2012, നവംബർ 18, ഞായറാഴ്‌ച

ഗാസ


ഗാസ,
സ്വപ്നങ്ങളുടെ മുനമ്പുകളിൽ
ചോര ചിതറുന്ന പൈതങ്ങളുടെ
നിലയ്ക്കാത്ത രോദനം
വെടിച്ചില്ലുകളുടെ പ്രഭകളാൽ
ഉറക്കം നിഷേധിക്കപ്പെടുന്ന രാവുകളിൽ
വേട്ട നായ്ക്കളുടെ കൂർത്ത ഓരിയിടൽ
അലസി ഒഴിയാത്ത ഓരോ ഗർഭങ്ങളിലും
ഒരു പ്രതീക്ഷ നാമ്പെടുക്കുന്നുണ്ട്
സ്വതന്ത്രമായ ഒരു ജനനം അതു കിനാകാണുന്നു
യുദ്ധക്കൊതിയുടെ രാസത്വരകങ്ങളിലേക്ക്
പ്രസവിച്ച് വീഴുന്ന ഓരോ പൈതലും
മുഷ്ടി ചുരുട്ടി ഒരു അവകാശമുന്നയിക്കുന്നുണ്ട്
സ്വന്തം അമ്മയോടെന്നതുപോലെ
മാതൃരാജ്യത്തോടും ഒട്ടിനിൽക്കാൻ
അവൻ ജന്മ വാസന കാട്ടുന്നു
തന്റെ കൂടാരത്തിൽ തല ചായ്ക്കാൻ
ഒട്ടകത്തിനിടം നൽകിയ അറബിക്കഥ
മടിയിൽ കിടത്തി സസ്നേഹം പകർന്നേകാൻ
നിശ്ശബ്ദ വേളയൊന്നുപോലും അമ്മമാർക്ക്
വാഴ്വിൽ ലഭിച്ചിരിക്കാനിടയില്ല
എങ്കിലും,
മണ്ണിന്റെ ഗന്ധം നുകർന്നു പിച്ച വെയ്ക്കേണ്ട നാളിൽ
ഗന്ധകപ്പുകയും തീരാ കുടിപ്പകയും തങ്ങളിൽ വർഷിച്ച്
കുഞ്ഞിളം കാലുകളറുത്ത് മാറ്റിയ ക്രൂരത
സിരകളിലോടുന്ന രക്തം ചീറ്റി വറ്റിയൊടുങ്ങിലും
അവന്റെ മനസ്സിലൊരു കോണിലെന്നും
ശക്തിയിൽ നിശ്ചയം കാത്തു വെക്കുന്നുണ്ട്
രസങ്ങളെല്ലാമൊരുനാളിലൊരിക്കലെങ്കിലുമുൾച്ചേർന്ന്
പുതിയൊരു രാസ സംയുക്തമായാഞ്ഞടിക്കും നിങ്ങളെ
അതിലൊടുങ്ങും നിങ്ങളും നിങ്ങടെ രാഷ്ട്ര തന്ത്രജ്ഞതയും
പടക്കോപ്പും പകൽമാന്യതയും പണക്കൊഴുപ്പുമൊക്കെയും
അന്ന് സൂര്യനുദിക്കുമവർതൻ കൈവെള്ളയിൽ സാകൂതം
അതുവരെ ധീരമായ്തന്നെയേറ്റുവാങ്ങട്ടെയീ അറുംകൊല

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...