2011, നവംബർ 2, ബുധനാഴ്‌ച

ഗർഭ പാത്രം


മനസ്സിൽ മണിനാദവും
കവിളിൽ പൊൻ തുടിപ്പും
ഹൃത്തിലൊരു പുളകവുമായ്
ഒരു സ്വപ്നമിറുത്തു, ഒരു ജന്മമെടുത്ത്
കനവുകളൊരു കോടി പകുത്ത്
തൊട്ടാവാടി കുറുന്തോട്ടി നുള്ളി
ചിണുങ്ങിയും പിണങ്ങിയും
തുള്ളിക്കുതിച്ച നാളെന്നിൽ
ഗർഭ പാത്രമൊരു ഭാവനയായിരുന്നു


ഒരു നൂറു ശലഭങ്ങൾ ഉണർന്നെണീക്കുവാനായ്
ഉള്ളിൽ തപം ചെയ്യുന്നതെന്നെയറിയിക്കുവാൻ
അത്രമേൽ തരളിതമായൊരു ഭാവമായ് എന്നിൽ
സ്പന്ദിക്കുമൊരു ചെറു മാംസപാത്രം


എന്റെ വികാരങ്ങളിൽ എളിയ വിചാരങ്ങളിൽ
സ്നേഹ നൊമ്പരങ്ങളിൽ പ്രണയ ലാഞ്ചനകളിൽ
എനിക്കൊത്തു തുടിക്കുവാൻ എന്റെ മോഹമളക്കുവാൻ
എന്നിൽ കുടികൊള്ളുമൊരു വ്രണിത പാത്രം


ജീവിതാശയങ്ങളിൽ ഭാവി ഭാഗധേയങ്ങളിൽ
സ്വപ്ന സൌധങ്ങളിൽ ചിന്താ ശകലങ്ങളിൽ
എന്നെ സ്പർശിച്ച് എന്നിലൊന്നായറിഞ്ഞ്
ഒരു തുടികൊട്ടു പാട്ടായ് ചെറു നോവിന്റെ കെട്ടായ്
രക്തം തുപ്പി ചിലപ്പോൾ രൌദ്രം ഭാവിച്ച്
എന്റെ ജീവിത ലക്ഷ്യമെന്നെയുണർത്തുന്ന
എന്റെ സ്നേഹ ഗർഭ പാത്രം


നാളുകൾ സ്വപ്നമേധം തീർത്തെന്നിൽ
വരപ്രസാദം നല്കിയ വേളയിൽ
നരജന്മത്തിന്റെ ഉത്തമ ഭാവത്തിലെത്തി ഞാൻ
നീന്തിത്തുടിക്കുമൊരിളം കുഞ്ഞെന്റെ ഗർഭാശയത്തിൽ
തീർത്തയുൾപ്പുളകമെന്നായുസ്സിലറിയുന്നു
വീണ്ടുമൊരുനാളുമത്ര കണ്ടില്ല ഞാൻ


എന്റെ മകനെന്ന മാംസകോലത്തിനു
രക്ഷാ കവചമായ് ദേവ തീർത്ഥമായ്
പത്തുമാസക്കാലമെനിക്കൊരു
വസന്ത സ്വപ്നം തീർത്തെന്റെ മോഹഭാവങ്ങളെ
കുളിരണിയിച്ച എന്റെ ജീവപാത്രം


ജന്മ സാഫല്യം പുത്ര ഭാഗ്യമെന്നു
മർത്യായുസ്സു മക്കൾക്കു വേണ്ടിയെന്നു
മനമുരുകി കനവൊടുക്കി കാലമെല്ലാം
ഗർഭപാത്രത്തിന്റെ മൌന രാഗങ്ങളെ
കണ്ണടച്ചിരുട്ടാക്കി ഉള്ളിൽ തികട്ടുമസ്വാസ്ഥ്യങ്ങളും
ഉറവയെടുക്കുന്ന വേപഥുകളും കണ്ടില്ലെന്നു
കാലം കഴിക്കുന്ന കാലവും മകനെനിക്കൊരു
മോഹത്തുരുത്തായിരുന്നു


കൊറിക്കാൻ മടുപ്പിക്കും ഏകാന്തതയും 
കണ്ടിരിക്കാൻ നരവീണ വികല സ്വപ്നങ്ങളും
കൂട്ടിനൊരുപാട് മോഹഭംഗങ്ങളും
കനിഞ്ഞു നല്കിയെൻ മകൻ
കൂടണഞ്ഞു വിദൂരമെങ്കിലും അന്നു ഞാൻ
നാളുകൾ നാലായ് പകുത്ത് വിനാഴികകളെ
വിസ്തരിച്ച് കാലം കഴിച്ചിരുന്നു


ഒടുവിലിന്നൊരു നാൾ ഓർമ്മകൾക്കു ആവരണമിട്ട്
മോഹങ്ങൾക്ക് മരണം ഭവിച്ച്, മനസ്സിന്റെ വിങ്ങലുകൾ
ഹൃദയ താളം പോൽ ശീലമായ് കഴിയുന്ന നേരത്തറിയുന്നു
ഉള്ളിൽ അജ്ഞാതമൊരു ഭാവ വ്യതിയാനം പുതു നൊമ്പരം


ആതുരാലയ കച്ചവടങ്ങളുടെ കൂട്ടലും കിഴിക്കലും
ആയിരം നേരത്തെ മരുന്നും മുക്കുടിയും
ഒടുവിലത്ര നിസ്സാരമായ് ഒരു നീർക്കെട്ടു പോൽ ലഘുവായ്
ഉണർത്തുന്നെന്നിലെ ഗർഭാശയാർബുദം അതിരു ഭേദിച്ചുപോൽ


മകനേ നിന്റെ സാന്ത്വനങ്ങൾ വെറും തരംഗങ്ങളായ്
ഏഴു കടലും കടന്നെത്തുന്ന നേരവും അറിയുന്നു ഞാൻ
എന്നിലെ നിർവ്വികാരതയുടെ നിലയില്ലാക്കയങ്ങളെ


ഇന്നീ ഉച്ചച്ചൂടിനുൾവശം എന്നിലണയുന്ന
മരണത്തിന്റെ കൊടും ശൈത്യവും കടന്നു
ആതുര സേവകരുടെ മൌന നാടകം
കണ്ടുകണ്ടിരിക്കുമ്പോൾ, പെരും നടുക്കമായ്
ഉൾക്കിടിലമായ് ഒരു സത്യമെന്നിൽ നിറഞ്ഞൊഴുകുന്നു


ഒരു സ്ത്രീയെന്ന ഭാവഭേദം തന്ന
മാതൃത്വമെന്ന അമൃതേത്തു തന്ന
എന്നിലെ ഞാനായ് ഇത്ര നിലകൊണ്ട
ഗർഭപാത്രമെന്നിൽനിന്നെന്നേക്കുമായ്
അറുത്തെറിയുവാൻ അരങ്ങൊരുങ്ങുന്നുവെന്ന്

മകനേ നിന്നെ ഞാൻ പേറിയ മാംസ കുംഭം
എന്നിൽ നിന്നു മരിച്ചുവീഴുന്ന കാലത്തുപോലും
ഒരുനോക്കു കാണുവാൻ മനസ്സുണരാത്ത
നീയെനിക്കേകുന്ന ബലിയന്നമുണ്ണുവാൻ
ഒരിക്കലുമൊരു കൽ പടവിലുമെത്തിനോക്കില്ല
ഗതികെട്ടെന്നത്മാവെത്ര അലഞ്ഞീടിലും  

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



1 അഭിപ്രായം:

  1. മുജീബേ.. ഒരു വിഷയത്തിലെത്ര എഴുതിയാലും വക്കുകൾക്കോ വരികൾക്കോ പഞ്ഞമില്ലാത്ത ആ മനസ്സിനു മുന്നിൽ പ്രണാമം... ആ കഴിവ് ദൈവത്തിന്റെ വരദാനമാണ്.. ആശംസകൾ... എല്ലാ വരികളും വളരെ അർത്ഥപൂർണം

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...