2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

സ്വപ്ന സൂചകം

തുളുമ്പാൻ തുടിക്കുമൊരു
ചെറുകുളത്തിൽ നിന്നൊരിക്കലെങ്കിലും
മുങ്ങിയൊരായിരം മുത്തെടുക്കുവാനു-

ള്ളിലെ കടുംതാപമൊടുക്കുവാൻ

ചിണുങ്ങിപ്പെയ്യുമൊരു മഴയത്ത്
കാറ്റടിയേറ്റൊന്നു നന്നായ് വിറച്ച്
നനുത്ത സ്വപ്നങ്ങളും നേർത്ത വർണ്ണങ്ങളും
ഇടകലർന്നാടുവാൻ

പഴയ പാടവരമ്പും ഞണ്ടും കൊറ്റിയും
ഞാവൽമരത്തണലും കടന്ന്
മുക്കുറ്റി തഴുതാമ തകര താളെന്നി-
ങ്ങനെയൊരു ബാല്യമോർക്കുവാൻ

ഗണിച്ചെങ്കിലെന്റെ സമൂഹമെന്നെ-
യൊരിക്കലെങ്കിലും പന്തിയിൽ
ഒതുക്കി വയ്ക്കാതെ നല്ലൊരുരുള
നൽകിയെന്നും തുല്യനായ്

കാതുകുത്ത്, തിരണ്ടുകുളി, പുരകെട്ടു
കല്യാണമെന്നിങ്ങനെയൊന്നൊന്നായ്
നിങ്ങളൊന്നായ് മേളിക്കും നൽ മുഹൂർത്ത-
ങ്ങളിലൊരിക്കലെങ്കിലും
വെറുമൊരു കാഴ്ച്ചക്കാരന്റെ വേഷത്തി-
ലെങ്കിലുമെന്നെയെന്റെ ദേശം
കൂടിയിരുത്തിയൊന്നായ് കണ്ടു
ഇറ്റുകഞ്ഞിത്തെളിയെങ്കിലുമേകിയെങ്കിൽ

പൂക്കാതെ പോവുന്ന വസന്തങ്ങളൊക്കെയും
നഷ്ടമല്ലയവയിനിയുംഎന്നിലൊടുങ്ങാത്തയൊരു
ഘോഷമായ് തിമിർത്തു വരുമെന്നു നിനയ്ക്കുവാൻ

ഇല്ല തികച്ചുമിനിയൊരു നാഴികപോലും
ബാക്കിയെന്നിലെന്നറിയവേ
എങ്കിലുമുയിർക്കുന്നു മോഹങ്ങളെത്ര
കെട്ടിവെച്ചു തഴുതിട്ടൊതുക്കിലും

അറിയുന്നു ഞാൻ എന്റെ സ്വപ്നങ്ങൾക്കും
ജീവനുണ്ട്, ദേഹമുണ്ട്
ആടാതെ പോയ ഓരോ വേഷവും
ഓർമ്മയുണ്ട്, അക്കമുണ്ട്

ഇനിയൊരു നാൾ ഒരരങ്ങു പോലും കാണാതെ
നറു നെയ്യൊഴിച്ചൊരു ആട്ടവിളക്കേറ്റാതെ
ആദ്യാന്തം മുനിഞ്ഞു കത്തും തിരിയുമായ്
ഞാൻ കെട്ടു പോകിലും
എന്റെ സ്വപ്നങ്ങൾ ജ്വലിച്ചേ നിൽക്കുമെന്നുമൊരു
വ്രണിത സൂചകമായ് പാരിതിൽ

എന്റെ കല്ലറ എന്റേതുമാത്രമായിരിക്കു-
മതിലൊരിക്കലും ശേഷിക്കില്ല
ഒരുപിടി കറുത്ത സ്വപ്നങ്ങളും
വിടരാത്ത മോഹങ്ങളും കുരുക്കാത്തയാശകളും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2 അഭിപ്രായങ്ങൾ:

  1. ഇല്ല തികച്ചുമിനിയൊരു നാഴികപോലും
    ബാക്കിയെന്നിലെന്നറിയവേ
    എങ്കിലുമുയിർക്കുന്നു മോഹങ്ങളെത്ര
    കെട്ടിവെച്ചു തഴുതിട്ടൊതുക്കിലും


    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  2. നിങ്ങളുടെ കവിതകൾ നന്നായി അനുഭവപ്പെടുന്നു .... ഞാൻ നിങ്ങളെ ബ്ലോഗ്ഗര്മാർക്കിടയിൽ പരിചയപ്പെടുത്താൻ പോകുകയാണ് .... മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ . കാണുക

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...