2020, ഏപ്രിൽ 11, ശനിയാഴ്‌ച

കുന്തിച്ചിരിക്കുന്നവന്റെ നിന്ദാസ്തുതി



ഉന്മത്ത ജീവിതം കൊട്ടിഘോഷിക്കുന്ന
ഭ്രാന്ത ശൈലങ്ങൾക്ക് കാവലാകുവാൻ
മുക്കോടിയാണ്ടവരെ പൂവിട്ട് മൂടുന്ന
ജാതി മരങ്ങൾക്ക് ജീവജലമൂട്ടുവാൻ
ഉടലാഴങ്ങളിലൊക്കെയും മധു പൂത്ത്, വീണ്ടും
ഇടവഴികളിൽ ഇക്കിളി കൊയ്യും കൂട്ടരെ
നിർവ്വികാര മൊഴികളിലേക്ക് പകർത്തുവാൻ
എന്നെ, എന്നെമാത്രം ജീവിത രേഖയിൽ
മുദ്ര ചാർത്തി വാതിൽപ്പടിയിൽ കെട്ടിയിട്ടേക്കുക

പൂക്കുവാൻ കായ്ക്കുവാൻ ഉൾപ്പുളകമാകുവാൻ
പിൻനിരപ്പോത്തിനെ വരെയൊരുക്കി
പകലൊക്കെയും വ്യഥമോന്തി നീന്തിക്കയറിയ
പശിജന്മമെന്നെ തെരുവിലേക്കെറിയുക
പാതിരാവൊക്കെയും വസന്തം മൊത്തിക്കുടിച്ച്
പട്ടാപ്പകൽ പരധാരങ്ങളിൽ പേക്കൂത്ത് കൊണ്ട്
പള്ളിമേടകളിൽ വാഴ്ത്തപ്പെട്ടവരാക്കുവോരെ
പാർത്ത് കൊതികൊള്ളുവാനെന്നെ കാലമൊക്കെയും
പതിയാക്കി വെയ്ക്കുകയൊരു പേട്ടെരുമ തന്നുടെ

വിധിവിപരീതമായൊന്നും വന്നു കൂടുകയില്ല
കുറിച്ചിടപ്പെട്ടതല്ലാതുലകിൽ ഇളകിടില്ല
നിശ്വാസമൊന്നുപോലും പാരിൽ ഭവിക്കുവാൻ
ഭവാന്റെ കാരുണ്യമില്ലാതൊനുമില്ല,യെന്നായ്
ഗതികേടെന്റേതവിടുത്തെ കൃപയിലൊന്നെന്ന്
തത്വജ്ഞാനം മൊഴിയുന്ന തിരുവായിലിത്തിരി
ഗന്ധകവും തുരിശും കൂട്ടിക്കുഴച്ചിട്ട് തീ പകരുന്നു
അവനമൃതുമടിയനു കയ്പുനീരും കാലമെല്ലാമെന്ന്
കൃപ ചെയ്യുമീശനു തെക്കുനോക്കി നിന്ദാസ്തുതിയിടുന്നു

==================================






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...