2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

കാടിന്റെ മക്കൾ



കാടിറങ്ങി മലയിറങ്ങി നാടു തേടി വന്നു
ഞങ്ങൾ കാടിന്റെ മക്കൾ
നാവുണങ്ങി നീരു തേടി നേരു തേടിയലഞ്ഞു
ഞങ്ങൾ കറുത്ത മക്കൾ


ഞങ്ങടെ കാട്ടു കിഴങ്ങിനും തേനിനും
ഞങ്ങടെ കുലദൈവ മരുന്നിനും വിദ്യയ്ക്കും
ഞങ്ങടെ വിശ്വാസ കർമ്മങ്ങൾക്കൊക്കെയും
കാലങ്ങളായ് ഞങ്ങൾ നേടിയതിനാകെയും
പകരമായൊരുനുള്ളു വിദ്യ നല്കൂ അതിൽ
പുലരട്ടെ ഞങ്ങടെ കിടാത്തങ്ങൾ ഭാവിയും


കാടനറിവും കരിങ്കൂവളപ്പൊലിവും
കറുത്ത മുത്തനും മുടിയാട്ടവും
കാടിന്റെ കരുത്തും മന്ത്രവാദവും
ഞങ്ങടെയാചാര മുറകളും കർമ്മവും
എല്ലാമൊരു ഭാണ്ഡക്കെട്ടിലൊതുക്കി
ഒരു പൊത്തിലൊളിപ്പിച്ചു വരുന്നു ഞങ്ങൾ
ഞങ്ങടെ കിടാത്തങ്ങൾക്കു വിദ്യയേകൂ


നിങ്ങളെന്തിത്ര സാകൂതം നോക്കുന്നു ഞങ്ങളെ
നിങ്ങളെന്തിങ്ങനെ ആട്ടിയകറ്റുന്നു ഞങ്ങളെ
നിങ്ങളറിയാത്ത നാലുകാലം മുമ്പ് നല്ലൊരു നാളിൽ
നിങ്ങടെ മുതുമുത്തച്ഛന്റെ നൽ ജീവനെ
കാലന്റെ കയ്യിൽ നിന്നും പറിച്ചെടുത്ത്
കിനാകാണുവാൻ കരുത്തരാകുവാൻ നിങ്ങളെ
പ്രാപ്തരാക്കിയതെങ്കൾ പിതാമഹരല്ലയോ


നിങ്ങടെ ചമയവും ശീല്ക്കാരവും മുറകളും
നിങ്ങടെ മേമ്പൊടി ചേർത്തുള്ള പ്രണയവും
ഉടുപ്പുലയാത്ത ആലിംഗനങ്ങളും ഉഷ്ണിച്ച മനസ്സും
നിങ്ങടെയാർഭാട ആടയും ആടലും ധൂർത്തും
ഒരുനേരത്തിനൊരിത്തിരി വയറിനു
കാതങ്ങൾ താണ്ടി മലകയറും ഞങ്ങൾക്കു
ഒരിക്കലുമുൾച്ചേരാനാവുമോ കൂട്ടരേ


കാട്ടുമാംസം പച്ചയ്ക്കു കടിച്ചു തുപ്പുന്നവർ
കാട്ടാളർ, വഴിയിൽ കുടിച്ച് വീഴുന്നവർ
തമ്മിൽ തല്ലിയും കരഞ്ഞും കെട്ടിപ്പിടിച്ചും
തളർന്നു രാവിൽ വീണുറങ്ങുന്നവർ
അസംസ്കൃതർ, അജ്ഞർ, അപക്വമതികൾ
നിങ്ങൾക്കു ഞങ്ങളെ കാട്ടിക്കൊടുക്കുവാൻ
നൂറുണ്ട് നിങ്ങളിൽ അടയാളവാക്യം


ഞങ്ങടെ കണ്ണുകൾ ചെറുതായിരിക്കാം
ഉൾക്കൊള്ളാൻ മനസ്സിനറിയാതിരിക്കാം
ഞങ്ങടെ ജ്ഞാനക്കുറവായിരിക്കാം
എങ്കിലും ഞങ്ങളറിയുന്നില്ല നിങ്ങളെ


കൂടെപ്പിറപ്പിനൊത്ത് കിടക്ക പങ്കിടുന്നോർ
മാതൃ പുത്ര ബന്ധം തെല്ലുമറിയാത്തവർ
നാലു മുക്കാലിൽ മാനത്തിനു വില പറയുന്നവർ
നോട്ടുകെട്ടിന്റെ തൂക്കത്തിനു വിദ്യ വില്ക്കുന്നവർ
വിയർക്കാതെ വിതുമ്പാതെ അന്നമുണ്ണുന്നോർ


നിങ്ങളെന്തിനെങ്കൾ പെണ്ണിന്റെ
മടിക്കുത്തഴിക്കുന്നു തമ്പ്രാക്കളേ
നിങ്ങളെന്തിനെങ്കൾ കിടാത്തങ്ങളെ
ഊരുവിലക്കിയകറ്റുന്നു മാന്യരേ
പകൽ വെളിച്ചത്തിൽ ഞങ്ങളെ
ആട്ടിയോടിക്കുന്ന നിങ്ങൾക്കു
പാതിരാ കാമവെറിയിൽ അയിത്തവും
ഭ്രഷ്ടും ആചാരവുമില്ലയോ


ഇനി ഞങ്ങളിട്ടെറിഞ്ഞു പോകുന്നിവിടം വിട്ട്
ഞങ്ങൾക്കുവേണ്ട നിങ്ങടെ വിദ്യയും
ഞങ്ങളറിയുന്നില്ല നിങ്ങടെ സംസ്കൃതിയും
ഉള്ളിലൊരായിരം ആണ്ടാണ്ടുകൾക്ക് മുന്നേ
ഉറഞ്ഞു കിടക്കുന്ന ഞങ്ങടെ വിദ്യകൾ
ഉപകരിക്കും വാഴ്വിൻ ഏതു ഘട്ടവും
ഉണ്മയിതറിഞ്ഞു മടങ്ങുന്നു ഞങ്ങൾ


എങ്കിലുമതിൻ മുന്നൊരു മാത്ര ചൊല്ലിടാം
ഞങ്ങടെ പെണ്ണിന്റെ മാനമെടുക്കുവാൻ
ഞങ്ങടെ കാടിന്റെ തനിമയൊടുക്കുവാൻ
ഞങ്ങടെയവകാശ ധ്വംസനമാകുവാൻ
കാടുകേറുവാൻ ഒരുവട്ടമോർക്കും മുമ്പോർക്കുക

വീണുറങ്ങില്ല നാൾ മുഴുവൻ ഞങ്ങൾ
ഉറങ്ങുന്നുണ്ടൊരൂർജ്ജ കലവറ ഞങ്ങളിൽ
ഒഴുക്കതൊരിക്കൽ ഒരു മഹാ പ്രവാഹമായ്
കുലം കുത്തിയൊഴുകി ഒടുക്കിടും നിങ്ങളെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...