2022, നവംബർ 14, തിങ്കളാഴ്‌ച

കരിന്തുണികൊണ്ടെന്റെ കണ്ണു കെട്ടിയില്ലായിരുന്നെങ്കിൽ



ഹാ, ഭ്രാന്ത യൗവ്വന പ്രേതാലയ കാലമേ

യാത്രാമൊഴിയോതിയെന്നെപ്പടി കടത്തുക

നോവുകൾ മാത്രം പൂക്കും കടുകു പാടമേ

വറചട്ടിയിലേക്ക് വാഴ്ത്തിയെന്നെ അയക്കുക

പീത പുഷ്പങ്ങളിൽ ചുംബിച്ച് പൂതി തീരാതെ

പാതി വഴിക്കെന്നെ പെരുവഴിയിലിറക്കുക


നിന്റെ ഹേമന്തങ്ങൾ കണ്ടു ഞാനങ്ങനെ

നിദ്രയില്ലാതസൂയയിൽ നീറവേയോമലേ

നരക ദാഹങ്ങളിൽ ഈയമുരുക്കിയൊഴിച്ച് നീ

നോക്കൊന്നു കൊണ്ടുപോലും പ്രസാദിച്ചിടായ്ക

വെറും വാക്കാലാകിലുമൊരു മരുപ്പച്ച കാട്ടായ്ക


അധികാര മുദ്രയാണ്ടവൻ പൊന്നിലമർന്നവൻ

അഗതികൾക്കശരണർക്കു മേൽ നാളൊക്കെയും

അധീശക്കൊടിയേന്തിയോൻ സ്വയം അരചനായോൻ

അവനവസാന ശ്വാസം കൊണ്ട് വീഴവേ കൂവുക

അമാനുഷികനായിരുന്നാശ്വാസമായിരുന്നു, ശാന്തി


ആറ്റ്കൊഞ്ച് ചുട്ട് അരവയർ കഞ്ഞി മോന്തിയോൻ

വാറ്റുചാരായമിത്തിരിക്കൊണ്ട് കവലയിൽ സ്വസ്ഥം

വീണുറങ്ങവേയുണർത്തിക്കുരയ്ക്കുക,യലറുക രൗദ്രം

നീതി വാക്യങ്ങളിൽ പരതുക, പിഴയിടുക, മടിക്കുത്തഴിക്ക

അമൃതേത്ത് കഴിഞ്ഞേമ്പക്കമിട്ട് പള്ളിയുറക്കം കൊണ്ട്

നേരമ്പോക്കിനിത്തിരി സോമരസം  സേവിച്ച്, മദിച്ച്

കവലയിലിറങ്ങിക്കസർത്ത് കാട്ടവേ, മൗനം ഭജിക്കുക

കണ്ണുമൂടിക്കടന്ന് പൊയ്ക്കൊള്ളുക, ജയം പാടുക

തുല്ല്യ നീതിയിലൂറ്റം കൊള്ളുക, പാലിച്ചീടുക സത്യം 

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...