2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

മരണപ്പിറ്റേന്നു പൂക്കുന്ന ഗുൽമോഹർ
നാല്പതാണ്ടെന്നെ കൂകിയാട്ടിയ നഗരമേ
ഇന്നീയൊടുക്കത്തെ നാഴികയുമൊഴിഞ്ഞ വേളയിൽ
എന്റെ ശവമഞ്ചത്തിലേക്കു നീ കണ്ണീർ പൊഴിക്കായ്ക
വസന്തം പിറക്കാനിടയുള്ളയോരോ ജാലകപ്പഴുതും
ചാണകവറളിയാൽ ചേർത്തടച്ച സതീർത്ഥ്യരേ
കുന്തിരിക്കം പുകച്ചെന്റെ മരണം പുണ്യമാക്കായ്ക
പുലഭ്യം പറഞ്ഞെന്നിൽ വ്യഭിചാര വൃത്താന്തം
പുലരുവോളം കൊട്ടിഘോഷിച്ച രസനയൊന്നു പോലും
പള്ളിമേടയിൽ കയറിയെന്നെ പുകഴ്ത്തായ്ക
പകരാൻ കൊതിച്ച വാക്കൊന്നു പോലും
പകലന്തിയോളം കേൾക്കാതെ കാക്കാതെ, ശേഷം
മൗനവ്രതത്തിനിടയ്ക്ക് പൊട്ടിയൊഴുകുന്ന
കവിതയെന്നിൽ കുളിരു ചൊരിഞ്ഞിരുന്നെന്ന് നീ
മാധ്യമ വേദിയിൽ പടിഞ്ഞിരുന്ന് ഭള്ള് പറയായ്ക
ജീവിതക്കയ്പ്പിലേക്കെന്നെയടർത്തിയ അമ്മിഞ്ഞ ഞെട്ട്
കയ്യിലെടുക്കാനൊരിക്കലും കിട്ടാതെ പോയ മഷിത്തണ്ട്
കവിതയേക്കാൾ ചില മാത്രയെങ്കിലും കൊതിച്ച നീല ഞരമ്പ്
മൂന്നും സമം ചേർത്തെന്നെ പുതപ്പിക്കയൊടുക്കുക
മൂന്നാം പക്കമെന്നെയോർക്കാതെ വിളിക്കാതെ
പുതു കാവ്യോത്സവത്തിനു നീ തിരി കൊളുത്തീടുക
0000000000000000000000000000

1 അഭിപ്രായം:

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...