2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ആഭിചാരം


നിന്റെ ആഭിചാരക്രിയകൾകൊണ്ടെന്നെ വീണ്ടും
കടുത്ത പാപഗ്രഹത്തിലേക്കു വശീകരിക്കാതിരിക്ക
തെള്ളിപ്പൊടി തൂവിയ കുമ്പളത്തിൽ ആവാഹിച്ചെന്റെ
ഭ്രമണപഥങ്ങളെ ഒന്നിനൊന്നു കീഴ്മേൽ മറിക്കാതിരിക്ക
തൂശനിലയിൽ നിരത്തിയ തെച്ചിപ്പൂങ്കുലയ്ക്കരികിൽ
മുനിഞ്ഞു കത്തുന്ന ചെരാതിലേക്കൊരിക്കൽക്കൂടി
എന്നെ മനസ്സിൽ കൂടിയിരുത്തി നെയ് പകരാതിരിക്കുക
ഞാനേതു ഗംഗയിൽ മുങ്ങിയും നിന്റെ കൊടിയ
വജ്രാവരണം തകർത്തെറിയാൻ തുനിയുന്ന നേരവും
നിന്റെ സമ്മോഹന മന്ത്രം ഇരുപത്തിമൂന്നാവർത്തി
ഉരുക്കഴിച്ചെന്നെ നിന്നിലേക്ക് ഇണ ചേർക്കാതിരിക്ക
നിന്റെ സർപ്പക്കോലങ്ങളുടെ തിരു ദീപങ്ങൾക്കു നീ
ഇരുണ്ട വർണ്ണം നൽകി എന്നിൽ വിഷമേറ്റാതിരിക്ക
ഞാൻ ഞാനായിത്തുടരുവാനഹന്ത ഉറയഴിച്ചെറിയുവാൻ
എന്റെ പ്രഭു ഭവനം പ്രദക്ഷിണം ചെയ്യുന്ന വേളയിൽ
നീയെന്നെയൊരു മൂഢസ്വർഗ്ഗമായ് നിന്നിലേക്ക് വിളിക്കരുത്
ഇനി ഞാനെന്നെ മറന്നു മതികെട്ട് നഗ്നനായ് വെറും നിലത്ത്
നിന്റെ കാൽക്കീഴിലെന്റെ മാനം അടിയറവെച്ച് വീഴിലും
പിടഞ്ഞെണീക്കുവാൻ ഏതഗ്നിയിൽ കുളിച്ചും വിശുദ്ധനാകുവാൻ
ഒടുവിലെന്റെപശ്ചാത്താപക്കണ്ണീരിൽസ്വയംകഴുകിവിമുക്തനാകുവാൻ
എന്റെ ഉടയോനെന്നെയനുഗ്രഹിച്ചാശീർവ്വദിക്കും നൽവേളവരെ
ഞാൻ നിന്നെ മറന്നുലകം മറന്നു കൺമൂടിയല്പം തപം ചെയ്യട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...