2018, ഏപ്രിൽ 29, ഞായറാഴ്‌ച

അടർന്നു വീഴുന്ന വാക്കുകൾ


ഒന്നും ബാക്കിവയ്ക്കുന്നില്ല
ആദ്യമായ് ചുണ്ട് നനച്ചയമ്മിഞ്ഞ
മൂർദ്ധാവിലമർത്തിക്കിട്ടിയ പൊന്നുമ്മ
തിരിച്ചെടുക്കാനാവാത്തത്ര മങ്ങിയിരിക്കുന്നു
ആമാശയാമ്ലമെരിച്ചിലടങ്ങാനൊന്ന് മാത്രം
ആർത്തിയോടെ കോരിക്കുടിച്ച കനൽക്കഞ്ഞി
പങ്കിട്ടെടുത്ത സാഹോദര്യപ്പകലുകൾ തീ രാവുകൾ
പടിയടച്ചന്യമായെവിടെയോ പരന്നിറങ്ങിയിരിക്കുന്നു
പ്രണയമെന്ന് തിരിച്ചെഴുതാനാവില്ലയെങ്കിലുമന്ന്
പലവുരു ഉരുവിട്ട പവിത്രമാം സ്നേഹസ്വനം
കാവുകുളക്കരയിലൊന്നൊളിച്ച് കാണാൻ പോലും
ബാക്കിയൊരിലക്കീറിൽ മിച്ചമാവാതെ പോവുന്നു
പാണിഗ്രഹം പകലൊഴിഞ്ഞൊരു സന്ധ്യയിൽ നിന്ന്
പാട്പോലും തിരിച്ചെടുക്കാനാവാത്ത ഒരു പൊട്ടാവുന്നു
അക്ഷരമുറച്ച ആദ്യനാൾ തൊട്ടിന്നീ നരച്ച പകൽ വരെ
ആയിരം പത്തി വിടർത്തിയാടിയ കവിതകളൊക്കെയും
ഖണ്ഡികയിൽ നിന്ന് വാക്കുകളടർന്നനാഥമായൊഴുകുന്നു
ബാക്കിയാകുന്നില്ലയൊന്നും, ഒന്നുമീ ഞാനുമെൻ പാഴ്വാക്കും
ഒരിലയടർന്ന് പോകുമത്ര ലാഘവമെന്റെ ശ്വാസം നിലച്ചിടും
പകരം പതിരൊട്ടുമേശാത്തൊരാൾ വരും പകലന്തിയോളം പാടിടും
അതിലൊന്നെങ്കിലും അടിയന്റെ കവിതയാകുകിൽ, മതി സുകൃതമീ ജന്മം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...