2019, ജൂൺ 24, തിങ്കളാഴ്‌ച

പ്രിയനേ,

നിന്നെ സ്നേഹിച്ച അതേ വേളയിൽ
ഈ പൂച്ചയെ പാലൂട്ടി ഞാനിത്ര
പാലിക്കാതിരുന്നെങ്കിലെത്രമാത്രം
ഏകയായ്‌ പോകുമായിരുന്നിന്ന്
വീണു വശംകെട്ട്‌ വെറുക്കപ്പെട്ടവളാകയിൽ


നിന്നെപ്പ്രണയിച്ച അതേ തീവ്രതയിലോമലേ
കവിത ഞാൻ കാത്തുവച്ചില്ലായിരുന്നുവെന്നാൽ
എത്ര കയ്ക്കുമായിരുന്നെന്റെ ജന്മം
കട്ടിലിൽ പണയപ്പെട്ട്‌ കാലമെല്ലാം
കിടക്കേണ്ടവളായ്‌ വിധിക്കപ്പെട്ട നാളിതിൽ


നിന്നെക്കണ്ടു മതിവരാത്ത കണ്ണിമയിലൊക്കെയും
ഒരു തുണ്ടു നീലാകാശം ഞാനെന്റെ നാഥാ
കട്ടെടുത്തു വയ്ക്കാതെ പോയിരുന്നെങ്കിലോ
കെടുകെട്ടവളായിന്നീയിരുണ്ടറയിൽ
ഒടുങ്ങവേ, ജാലകക്കീറിൽ തെല്ലു തെളിയുന്ന
നരച്ച വാനം പോലുമില്ലാതെയായേനെ


നൂറ്റിമുപ്പത്തിരണ്ടാളെന്നിലൊരു പകലിൽ
സഹതപിക്കാൻ വന്ന ആദ്യ നാളു വിട്ട്‌
മർത്ത്യ ജന്മമൊന്നുപോലും പടികടന്നെത്താത്തയീ വെറുത്ത വേളയിലേക്ക്‌
പറിച്ചു നടവേ വെറുതെ കാതോർക്കുന്നു കണവനേ
കടലേഴും താണ്ടിയൊരു കണമെങ്കിലും
നിന്റെയൊച്ചയെങ്കിലുമെന്റെ കാതുതേടി
വരണമതു കണ്മൂടിക്കേൾക്കണം
ആവുവോളം മൊത്തിക്കുടിച്ചതിൻ
നോവു തീരും മുമ്പേയെന്നിൽ
മുനിഞ്ഞു കത്തുന്ന തിരിയൊന്നു
കെട്ടടങ്ങണം, എങ്കിലെൻ പ്രാണനാഥാ
സ്വർഗ്ഗമൊന്നു കാത്തിരിപ്പുണ്ടാമകലെ
മറിച്ചാകിലോ, കാലമെല്ലാം താണ്ടിയ
വൈതരണി തന്നെ വീണ്ടും നീണ്ട്‌
വെറുപ്പിന്റെ ചുനകുടിച്ച്‌ വെന്ത്‌
വേതാളങ്ങൾക്കപശ്രുതി മീട്ടിയുരുകിടാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...