2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഒസ്സ്യത്ത്


എന്റെ മരണശേഷം
നിന്റെ വെറുപ്പിന്റെ ജലത്തിലെന്നെ
നന്നായ് കഴുകിയെടുക്ക
എന്റെ ചലനം നിഷേധിച്ചവർക്ക്
കൺപാർക്കുവാനെന്നെ
മൂന്നു നാൾ വിട്ടേക്കുക
ഒപ്പീസുചൊല്ലാൻ മറുത്ത
പുരോഹിത ശ്രേഷ്ടനു
അന്ത്യോപചാരത്തിനെന്നെ
വലിച്ചെറിഞ്ഞ് കൊടുക്ക
വിലാപയാത്രയിൽ
വിശുദ്ധ വചനങ്ങൾ വെടിഞ്ഞ്
എന്നെ പഴിക്കുക,യെന്നിൽ
അപവാദങ്ങൾ പാടുക
തെമ്മാടിപ്പറമ്പിന്റെ
തെക്കൊരു മൂലയിൽ
ആഴത്തിലെനിക്കായ്
കുഴിയൊരുക്കുക
ഒടുവിൽ, കൈതൊടാതെയെന്നെ
ഇറക്കി വെയ്ക്കുക
എന്റെ മുഖമെഴുത്തിൽ കോറിയിട്ട
വെറുക്കപ്പെടേണ്ടവനെന്ന
സുവിശേഷം മാത്രം മറയ്ക്കാതെ
എന്നെക്കിടത്തുക
പ്രണയമായിരുന്നെനിക്ക് പകലിനെ
പെരുമഴയെ പുൽച്ചാടിയെയെന്ന
കവിതാ ശകലം കൂട്ടിനു വിട്ടേക്കുക
ഇനി മൂന്നു പിടി മണ്ണുവാരിയെടുത്ത്
വെറുപ്പും വിദ്വേഷവും വൻപകയും
സമം ചേർത്ത് കുഴച്ച് എന്നിൽ
ശക്തമായ് കോരിയിടുക
പിന്തിരിഞ്ഞു നോക്കാതെ
പുറപ്പെട്ട് പോവുക
ആണ്ടിലൊരിക്കലെങ്കിലും
ഉറപ്പു വരുത്തുക
പറയാതെ പോയ വാക്കുകളേതെങ്കിലും

കവിതയായ് അത്രയെന്നിൽ
പുനർജ്ജനിച്ചിട്ടില്ലെന്നു

ooooooooooooooooooooooo

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...