2023, ജനുവരി 13, വെള്ളിയാഴ്‌ച

പൂതലിച്ചിടും മുന്നൊരു പടപ്പുറപ്പാട്

 

ഈ പീത സായന്തനത്തിന്റെ

നര വീണ വാനിലെൻ പ്രിയതേ

ഇനിയൊരു മൊട്ട് കൂമ്പിയതി-

ലിത്തിരി പ്രണയം ചാലിച്ച്

ശ്യാമ വർണ്ണമൊരു മലരിനിയും

പുഞ്ചിരിച്ചേ നിൽക്കുമെന്നായ്

കൊതി കൊൾവത് മാത്രമെൻ 

വാലൊടിഞ്ഞ ഓട്ടു കിണ്ടി തൻ

ഒടുങ്ങാത്ത മുദ്രയും മോഹവും


ഇന്നെന്റെ മോഹ നികുഞ്ജത്തിൻ

വേരുകളാകെയുമടർന്ന് പൂതലിച്ച്

നട്ടുച്ച വെയിലൊക്കെയും കൊണ്ട്

അസ്തമയ സൂര്യനെ കാത്ത് കിടക്കവേ

നാക്കു പറിഞ്ഞ നാഴിക മണി തൻ

നാദമൊന്നിനിയും അണയുമെന്നായ്

നിൻ പടിപ്പുറത്ത് തൊഴു കയ്യുമായ്

കാത്തിരിപ്പത് മാത്രം കാതരേ ശിഷ്ട ജീവിതം


നാട്ടു വഴി വളർന്ന് സത്രത്തളം തൊട്ടതും

ഏട്ടിലെപ്പശുവായ് തെക്കിനിയിലിട്ടതും

നീട്ടിയൊന്ന് വിളിക്കാനുള്ള നാക്ക് കട്ടതും

കണ്ടില്ല, കണ്ടുവെന്നാകിലുമുൾക്കൊണ്ടില്ല-

യെന്നായ് കൊണ്ടു പോകാനുള്ളോനെ കാക്കവേ

കവിതയൊന്ന് കെട്ടി ഞാനുറക്കെയാലപിക്കട്ടെ-

യല്പം തരളിതനാവട്ടെ, തോറ്റു പോകാതിരിക്കട്ടെ


ഇനിയെന്റെ കാവ്യ ഭൂവിലേക്കിത്തിരി പ്രണയമാ-

വാഹിക്കട്ടെ, ഞാനെന്റെയാത്മാവിനെ തൊടട്ടെ

കണ്ണുമൂടിയിക്കോലായിലൊട്ടിരിക്കട്ടെ, കാണട്ടെ

കരിഞ്ഞൊടുങ്ങിയ കനവുകളുടെ കടയ്ക്കലിത്തിരി

ആനന്ദക്കണ്ണീരു പൊഴിക്കട്ടെ, അജയ്യനാവട്ടെ

ആർത്തു കരയാനാരുമില്ലാതെ,യോർത്തു വയ്ക്കാൻ

നിൻ തീക്ഷ്ണ ഗന്ധമൊന്നല്ലാതെ മാറ്റൊന്നില്ലാതെ

പേർത്തു പേർത്തെൻ ജീവനെ വാർത്ത് പോകവേ

ഒരു കവിത മാത്രം മൂളുക, ചെരാതിൻ തിരി താഴ്ത്തുക

ഇനിയൊരു രാവിനപ്പുറമെന്റെ ദേഹം വയ്ക്കാതടക്കുക

0000000000000000000000000000000000000000000000






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...