2020, ഏപ്രിൽ 1, ബുധനാഴ്‌ച

പുണ്യ ദേഹങ്ങളിൽ പുഴുക്കൾ മേയുന്നു



ചത്ത കോഴിയെ ഊതിപ്പറപ്പിക്കുന്നോൻ
സൂര്യനു കീഴിലെയാധിയൊക്കെയും
മന്ത്രിച്ച് തുപ്പി ഉഴിഞ്ഞെടുക്കുന്നവൻ
കോഴിമുട്ടയിൽ ഇസ്മെഴുതി
പിഞ്ഞാണക്കോപ്പയിൽ അറബിമഷിയിട്ട്
അശരണരുടെ കണ്ണീരിൽ കനകം കൊണ്ടോൻ
ചുവപ്പ് രാശി കൽപ്പിച്ച നാൾ തൊട്ട്
മാളത്തിലൊളിച്ച് മിണ്ടാട്ടമറ്റാണ്ട് പോവുന്നു

ചേട്ടയെച്ചെകുത്താനെ ചൊൽപ്പടിയിലാക്കി
കെട്ട കൊമ്പൊടിച്ച് കാഞ്ഞിരത്തിൽ തളച്ച്
കളം വരച്ച് ഉറഞ്ഞ് തുള്ളി സ്വയം നാഥനായോൻ 
വെള്ളരിയിൽ മുള്ളാണിതിരുകി, വെറ്റിലത്തൂമ്പിൽ
തിരുനൂറു പുരട്ടി, തിലകം ചാർത്തിയോൻ
പൂട്ടിട്ട നാൾ തൊട്ട് പുരയകം പൂണ്ട് പുത്തരിയും
പുണ്യാഹവുമില്ലാതെ ചൊറികുത്തിയിരിക്കുന്നു

ദിവ്യബലിയിൽ സാത്താനെയലിയിച്ച്
അൽത്താരയ്ക്കുമുന്നിൽ അവതാരവേഷം ധരിച്ച്
കുഞ്ഞാടുകൾക്കൊക്കെ കുമ്പസാരക്കൂടൊരുക്കി
അഞ്ചപ്പംകൊണ്ടൂട്ടിയതും കടൽ പിളർത്തിയതും
വെഞ്ചെരിപ്പിനു, കൂദാശയ്ക്ക്, കുരിശുനാട്ടിനു
ബലം കൊണ്ടോനെന്ന് മേനി നടിച്ചവൻ
കതകിനു പിറകിലൊരു രേഖ കൊത്തിയതിൽപ്പിന്നെ
ഉടുപ്പഴിച്ചുത്തരത്തിലിട്ട് അവലോസുരുട്ടുന്നു

കൊണ്ട കോലങ്ങളിൽ കുതുകമില്ലൊട്ടുമേ
ഇക്കണ്ട ദുർവൃത്താന്തമൊക്കെയുമാടുമിനി മേലിലും
പാപിയെന്ന് മുദ്രകുത്തി പരന്റെയൊക്കെയും
പിഴിഞ്ഞെടുത്ത് പൊന്നറയിലാളുന്ന കാലമാകവേ
തളച്ചത് താനാണു മഹാമാരിയെയെന്ന് ഞെളിയുകിൽ
നാക്കു വലിച്ചെടുത്ത് ചുഴറ്റിയെറിയുമിത് കട്ടായം
മസ്തിഷ്കം പുഴുതിന്നാത്ത യുവതയൊന്നിനെ കാക്കുക
0000000000000000000000000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...