2013, മാർച്ച് 17, ഞായറാഴ്‌ച

മരണ മൊഴി


വഴി തെറ്റി വന്നതാണു ഞാനേതോ
പാപഗ്രഹത്തിൽ നിന്നുമീ ഭൂവിലേക്ക്
അറിയുന്നു ഞാനത്രമേലനർഹനാണു
ഈ മണ്ണിലൊട്ടൊന്നു കാൽ തൊട്ടു വയ്ക്കാൻ
സ്വന്തബന്ധത്തിന്റെയൊരു ചെറു തരിമ്പു തേടി
ഉലക കോണു മുഴുവൻ ഞാനലയുന്ന നേരം
ഉണരുന്നു ഞാൻ മാത്രമേകനാണന്യനാണു
ഈ പുതുയുഗത്തിനുമെത്രയോ ആണ്ടാണ്ടു മുന്നേ
ഇവിടെ വന്നഗ്നിയായ് മടങ്ങേണ്ടിയിരുന്നതാണു


ഒരിക്കലുമൊരു കടക്കണ്ണിന്റെയൊടുക്കത്തെക്കോണിൽ നിന്നു
പാപ വിഷമെന്നിലേക്കു തുപ്പാതിരിക്കയെന്നെ കൈവിടുക
മൂത്ത കരിവണ്ടിന്റെയൊടിഞ്ഞ മുതുകെല്ലിനുള്ളിൽ ചെറു
പൂമൊട്ടൊന്നു നുകരുവാനറിയുവാനാശയങ്കുരിക്കുമെന്നോ
അരുത്, എന്നിൽ ജീവന്റെലക്ഷണമൊന്നുപോലുംകാംക്ഷിക്കരുത്
മരണം കനിഞ്ഞേകിയില്ലെങ്കിലുമെന്നോ മണ്ണടിഞ്ഞൊടുങ്ങിയ
കാതൽ നശിച്ചു പൂതലിച്ചു മനമെരിഞ്ഞടഞ്ഞ വെറുമൊരു
കെടുകെട്ട മരങ്കുറ്റിയായ് ഇവ്വുലകിൽ ഞാൻ നില കൊണ്ടിടുന്നു


ഇന്നുമുതൽ പതിനെട്ടാം പക്കമൊടുങ്ങും മുമ്പേ നിശ്ചയം
തെരുവീഥിയിലെവിടെയോ ഞാൻ കൊല്ലപ്പെട്ടു വീണടിയും
എന്റെ നിസ്വാർത്ഥ നിണം പെട്ട നിന്റെയിരു കരങ്ങളും
പൗരോഹിത്യത്തിന്റെ ജാഢ നിനക്കേകിയ ശുഭ്ര വസ്ത്രങ്ങളും
ജനംവിശുദ്ധമാക്കി
നെഞ്ചിലേറ്റുംപൊൻകൂടുപണിതുയർത്തിവയ്ക്കും
ഒടുവിലെന്റെയൊടുക്കത്തെപ്പിടച്ചിലും രസിച്ചു നീയെന്നെ
ഒരു വെറും ശവമായെങ്കിലും വിട്ടു വയ്ക്ക വെടിയുക
ആരെങ്കിലുമൊരിക്കലെൻ നിരപരാധിത്വമറിഞ്ഞു
ഒരു ചെറു കുഴിയൊരുക്കിയെനിക്കു നിത്യ ശാന്തിയേകിയെങ്കിൽ
പിന്നെ, കാലമൊന്നും നിലയ്ക്കാതെയെന്റെ പ്രഭു ഭവനത്തിങ്കൽ
കരുണയിൽ ലയിച്ചു ഞാൻ വീണ്ടെടുക്കുമെന്നിൽ നശിച്ചതെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

1 അഭിപ്രായം:

  1. വഴി തെറ്റി വന്നതാണു ഞാനേതോ
    പാപഗ്രഹത്തിൽ നിന്നുമീ ഭൂവിലേക്ക്

    നല്ല കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...