2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

കുഴിമാടത്തിലേക്ക് നീക്കിവെക്കുന്നത്

 


വസന്തം വ്യഭിചരിക്കുന്ന മഴക്കാടുകളിൽ

ദാഹജലം നിഷേധിച്ചെന്നെ കീഴ്ക്കാം തൂക്കിടുക

നരിച്ചീറുകൾ കുങ്കുമം കാക്കുന്ന താഴ്വരകളിൽ

ഒരു കനൽക്കട്ട പോലുമേകാതെന്നെ പട്ടിണിയാക്കുക


മന്ത്രമോതി നാക്കരിയുന്ന പൗരോഹിത്യ പീഡകളിൽ

നാല്പതാവർത്തി പശ്ചാതപിക്കും കുമ്പസാര മേടകളിൽ

നോവൊടുങ്ങി നാളായും നോട്ടെണ്ണുമാതുരാലയങ്ങളിൽ

ഒരു കഠാരയെങ്കിലും തന്നെന്നെ പ്രവാചകനാക്കുക


അക്ഷരങ്ങളിലാകാരമൊളിപ്പിക്കുന്ന കവിതകളിൽ

അകക്കണ്ണു പൊത്തിയെന്നെ ഇരുട്ടിനു നേദിക്കുക

വാക്കുകളിൽ ലിംഗഭേദവും വടിവവും പേറുന്ന കൃതിയിൽ

നോവു വാറ്റി കരളു കുറുക്കി കൊണ്ടതൊക്കെയും ചുടുക


നിന്റെ നിലാപ്പെയ്ത്ത് കൊള്ളുവാനായല്ല ഞാനൊട്ടും

ചലം വാർന്നയെൻ പുണ്ണുകളെ തെരുവിനു ബലിയേകുന്നത്

എങ്കിലും തെല്ലില്ലാതെയില്ല, മുറിവട്ടത്തിലൊരു മാത്ര

ഈച്ചയാർത്ത് ഉണ്ണികൾ കൂവിവിളിച്ച്, കൊഞ്ഞനം കാട്ടി

എന്റെ നരക കീർത്തനങ്ങളാലപിക്കുന്നത് കാണുവാൻ


നീ ആസ്വദിച്ച് കവിൾക്കൊണ്ടാലുമില്ലെങ്കിലും, പ്രിയതേ

കവിതയിൽ നിന്ന് കാടുകടത്തപ്പെടുന്നതെന്റെ

ഒടുക്കമാണെന്നറിവിൽ എന്റെ കൈത പൂത്തോട്ടെ

മൂന്നാളുമാത്രം ചുമക്കുമെന്റെ ശവമഞ്ചം പുതയ്ക്കുവാന്‍ 

കാട്ടുകോഴി പോലും നോക്കാത്ത കുഴിമാടം തീണ്ടുവാൻ

അപഹസിച്ച് വികൃതമാവാതെയെന്റെ വാക്ക് വെന്തോട്ടെ

0000000000000000000000000000000000000000
























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...