2019, ജൂൺ 21, വെള്ളിയാഴ്‌ച

ശവദാഹപ്പെരുനാൾ

ധനു ചന്ദ്രികയിൽ നിന്ന്
കർക്കടകപ്പാതിരാവിലേക്ക്‌
ഒരു സ്വപ്നാടനം നടത്തിയിട്ടുണ്ടോ ?
വസന്തങ്ങളുടെ താഴ്‌വരയിൽ നിന്ന്
ഉത്സവപ്പിറ്റേന്നിന്റെ ജീർണ്ണതയിലേക്ക്‌
ഒരു മുങ്ങാംകൂളിയെങ്കിലുമിടണം
കുറുന്തോട്ടിയൊട്ടുമില്ലാതെന്ത്‌
അങ്ങാടി മരുന്നുശാലയെന്നതിൽ നിന്ന്
ഒരു കുറ്റിച്ചൂലുപോലുമല്ലെന്ന്
ഉപബോധത്തെ ഉണർത്താൻ ശ്രമിച്ചിട്ടുണ്ടോ ?
ഞാനെന്നഹന്തയുടെ ഞാണൊടിയാൻ
കണ്ണിമ തുറന്നടയാനെങ്കിലും
മാത്ര വേണ്ടാതെ പോവുന്നു
എഴുതിയ കവിതയിലെ കാമ്പുപോലും
ഏറ്റുചൊല്ലാനാരുമില്ലാതെയുടയും
ഇനിയെന്റെ ജൽപനങ്ങളൊക്കെയും കൂട്ടേ
ഒരു സന്നിപാതജ്വ്രാനന്തര ഭ്രമമായ്‌
മറക്കുക,യത്ര കൽപ്പിക്കാതിരിക്ക
പ്രണയമൊരു പാൽ മധുരമായിരുന്നെന്ന്
ജീവിതം നിറകൺ നിലാവായിരുന്നെന്ന്
നിന്റെ സൗഹൃദമനന്ത സാഗരമെന്ന്
മറ്റു കള്ളത്തരങ്ങളായിരം പ്രിയ സഖേ
കവിതയിലിവനേറ്റി വച്ചിരുന്നതൊക്കെയും
കൂട്ടിപ്പെറുക്കിയൊരു പെരുങ്കുഴിയിലിടുക 
മുകളിലെന്റെ മാംസമിട്ടേക്കുക
ഒടുക്കത്തെ ദാഹമൊടുക്കാനൊരു
ഒതളങ്ങ നാലായ്‌ കീറി വച്ചേക്കുക,യിനി
മണ്ണിട്ടു മൂടുക,യൊട്ടും സഹതപിച്ചീടായ്ക
പിന്നെ,യൊരിക്കലും പിന്തിരിഞ്ഞു നോക്കാതെ
പുറപ്പെട്ട്‌ പോവുക, പേരു ചീന്തിയിട്ടേക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...