2011, നവംബർ 7, തിങ്കളാഴ്‌ച

പ്രമേഹം


മധുരമൊരു തരിമ്പെങ്കിലും രുചിയറിയാൻ കൊതിക്കുന്നു
മനസ്സും ശരീരവും കയ്പുനീരിൽ കുതിരുന്ന നേരവും
മണ്ണും പൊന്നു പണവും പലകോടി പടവെട്ടി നേടി ഞാൻ
ജയപരാജയങ്ങളിൽ ഊറ്റമേറെയറിയാതെ
ജനമദ്ധ്യത്തിൽ പരിഹാസനായുമിടറിയും
ജന്മം സഫലമെന്നാക്കുവാൻ അലഞ്ഞുതിരിഞ്ഞതും


പണവും പ്രശസ്തിയൊന്നു മാത്രം ലക്ഷ്യമായ്
പ്രണയവും പരിണയവും പുറങ്കാലിൽ തട്ടിയെറിഞ്ഞതും
പ്രാർത്ഥനയും പകല്ക്കിനാവൊന്നുമില്ലാതെ
പകലന്തിമുഴുവൻ ഞാൻ പെരും പണി ചെയ്തതും


അന്യദേശത്തപമാനിതനായ് അടിമവേല ചെയ്കിലും
ആശിച്ചുപോയൊരുനാളെങ്കിലും സ്വർഗ്ഗീയ ജീവിതം
അനുഗാമിയാകുവാൻ വന്നവൾ അർദ്ധവിരാമം കുറിച്ചപ്പൊഴും
ആശ്വാസം കൊണ്ടു ഞാൻ മകനൊന്നു വളരുമെന്നായ്


പണയപ്പെടുത്തിയെൻ ജീവിതം നിന്റെ നന്മയിൽ
പലനാളന്തിയിലന്നം വെടിഞ്ഞു ഞാനുറങ്ങിയും
പ്രാരാബ്ധമൊന്നു നീയറിയരുതെന്ന വാശിയിൽ
പടിവാതിൽ പലതു ഞാൻ മുട്ടിയുമിടറിയും


അണിയാൻ കൊതിച്ച കിരീടവേഷമോരോന്നും
അരസികനായ് നീ കശക്കിയെറിയുന്നതും
അർത്ഥമില്ലാത്ത കോലം കെട്ടിയാടി നീ
ആത്മ നിന്ദയിൽ അരങ്ങൊഴിയുന്നതും കണ്ട്


ഏതോ നിഗൂഢ സ്വപ്നമൊന്നിൽ ഞെട്ടിയുണർന്ന നേരം
എരിതീയിൻ നടുവിലാണെൻ ജീവിതമെന്ന പരമാർത്ഥമറിയുന്നു
എരിവും മധുരവും വിട്ടു പ്രമേഹത്തിൻ പടികടന്നു
എങ്ങോ കല്ലറക്കെട്ടിൽ ഞാൻ ഗതികെട്ടലയുന്ന നേരവും
എനിക്കായ് നീ കരുതിവയ്ക്കുക ഒരുപിടി ബലിയന്നമെങ്കിലും

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...