2012, നവംബർ 16, വെള്ളിയാഴ്‌ച

ഉത്തരാധുനികം


പ്രിയപ്പെട്ടവളേ
ഞാനകലുകയാണു
നാഴികകളും തവണകളും തിരിച്ച് വരാത്ത
നെടുവീർപ്പളക്കുന്ന നാലുകെട്ടും കടന്ന്
മനസ്സ് രൂപാന്തരം പ്രാപിക്കുന്ന
മറ്റൊരു തുരുത്തിലേക്ക്
അവിടെ എന്റെ ഭ്രമങ്ങൾക്ക്
ഞാനൊരു കടുത്ത വർണ്ണം നൽകും
എന്റെ വാക്കുകളെ അലഞ്ഞു തിരിയുന്ന
അനുഭവങ്ങളുടെ ആലയിലിട്ട്
പുതിയ ചാണയിൽ തേച്ചെടുക്കും
വികാരങ്ങൾ അലിഞ്ഞു പോകാതെ
ഈയമുരുക്കിയ മൂശയിൽ ചേർത്ത് വയ്ക്കും
ഓർമ്മകളിൽ പറന്നിറങ്ങാൻ
പ്രണയത്തിന്റെയൊരു ചാണകക്കിളി
ഇടയ്ക്കൊന്നു കരഞ്ഞു കയറാൻ
പട്ടിണിയിൽ കൊരുത്ത ബാല്യരൂപം
അണ്ണാറക്കണ്ണൻ ആർത്തി കാട്ടുന്ന
തേഞ്ഞു തീരാത്തൊരു വരിക്കപ്ലാവ്
പിന്നെ, വർണ്ണങ്ങളുടെ ആധിക്യങ്ങളിൽ
പുതിയ രൂപകം തേടി ഞാനലയുമ്പോൾ
എന്റെ കാലിൽ തടഞ്ഞൊരു നിരൂപണവും
അക്കാദമിയുടെ വിരൂപ മരംകൊത്തിയും
ഒടുവിൽ ആധുനികതയും ഉത്തരാധുനികതയും
ഒന്നിനൊന്നെന്നെ വേട്ടയാടുമ്പോൾ
നിന്റെ കന്യാരക്തം ചിതറിയ ഇടവഴികളിലേക്ക്
ഞാൻ തിരിച്ച് നടക്കും
റാപ്പും റേപ്പും റോക്കുമറിയാത്ത
എന്റെ ആദിമനുഷ്യർക്കിടയിൽ
ഞാനെന്റെ വാക്കുപക്ഷികളെ തുറന്നു വിടും
സ്വപ്നങ്ങളെ, ഓർമ്മകളെ ചക്കിൽ പിഴിഞ്ഞെടുത്ത്
കാട്ടുതേൻ സമം ചേർത്ത് ഞാൻ
എന്റെ അന്തിമ ഗീതം രചിക്കും
ഒടുക്കമെൻ ശവമഞ്ചമൊരു സന്ധ്യയിൽ
മൂന്നാളുമാത്രം ചുമക്കുന്ന നേരവും
അത്രമേലുയർന്നു നില്ക്കുമന്നും
ആർക്കും തീറെഴുതി നൽകാത്തയെൻ
പാവനമൊരു കാവ്യ അഹന്ത മാത്രം

-----------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...