2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ചുട്ട് കൊല്ലുമ്പോഴും ചൂരക്കറി തിളയ്ക്കുന്നു



വേദങ്ങളിൽ പെരുമഴപെയ്യുന്ന തൃസന്ധ്യയിൽ

എന്റെ സിരകളിലേക്ക് മൗഢ്യം കുത്തി വെക്കുക

വേരുകളിൽ കാളകൂടം വേവു നോക്കുന്ന ആലയങ്ങളിൽ

എന്റെ കാതുകളിൽ ഈയമുരുക്കി ഒഴിക്കുക


വയലുകളിൽ ജാതി പൂക്കുകയും തെരുവുകളിലെന്നും

മത സൗഹൃദ നാടകം അരങ്ങേറുകയും ചെയ്യുന്ന

കറുത്ത വെള്ളിയിൽ എന്നെ കുരിശേറ്റുക, കൊല്ലുക

ഉയിർത്തെഴുന്നേല്പ്പിനു പഴുതില്ലാതെയൊടുക്കുക


ചുട്ട ഉണക്കമത്സ്യത്തിന്റെ വിലനിലവാരത്തിലേക്ക്

എന്റെ സദസ്സുകളെ കെട്ടി ഉയർത്തുകയും

ബൊളീവിയൻ കവിതയുടെ വൃത്ത രാഹിത്യത്തിലേക്ക്

നിന്റെ സായന്തന ചർച്ചകളെ ഒതുക്കുകയും ചെയ്യുന്ന

വിധി മഹത്വത്തിനു ഹാലേലുയ പാടുക, വാഴ്ത്തുക


നടപ്പുദീനം, നട്ടെല്ല് തുളയ്ക്കുന്ന വേദന പെയ്യുമ്പോഴും

യോനിത്തടം മാത്രം ദൃഷ്ടികോണാവുന്ന നാളുകളെ

സ്ത്രീ സുരക്ഷാ കാലമെന്ന് കൊണ്ടാടുക, കൊടി കെട്ടുക

ഒടുവിൽ, നിന്റെ മാധ്യമക്കസർത്തുകളിൽ സുശക്തം

ഭരണ, പ്രതിപക്ഷ വീഴ്ചകളിൽ ചെളിവാരിയെറിയുക

അന്നുമെന്റെ കവിതകളിൽ  അഭയമാവുക, പെണ്ണാവുക

അവിടെ, അവിടെ മാത്രമാവും നീ കത്തി നില്ക്കുക

xxxxxxxxxxxxxxxxxxxxxxxxxxxxxxxx







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...