2014, നവംബർ 11, ചൊവ്വാഴ്ച

മുലക്കരം


ഞാൻ നങ്ങേലി
നങ്ങേലിയാരെന്നോ ?
തെരുവിലേക്കിറങ്ങുന്ന ചുംബനങ്ങളും
വഴുക്കുന്ന ആലിംഗനങ്ങളും
സ്വതന്ത്ര രതിപ്രകടന ചിന്തകളും കടന്ന്
ചരിത്രത്തിന്റെ മരവിപ്പുകളിൽ
സ്വയം മറന്നു വെച്ചവൾ
ഒരു മേൽമുണ്ട് പോലും മറുത്ത്
റൗക്കയും മുലക്കച്ചയും നിഷേധിച്ച്
ശരീര വടിവുകൾക്കും വളർച്ചയ്ക്കും
കരം ചുമത്തിയ കാലത്തിന്റെ ഒരേട്
സാമ്പത്തിക അസമത്വം തീർത്ത
ദുഷ് പ്രഭുത്വ മേലാളരുടെ
ഇഛയ്ക്കുമിംഗിതത്തിനുമനുസൃതം
കാലാകാലങ്ങളിൽ മുലക്കരം കെട്ടിയോൾ
ഒടുവിലെന്റെ കിടാത്തിക്കു നൽകാൻ
ഒരു തുള്ളി സ്തന്യം ചുരത്താതെ
ഉടയോനവന്റെ പരവേശമൊടുക്കാൻ
ഒരു തുണ്ടു പോലും നീക്കി വെയ്ക്കാതെ
മുലയൊന്നു വെട്ടിയരിഞ്ഞു നല്ലിലയിൽ
ഉദ്യോഗ മേലാളനു കാണിക്ക വെച്ചവൾ
സ്വന്തം മരണത്തിനുമൊപ്പമൊരു മൗഢ്യ
നീതി വ്യവസ്ഥയെ നാടുകടത്തിയോളൊടുക്കിയോൾ
ഇന്നു ഞാനീ നരകകോണിനുമപ്പുറം
നോക്കിക്കാണുന്നു നിങ്ങൾ തൻ പിത്തലാട്ടങ്ങൾ
മാറു മറയ്ക്കാൻ മാനം കാക്കാൻ
മനുഷ്യനായൊരു നൊടി വാഴാൻ
ചോരചിന്തിപ്പോരെടുത്ത വീരർ തൻ പിന്മുറ
തെരുവിലിറങ്ങിരതി തീർക്കുവാൻ
തമ്മിലുരഞ്ഞ് സ്ഖലിച്ച് തീരുവാൻ
ചെണ്ടകൊട്ടി പെരുമ്പറ മുഴക്കി
ജാതിയും കൊടിഭേദവും മറന്ന്
ഒന്നായ്ത്തീരുന്നയീ വേളയിൽ
പ്രളയമൊന്നു കിനാകണ്ടു ഞാൻ
തുടച്ചെറിയപ്പെടട്ടെ ഓർമ്മയ്ക്കുമപ്പുറം

xxxxxxxxxxxxxxxxxxxxxxxxxxx

1 അഭിപ്രായം:

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...