയെത്തിക്കയിൽ
നീ ഫാത്തിമയിലേക്കും ഞാൻ മാധവനിലേക്കും
പേരുകൊണ്ട് മാത്രമേ നടന്ന് പോയതുള്ളൂ

മൈലാഞ്ചിക്കൈ നീട്ടി, മൊഞ്ച് പെരുത്ത്
ഒപ്പനശീലുകൾക്കൊപ്പമന്നാ നിലാവത്ത്
തിരണ്ടുകല്ല്യാണമേളം ഘോഷിക്കവേ
നിന്റെ പേരിനു കൊമ്പുമുളച്ചെന്ന്
കളിവാക്കു പറഞ്ഞു ഞാൻ, ബീഫാത്തിമ

വിരുതുകൾക്കപ്പുറം ബിരുദമേറി
വിദ്യഭ്യാസക്കച്ചവടത്തിന്റെ മുടക്കുമുതലിൽ
സാക്ഷ്യപത്രമൊന്നെന്റെ കയ്യിലെത്തവേ
നീ, വാലുമുളച്ചവനെന്നെന്നെ കളിയാക്കയിൽ
മാധവൻ നായരായ് ഞാൻ ഉയർന്നിരുന്നു

എങ്കിലും ഫാത്തിമാ,
കുഞ്ഞു പെങ്ങളായ് കാലമൊക്കെയും കണ്ട
നീയെന്നാണെന്നെ കാണാൻ വിലക്കപ്പെട്ട്
ഒരു മുഖപടത്തിനുള്ളിൽ പേരു പാടേ മാറി
ധീര മുസ്ലിമായ് ചുവട് മാറ്റപ്പെട്ടത് ?
കൂടിയ ജാതിയായ് കാവിയുടുത്ത്
തീണ്ടായ്മയുടെ പുതു വിത്തെറിഞ്ഞ്
ഞാനെന്നാണു സനാതന ധർമ്മത്തിന്റെ
ധ്വജ വാഹകനായ് പരിവർത്തനമായത് ?
ഇനി, പഴയ പാത്തുവിലേക്ക് നീയും
ഉണ്ണിയായ് ഞാനും പുനർജ്ജന്മമാവാൻ
ഏതു പ്രവാചകനാണു ഉദയം കൊള്ളേണ്ടത് ?

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...