2021, മാർച്ച് 16, ചൊവ്വാഴ്ച

കടുകു പാടങ്ങളിൽ കുന്തിരിക്കം പുകയുന്നു



സ്വപ്നങ്ങൾ ചുട്ടെരിച്ച പാടങ്ങളിൽ

കടുകെറിഞ്ഞ്, മുളപൊട്ടുന്നത് കാത്ത് കിടക്കുക

കുഴി തോണ്ടിയടക്കുവോളം കുത്തി നോവിച്ച്

കല്ലറയ്ക്ക് മുകളിലൊരു കള്ളിച്ചെടി നടുക

കാലിലെ തുടൽ നോക്കി കണ്ണീരൊഴുക്കുമെന്നെ

കാഞ്ചനക്കൂടിന്റെ മഹത്വമോതി കണ്ണുകെട്ടുക

കൊടി പറപ്പിക്കുന്നവർക്കിടയിൽ കുനിച്ച് നിർത്തി

പൂത്തൊടുങ്ങിയ പിൻ പറുദീസ ഇറങ്ങുമെന്നോതുക


കുന്തിരിക്കം പുകയുന്ന ശൈഖു പള്ളിയിൽ, പാതിരാ

കുത്ത് റാത്തീബ് തീരുവോളമെന്നെ ഇളകാനിരുത്തുക

റൂഹാനി കൂടിയെന്ന മഷിനോട്ട വായന പെരുപ്പിച്ചോതി

ആവണക്കെണ്ണയിൽ ആര്യവേപ്പിലയരച്ച് പച്ചയ്ക്ക് തീറ്റുക

മസിരിപ്പിഞ്ഞാണത്തിലറബിമഷിയിലിസ്മെഴുതി രാവിലെ

വെറും വയറ്റിൽ അന്നനാളം കറുക്കുവോളം കുടിപ്പിക്കുക

ചൊല്ലിയ കീർത്തനങ്ങളുടെ സ്വരസ്ഥാനം തെറ്റിയെന്ന്

തിരണ്ടി വാലിൽ മടുപ്പിറങ്ങുവോളമെന്നെ സ്വർഗ്ഗസ്ഥനാക്കുക


നട്ടുച്ചയ്ക്ക് കനലു വിഴുങ്ങി തീ കായുമെന്നെ, മതം മോന്തി

അത്തറു മണമുള്ള മുന്തിരിച്ചാറു കക്കാൻ കെട്ടിവലിക്കരുത്

പശമുക്കാനെന്ന് കഞ്ഞിത്തെളി വാങ്ങി പശിമാറ്റുമെന്നെ

നിന്റെ നോമ്പിന്റെ പോരിശയോതി പ്രീണിപ്പിക്കുകയുമരുത്

എന്റെ കവിതകൾ ഇങ്ങനെയേ ആവൂ, കരളിൽ നിന്ന് ചുരണ്ടിയത്

അതിൽ പോത്തിറച്ചിയും പത്തിരിയും പരതരുത്, പരിഭവമരുത്

ഉലയിലിട്ട് കാച്ചിയാലേ ചേലൊത്ത കവിത വിരിയൂ എന്നായ്

ജീവിതപ്പെരും കയ്പ്പ് തീരുവോളം വെന്തെരിയാൻ മാത്രമായ്

ജനിതക ഘടനയെന്റേത് തീർത്തോനു സ്വസ്തിയേകട്ടെ ഞാൻ 

00000000000000000000000000000000000000000



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...