2014, മാർച്ച് 20, വ്യാഴാഴ്‌ച

നിഷേധാത്മക കവിത

 
കവിത നിഷേധാത്മകമാവുന്നുവെന്നും
കാവ്യഭാവം വല്ലാതെ കയ്പുരസമാണെന്നും
പരുക്കൻ വാക്യങ്ങളെന്നും പരിതഭിക്കുന്ന സുഹൃത്തിനു
വസന്ത നിരാസങ്ങളുടെ നിർബന്ധിത വാഴ്വിൽ
വല്ലപ്പോഴും കിനിയുന്ന കനൽ കൊണ്ട വാക്കുകളിൽ
തെല്ലു മധുരം കാംക്ഷിപ്പതെങ്ങനെ സ്നേഹിതാ
അത്രമേൽ സുഖമാർന്ന മഴ ചുറ്റും തിമിർത്തു പെയ്യവേ
ചെറു ചാറൽപോലുമേകാതെ എന്നെയുരുക്കി വാർക്കയിൽ
വിയർത്തൂറുന്ന കവിത വരണ്ടു പോകുവതേ നിശ്ചയം
വിദൂര പ്രതീക്ഷയുടെ ഒടുക്കത്തെ തുരുത്തും മാർഗ്ഗവും
വൻ തിര വന്നൊഴുക്കിക്കളയുന്ന വേളയിൽ
ആഭിചാരങ്ങളിൽ ശരണം തേടേണ്ട ഗതികേടിൽ
കവിത ആചാര ഔചിത്യം വെടിഞ്ഞുയിർകൊള്ളുന്നു
വേവുന്ന ആശയം ചറം പൊട്ടിയൊഴുകിയൊരു
വ്യഥ തീർത്ത വാക്കുകളിൽ വാർത്തു വെച്ചീടവേ
കത്തുന്ന കവിതയല്ലാതെ മറ്റെന്തു തേടേണ്ടൂ
ഇനിയെന്റെ കവിതയുടെ ഉപ്പും രസവുമുൾച്ചേർന്ന്
നാളെയൊരുനാൾ പുതു ഭാവത്തിൽ പുനർജ്ജനിച്ച്
മാലോകരോർത്തു ചൊല്ലുന്ന നൽ കാവ്യമായ് തീരുമന്ന്
എന്റെ പേരും ശരീരവും മണ്ണെടുത്ത് തീരുമെങ്കിലും
അന്നും മരിക്കാതെ നിലകൊള്ളുമെന്റെ നിഷേധാത്മകത

                                                   


 

2 അഭിപ്രായങ്ങൾ:

  1. ചുട്ടു പഴുത്തെഴുതുന്ന കവിത ഒരുനാൾ മാലോകരേറ്റു പാടും എന്ന് വിശ്വസിക്കാൻ തന്നെ എനിക്കുമിഷ്ടം.

    പക്ഷേ ഈ കവിതയ്ക്ക് ആ ഒരു ചൂട് അനുഭവപ്പെട്ടില്ല.
    അവതരണത്തിൽ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. വരികൾക്കിടയിൽ ആവശ്യമായ സ്ഥലത്ത് സ്പേസ് കൊടുക്കുന്നത് ചില വരികൾക്ക് ഊന്നൽ കൊടുക്കാൻ സഹായകമാവും.

    ഈ കവിത തന്നെ ഞാനൊന്ന് ചെറുതായി എഡിറ്റ് ചെയ്ത് അവതരിപ്പിച്ചു നോക്കട്ടെ. ( ഇതെന്റെ താല്പര്യപ്രകാരം മാത്രമാണ്. താങ്കൾക്കിഷ്ടമുള്ള രീതിയിൽ താങ്കൾക്ക് തുടരാം )

    കവിത നിഷേധാത്മകമാവുന്നുവെന്നും
    കാവ്യഭാവം വല്ലാതെ കയ്പുരസമാർന്ന
    പരുക്കൻ വാക്യങ്ങളെന്നും പരിതപിക്കുന്ന സുഹൃത്തിന്.

    വസന്ത നിരാസങ്ങളുടെ നിർബന്ധിത വാഴ്‌വിൽ
    വല്ലപ്പോഴും കിനിയുന്ന കനൽ കൊണ്ട വാക്കുകളിൽ
    മധുരമൊട്ടും കാംക്ഷിക്കായ്ക സ്നേഹിതാ

    അത്രമേൽ സുഖമാർന്ന മഴ ചുറ്റും തിമിർത്തു പെയ്യവേ
    ചെറു ചാറൽപോലുമേകാതെ എന്നെയുരുക്കി,
    വാർക്കയിൽ
    വിയർത്തൂറുന്ന കവിത വരണ്ടു പോകുവതേ നിശ്ചയം
    വിദൂര പ്രതീക്ഷയുടെ ഒടുക്കത്തെ തുരുത്തും മാർഗ്ഗവും
    വൻ തിര വന്നൊഴുക്കിക്കളയുന്ന വേളയിൽ
    ആഭിചാരങ്ങളിൽ ശരണം തേടേണ്ട ഗതികേടിൽ
    കവിത ആചാര ഔചിത്യം വെടിഞ്ഞുയിർകൊള്ളുന്നു.

    വേവുന്ന ആശയം ചറം പൊട്ടിയൊഴുകിയൊരു
    വ്യഥ തീർത്ത വാക്കുകളിൽ വാർത്തു വെച്ചീടവേ
    കത്തുന്ന കവിതയല്ലാതെ മറ്റെന്തു തേടേണ്ടൂ
    ഇനിയെന്റെ കവിതയുടെ ഉപ്പും രസവുമുൾച്ചേർന്ന്
    നാളെയൊരുനാൾ പുതു ഭാവത്തിൽ പുനർജ്ജനിച്ച്
    മാലോകരോർത്തു ചൊല്ലുന്ന നൽ കാവ്യമായ് തീരും;
    അന്നെന്റെ പേരും ശരീരവും മണ്ണെടുത്ത് തീരും;മെങ്കിലും
    അന്നും മരിക്കാതെ നിലകൊള്ളുമെന്റെ നിഷേധം.

    അവസാനമെത്തിയപ്പോൾ മലയാളത്തിലെ ചില കവിതകളുടെ മിശ്രണം പോലെ അനുഭവപ്പെട്ടു എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...