2020, ജനുവരി 4, ശനിയാഴ്‌ച

മീസാൻ കല്ലുവരെയനുഗമിക്കുന്ന രാമനാമം



പടപ്പുറപ്പാടിലാണു
വാക്കുകളൊഴുകിയെത്തുന്ന
എന്റെ കൈവരികളെ
ഒരാൾ നോട്ടമെറിഞ്ഞിട്ടുണ്ട്
ഭ്രമങ്ങൾ പൂക്കുന്ന തലച്ചോറു
പൊതിയാൻ തൂശനിലയെടുത്തിട്ടുണ്ട്
ചിന്തകളിൽ തീപ്പന്തമെരിയുന്നത്
മൂടോടെയെടുക്കാൻ കനൽപ്പാത്രമുണ്ട്
പാട്ടൻ മുപ്പാട്ടൻ കൊണ്ട വഹകളൊക്കെയും
മുച്ചൂടും അരിഞ്ഞെടുക്കാൻ ചിലർ
അരിവാളിനു മൂർച്ച കൂട്ടുന്നുണ്ട്
മൂന്നും കൂടിയിടത്ത് ശാന്തിയോതുന്ന
കാഹളം കെട്ടിയിറക്കാൻ തക്ക
കയറുതേടിപ്പോയവരുണ്ട്
കാവി പുതച്ചവനു കാശൊന്നും വേണ്ട
കുലച്ചിരിക്കുന്നയെന്റോളെയോർത്തവൻ
കൊലച്ചിരി ചിരിച്ച് കൂനിയിരിപ്പുണ്ട്
ഉപ്പു കർപ്പൂരം തൊട്ട് തൊടിയിലെ
ഉപ്പനിരിക്കുന്ന പ്ളാവിനു പോലും
അവകാശം കൊണ്ടവർ കാത്തിരിപ്പുണ്ട്

അതിനപ്പുറം, അവർക്കറിയില്ലല്ലോ
രാവിലെ ദേവനു ചാർത്തിയ തുളസിമാല
പുലരുവോളം കെട്ടിയ പാത്തുവിനെ
എന്റെ സൂറയുടെ തിരണ്ടു കുളിക്ക്
ചന്ദനമരച്ച് ഉറക്കൊഴിച്ച സിന്ദുവിനെ
മാർഗ്ഗം കളിക്ക് മക്കളെയൊരുക്കി വിട്ട്
എന്റെ മകന്റെ മാർക്കക്കല്ല്യാണത്തിനു
കൂട്ടു വന്ന പള്ളിമേടപ്പറമ്പിലെ ത്രേസ്യയെ

മനസ്സിലൊരു കോടി കുടിലത കെട്ടുന്ന
ചെറുവിരലൊപ്പമുള്ള ഞാഞ്ഞൂലിനെക്കണ്ട്
മൈത്രിപൂത്ത് മൈലാഞ്ചിച്ചോപ്പ് തേച്ച്
മുഹബ്ബത്ത് പെരുത്ത് മീസാൻ കല്ലുവരെ
രാമപാഹിമ ജപിച്ചെന്നെയനുഗമിക്കുന്ന
നാരായണ നമ്പീശ നടേശ കുലമുള്ളിടം
നരകമാക്കാൻ പോരെടുക്കുന്ന കാവികുലമറിയുക
ഒടുക്കമതിദൂരമല്ല നിന്നൊടുക്കത്തെ മോഹത്തിനു
ത്രിവർണ്ണക്കൊടിക്കപ്പുറം അത്ര ഉയരമൊന്നും
വച്ചു പൊറുപ്പിക്കില്ല ജനം നിന്റെ കളസത്തെ
=================================


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...