2013, ഡിസംബർ 17, ചൊവ്വാഴ്ച

സ്വപ്നം


പാഴ്മോഹങ്ങളുടെ ഭാണ്ഢമഴിച്ച്
പതിരെല്ലാം ശുദ്ധിചെയ്തൊടുക്കണം
കനിയാത്ത മുലപ്പാലിനു പകരംവെച്ച
കണ്ണുനീരുപ്പൊന്നുകൂടി അയവിറക്കണം
കനൽമഴ പെയ്ത ബാല്യങ്ങളിൽ
കരയാൻ മറന്നതെല്ലാം തീർക്കണം
ബന്ധുജനങ്ങൾ പകുത്തുതന്ന വെറുപ്പിന്റെ
വെന്തുതീരാത്ത പകുതിയിനിയുമെരിക്കണം


ദുരിതം വിളയുന്ന താഴ്വരകളിൽ
ദയയില്ലാത്തൊരു മകരക്കൊയ്ത്ത്
പടിയടച്ച് പുണ്യാഹം തെളിച്ച പടവുകളിൽ
പാതിരാവിലൊറ്റയ്ക്കൊരു പുലഭ്യപ്പാട്ട്
തിരിമുറിയാതെ തിമിർത്ത് പെയ്യവേ
തകര,താളുപോലും തിന്നാതെയൊരു കൂത്ത്
ഭ്രമങ്ങളടിഞ്ഞ നീർത്തടങ്ങളിൽ
ഭയംവെടിഞ്ഞൊരു പകൽ നായാട്ട്
ചട്ടം ചമച്ച തമ്പുരാന്റെ ഇല്ലത്ത്
ചായം തേയ്ക്കാതെയൊരു വിധിയെഴുത്ത്
കാലൻകോഴി നീട്ടിക്കൂവുന്നതിനും മുമ്പേ
കണ്ടുതീരാത്ത സ്വപ്നങ്ങൾക്കൊക്കെയും സ്വസ്തി

---------------------

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...